ഒരു ഭാരവാഹിത്വത്തിലേക്കുമില്ലെന്ന് മോഹന്‍ലാല്‍? 'അമ്മ' തിരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തി വിട്ട വിവാദ കൊടുങ്കാറ്റിന് പിന്നാലെ അമ്മ ഭരണ സമിതി പിരിച്ചുവിട്ടിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദീഖ് ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. രണ്ട് മാസത്തിനുള്ളില്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഭരണ സമിതി പിരിച്ചുവിട്ട് രണ്ട് മാസമാകാറായിട്ടും ജനറല്‍ ബോഡി വിളിക്കാനോ തിരഞ്ഞെടുപ്പ് നടത്താനോ ഉള്ള ശ്രമങ്ങളൊന്നും സംഘടനയ്ക്കുള്ളില്‍ നടന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി രാജി വെച്ചത്. ഭരണസമിതി രാജിവെച്ചിട്ട് ഒക്ടോബര്‍ 27 ആകുമ്പോള്‍ രണ്ട് മാസം തികയും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പല താരങ്ങള്‍ക്കെതിരേയും ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ജനറല്‍ സെക്രട്ടറി സിദ്ദീഖിനെതിരേയും ആരോപണം ഉയരുകയും കേസെടുക്കുകയും ചെയ്തതോടെയാണ് ഭരണ സമിതി പിരിച്ചുവിട്ടത്. പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്നത് വരെ നിലവിലുള്ള ഭരണ സമിതി അഡ്‌ഹോക്ക് കമ്മിറ്റിയായി പ്രവര്‍ത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. അമ്മ നല്‍കി വരുന്ന മുതിര്‍ന്ന അംഗങ്ങള്‍ക്കും അവശ കലാകാരന്‍മാര്‍ക്കുമുള്ള പെന്‍ഷന്‍ തുക അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് പുതിയ ഭരണ സമിതി അധികാരമേറ്റത്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ സംഘടന പിരിച്ചുവിടുകയായിരുന്നു. അതേസമയം അടുത്ത ജൂണ്‍ വരെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് തുടരാം എന്നാണ് ബൈലോയില്‍ പറഞ്ഞിട്ടുള്ളത് എന്നാണ് സംഘടനയിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാലാണ്് തിടുക്കപ്പെട്ട് ജനറല്‍ബോഡി വിളിക്കാത്തത് എന്നാണ് അദ്ദേഹം പറയുന്നു.
ഇതോടെ ജൂണ്‍ വരെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുക. നേതൃസ്ഥാനത്തേക്ക് വരാന്‍ താരങ്ങള്‍ക്കിടയില്‍ താല്‍പര്യക്കുറവ് ഉണ്ട് എന്നാണ് വിവരം. ഇനിയും പ്രസിഡന്റ് സ്ഥാനത്തേക്കോ മറ്റേതെങ്കിലും ഭാരവാഹിത്വത്തിലേക്കോ താനില്ല എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളോളം അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
കഴിഞ്ഞ രണ്ട് തവണയും മോഹന്‍ലാല്‍ എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ്, ജഗദീഷ് തുടങ്ങിയവരെല്ലാം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ജഗദീഷ്, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങളെല്ലാം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയും അതിജീവിതമാരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications