മിഷന്‍ 24; തിരിച്ച് വരവിനായി കോണ്‍ഗ്രസ്, പുനഃസംഘടനയില്‍ സ്ഥാനം കഴിവുള്ളവർക്ക് മാത്രം
കോഴിക്കോട്: തുടർച്ചയായ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ നിന്നും അടുത്ത തവണ ഏത് വിധേനയും കരകയറാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യം. ലക്ഷ്യമിട്ട സംഘടനയേയും മുന്നണിയേയും വിപുലീകരിക്കാനാണ് കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരത്തിലൂടെ കെ പി സി സി ഒരുങ്ങുന്നത്. സംഘടന പുനഃസഘടന അടക്കം എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് പൂർത്തിയാക്കി പാർട്ടി ശക്തിപ്പെടുത്തണമെന്നാണ് ചിന്തന്‍ ശിബിരത്തില്‍ ഉയർന്ന പൊതുവികാരം.

മുന്‍ കെ പി സി സി അധ്യക്ഷന്‍മാർ ഉള്‍പ്പടെ ഇടഞ്ഞ് നില്‍ക്കുന്ന ഒട്ടനവധി നേതാക്കന്‍മാരുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അനുനയിച്ച് ഒപ്പം നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. പാർട്ടിയോ മുന്നണിയോ വിട്ടുപോയവർക്കോ നോ എന്‍ട്രി ബോര്‍ഡ് വെക്കേണ്ടന്ന തീരുമാനത്തിലേക്കും എത്തുകയാണ് പാർട്ടി. കെ മുരളീധരനാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ക്ക് തുടക്കം കുറിച്ച് വെച്ചത്.

യു ഡി എഫ് വിട്ടുപോയ ചില കക്ഷികളെ തിരികെ എത്തിച്ച മുന്നണി വിപുലീകരിക്കാന്‍ പ്രത്യേക തന്ത്രം രൂപപ്പെടുത്തും. ഇതോടൊപ്പം തന്നെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുനഃസംഘടനയും വേഗത്തില്‍ തന്നെ പൂർത്തീകരിക്കും. ഭാരവാഹിത്വത്തിലേക്ക് ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്നത് പ്രാവര്‍ത്തികമായാല്‍, ചിന്തന്‍ശിബിരത്തിന് ശേഷം പാര്‍ട്ടി വന്‍ മാറ്റത്തിനാകും വിധേയമാകുക.

ഗ്രൂപ്പ് മാനദണ്ഡമാവില്ലെന്ന് പറയുമ്പോള്‍ കെ പി സി സി ഭാരവാഹികളുടെ പട്ടികയില്‍ വീതം വെപ്പാണ് ഉണ്ടായതെന്ന പരാതി പാർട്ടിയില്‍ ശക്തമാണ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവർ ചേർന്ന് ചർച്ച നടത്തി അംഗങ്ങളുടെ കാര്യത്തില്‍ ഒത്തു തീർപ്പ് ഉണ്ടാക്കിയെന്നും ഇതിലൂടെ പലർക്കും അവസരം നഷ്ടമായെന്നുമാണ് പരാതി.

2024 ലെ ലോക്സഭ ലക്ഷ്യം വെക്കുമ്പോള്‍ സംഘടനക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് തന്നെയാണ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. മറ്റ് കാരണങ്ങളാലാണ് പങ്കെടുക്കാതിരിക്കുന്നതെന്ന് വ്യക്തമാക്കിയെങ്കിലും അതൃപ്തി മൂലമാണ് മുന്‍ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഇത്തരം സംഭവങ്ങള്‍ നിസാരമാണെന്നായിരുന്നു മുതിർന്ന നേതാക്കള്‍ പങ്കെടുക്കാത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്. വളരെ വളരെ നിസാരമാണ്. ഇത്രയും വലിയൊരു പരിപാടി നടക്കുമ്പോള്‍ മാറിനില്‍ക്കുന്നത് അവര്‍ സ്വയം ആലോചിക്കണം. അവരെ ക്ഷണിച്ചതാണ്. പങ്കെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതില്‍ നമുക്കൊരു ദുഃഖവുമില്ല. ഐ എഎന്‍ ടി യു സി പരിപാടിയില്‍ പങ്കെടുക്കുന്നത് മുല്ലപ്പള്ളിയുടെ ഇഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിർത്തിയായിരുന്നു ദേശീയ തലത്തില്‍ രാജസ്ഥാനിലെ ഉദയ്പൂല്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം സംഘടിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് കേരളത്തിലും പരിപാടി നടക്കുന്നത്. കോഴിക്കോട് നടക്കുന്ന പരിപാടി ഇന്ന് സമാപിക്കും. അഞ്ച് ഉപസമിതികളായി തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉച്ചയോടെ ചേരുന്ന ജനറല്‍ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്യും.












Click it and Unblock the Notifications