എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്: അപകടം കഴക്കൂട്ടം ദേശീയ പാതയില്‍
തിരുവനന്തപുരം: മുൻ മന്ത്രി എംഎം മണി എംഎൽഎയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷ് (38)നാണ് പരിക്കേറ്റത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന രതീഷിനെ എംഎം മണിയുടെ കാർ വന്നിടിക്കുകയായിരുന്നു. രാത്രി പത്തരയോടെ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു സമീപം ദേശീയ പാതയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ് റോഡിൽ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടസമയത്ത് എംഎം മണിയും കാറിലുണ്ടായിരുന്നു. എം എം മണിയുടെ ഗണ്‍മാനും പരിക്കേറ്റയാളിനോടൊപ്പം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോയി. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തില്‍വെച്ചു റോഡ് മുറിച്ചു കടക്കുമ്പോഴാണ് രതീഷിനെ വാഹനം ഇടിക്കുന്നത്. എം എല്‍ എ യുടെ വാഹനം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.
അപകടത്തിൽപ്പെട്ട മണിയുടെ കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മറ്റൊരു കാറില്‍ യാത്ര തുടർന്ന എംഎം മണി ആശുപത്രിയിലെത്തി പരിക്കേറ്റയാളെ സന്ദർശിച്ചു.












Click it and Unblock the Notifications