ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് മോദി സർക്കാർ രാജ്യത്തിന്റെ പേര് മാറ്റുന്നത്: എംവി ഗോവിന്ദന്‍
തിരുവനന്തപുരം: മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നത്. മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവർക്കറുടെ നിലപാടാണ് കേന്ദ്രസർക്കാരിന്. അതിന്റെ ആദ്യത്തെ ശ്രമമാണ് ജി20 ഉച്ചകോടി നടക്കുന്ന സമയത്ത് ഇന്ത്യ എന്ന പേരിന് പകരം ഭാരതം എന്ന പേര് ഉപയോഗിച്ചതെന്നും അദ്ദേഹം പറയുന്നു
ഭരണഘടന അനുസരിച്ചാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്ന് നൽകിയത്. സുപ്രീംകോടതി തന്നെ മോദി സർക്കാരിനോട് പേര് മാറ്റേണ്ടതുണ്ടോ എന്ന് ചോദ്യം ഉന്നയിച്ചപ്പോഴും ഇന്ത്യ എന്ന പേര് മാറ്റുന്നില്ല എന്ന നിലപാടാണ് മോദി സർക്കാർ പറഞ്ഞത്. ഇപ്പോൾ പേര് മാറ്റാനുള്ള കാരണം വ്യക്തമാണ്.

ബിജെപിക്കെതിരെ രൂപീകരിച്ച ഇന്ത്യ എന്ന മുന്നണിയോടുള്ള എതിർപ്പ് കാരണമാണ് പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കുന്നത്. പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകങ്ങളിൽ നിന്നും പല ഭാ ഗങ്ങളും മുമ്പും ഒഴിവാക്കി സർക്കാർ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് സവർക്കറുടെ നിലപാടാണ്. ആർ എസ് എസ് നിർമിത ചരിത്രം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഹിന്ദുത്വ വൽക്കരണത്തിലേക്കും ഫാസിസത്തിലേക്കുമുള്ള യാത്രയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ പറയുന്നത്. ഹിന്ദുക്കളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്നും പറയുന്നു. ആ രാജ്യത്തിനായി ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയുമെല്ലാം അട്ടിമറിക്കുകയാണ് സംഘപരിവാർ.
ആർഎസ്എസ് ഗുജറാത്തിൽ നടപ്പാക്കിയ തന്ത്രമാണ് മണിപ്പുരിൽ കണ്ടത്. കലാപങ്ങളിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങളെ വിഭജിക്കാൻ ആർഎസ്എസിനും ബിജെപിക്കും കഴിയുന്നതിന്റെ തെളിവാണത്. മണിപ്പുർ ജനതയെ ആജന്മശത്രുക്കളാക്കിയതിൽ ഒന്നാം പ്രതി ആർഎസ്എസും രണ്ടും മൂന്നും പ്രതികൾ കേന്ദ്ര-മണിപ്പുർ സർക്കാരുകളുമാണ്. രണ്ട് വർഷംകൊണ്ട് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാകും. അഭ്യസ്‌തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കാനുള്ള പ്രവർത്തനത്തിലാണ് സർക്കാർ. ലൈഫിൽ ഇതുവരെ നാലുലക്ഷം പേർക്ക് വീട് നൽകി. സംസ്ഥാനത്തിന് ലഭിക്കേണ്ട 56000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. ഇടത് എം പിമാർ ഒഴികെ ഒരു എംപി പോലും ഇതിനെതിരെ മിണ്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ പലസ്‌തീൻ ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇസ്രയേലിനെ ഇന്ത്യ പിന്തുണയ്‌ക്കുന്നു. ഇസ്രയേൽ പിഞ്ചുകുഞ്ഞുങ്ങളെയടക്കം വേട്ടയാടുന്നു. യുദ്ധനിയമം ലംഘിച്ചാണ് അഭയാർഥി ക്യാമ്പുകളേയും ആശുപത്രികളേയും ആക്രമിക്കുന്നത് . ഇതിന് പിന്തുണ നൽകുന്ന ഇന്ത്യയുടേത് അപകടകരമായ വിദേശനയമാണെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications