ചക്കിലിയർ സമുദായക്കാർ വീടുപേക്ഷിച്ച് ക്ഷേത്രത്തിൽ കഴിയുന്നത് മദ്യപിക്കാൻ!വിവാദ പരാമര്‍ശവുമായി എംഎൽഎ

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിൽ അയിത്തം നേരിടുന്ന ചക്കിലിയര്‍ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് കെ ബാബു എംഎല്‍എ. ചക്കിലിയര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന് എംഎല്‍എ ആരോപിച്ചു. അംബേദ്കര്‍ കോളനിയില്‍ കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം .

ഗോവിന്ദ പുരത്തെ ചക്കിലിയർ സമുദായക്കാർക്ക് കിടന്നുറങ്ങാൻ പറ്റുന്നില്ലെന്നാണ് പറയുന്നത്. ശരിയാണ് അവർ ക്ഷേത്രങ്ങളിലാണ് കിടന്നുറങ്ങുന്നത്. എന്തിനാണ് മദ്യത്തിൽ വെള്ളമൊഴിച്ച് കഴിക്കാൻ വേണ്ടിയാണ്. എന്നാൽ മാധ്യമങ്ങളാകട്ടെ ഇവരുടെ ചിത്രം വലിയ കാര്യം പോലെ നൽകുകയാണ്- അദ്ദേഹം പറയുന്നു.

cpm

തങ്ങളെ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും വെള്ളമെടുക്കാന്‍ അനുവദിക്കില്ലെന്നുമൊക്കെ പറയുന്നവര്‍ വൈകുന്നേരം അതേ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് മദ്യപിക്കാനാണ് ക്ഷേത്രത്തില്‍ കഴിയുന്നതെന്ന് ബാബു ആരോപിച്ചു. ഇക്കാര്യം വാര്‍ത്തയാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമങ്ങളെയും ബാബു രൂക്ഷമായി വിമര്‍ശിച്ചു.

ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയർ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ചക്കിലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തില്‍ തന്നെയാണ് കഴിയുന്നത്.

അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്ന് ബാബു ആരോപിച്ചു. സിപിഎം ജാതീയതക്കെതിരെ പോരാടിയ പ്രസ്ഥാനമാണെന്നും പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ. ബാബു ആരോപിച്ചു.

അതേസമയം വിവാദമായതിനെ തുടർന്ന് പരാമർശത്തിൽ തിരുത്തലുമായി അദ്ദേഹം എത്തി. ചക്കിലിയർ സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും താൻ കോൺഗ്രസിനെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

English summary
mla's controversial comment on chakkiliya caste in palakkad.
Please Wait while comments are loading...