എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്തിത്തരണമെന്ന് ഡിവൈഎഫ്‌ഐ; പോലീസില്‍ പരാതി
കൊച്ചി: ലൈംഗികാരോപണക്കേസിൽപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് പരാതിയുമായി ഡിവൈഎഫ്ഐ. എൽദോസ് കുന്നപ്പള്ളിയെ നാല് ദിവസമായി കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഡിവൈഎഫ്‌ഐ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്.
എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് പറഞ്ഞ് പ്രസിഡന്റ് പിഎ അഷ്‌കറാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയ്ക്ക് പെരുമ്പാവൂർ പോലീസ് റെസീപ്റ്റ് നൽകി. നാളെ പെരുമ്പാവൂരിൽ 'പ്രതീകാത്മക തിരയലും' ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നുണ്ട്.

മണ്ഡലത്തിലെ ജനപ്രതിനിധിയായ എൽദോസ് പി കുന്നപ്പിള്ളിയെ കാണാനില്ല. എംഎൽഎ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതിനാൽ താനുൾപ്പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങൾക്ക് എംഎൽഎയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങൾ സാധിക്കുന്നില്ലെന്നും എംഎൽഎയെ കണ്ടെത്തി നൽകണമെന്നും പരാതിയിൽ പറയുന്നു.
'പൊതുജനങ്ങൾ ആശ്രയിക്കുന്ന എംഎൽഎ ഓഫീസ് അടച്ചിട്ട നിലയിലും എംഎൽഎയുടെ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. മണ്ഡലത്തിലെ വോട്ടറും സ്ഥിരം താമസക്കാരൻ എന്ന നിലയിൽ എനിക്കും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾക്കും മണ്ഡലത്തിലെ മറ്റു പൊതുജനങ്ങൾക്കും എംഎൽഎയുമായി ബന്ധപ്പെടേണ്ട ആവശ്യങ്ങൾക്ക് അദ്ദേഹത്തെ കണ്ടെത്താൻ കഴിയാത്ത നിലയിൽ ആണു. ആയതിനാൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് പി.കുന്നപ്പിള്ളിയെ കണ്ടെത്തി നൽകണമെന്ന് അഭ്യർഥിക്കുന്നു'- പരാതിയിൽ പറയുന്നു.
കോൺഗ്രസിന്റെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കു മുന്നറിയിപ്പുമായി കെപിസിസി. പീഡനക്കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 20നകം വിശദീകരണം നൽകണമെന്ന് കെപിസിസി അറിയിച്ചു. പൊതുപ്രവർത്തകന്റെ പേരിൽ കേൾക്കാൻ പാടില്ലാത്ത ഗുരുതര ആരോപണമാണ് ഉണ്ടായത്. വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നും കെപിസിസി വ്യക്തമാക്കി.
എൽദോസുമായി പല തരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പറഞ്ഞു. വിശദീകരണം തേടി ഇമെയിലിൽ കെപിസിസി അയച്ച കത്തിനും എൽദോസ് മറുപടി നൽകിയിട്ടില്ല. മറുപടിക്കായി അനന്തമായി കാത്തുനിൽക്കില്ലെന്നും നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
എൽദോസിനെ സസ്പെൻഡ് ചെയ്യുന്ന കാര്യം കെപിസിസി ആലോചിക്കുന്നുണ്ട്. പാർലമെന്ററി പാർട്ടിയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ കെപിസിസി അംഗമായ എൽദോസ് പാർട്ടിയിൽ ചുമതലകൾ ഒന്നും വഹിക്കുന്നില്ലെങ്കിലും പാർട്ടി അംഗത്വത്തിൽ നിന്നുതന്നെ സസ്പെൻഡ് ചെയ്യുന്ന കാര്യമാണ് ആലോചിക്കുന്നത്. കേസെടുത്തിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളിയുടെ വിവരം ഒന്നുമില്ല. എന്നാൽ തന്റെ ഭാഗം പറഞ്ഞ് സാമൂഹ്യമാധ്യമത്തലിൽ എൽദോസ് കുന്നപ്പിള്ളി പോസ്റ്റ് ഇട്ടിരുന്നു. പരാതിക്കാരുയുടെ സുഹൃത്തിന് വാട്സാപ്പിൽ സന്ദേശം അയക്കുകയും ചെയ്തു.












Click it and Unblock the Notifications