ഞാന്‍ ബിസിനസ്സുകാരനാണ്, മരക്കാറിന് വേണ്ടി ഒരു ഒടിടി കരാറിലും ഒപ്പിട്ടില്ല; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
കൊച്ചി: പ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏരെനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്റുകളിലെത്തുകയാണ്. നേരത്തെ ചിത്രം ഒടിടി റിലീസ് ചെയ്യുന്നുവെന്ന് പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നിരുന്നു. തിയേറ്ററില്‍ റിലാസ് ചെയ്യണമെങ്കില്‍ നിബന്ധനകളും അദ്ദേഹം വച്ചിരുന്നു. പിന്നീട് ഏറെ നീണ്ടു നിന്ന ചര്‍ച്ചക്കൊടുവിലാണ് മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം വന്നത്.
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. മരക്കാറിന്റെ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മനോരമ ന്യൂസിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിയിലേക്ക് സിനിമ നല്‍കാനിരുന്നതെന്നും എന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ലെന്നും താന്‍ ബിസിനസുകാരന്‍ തന്നെയാണെന്നും 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

താന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അത് തിയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മോഹന്‍ലാല്‍ ബിസിനസുകാരനാണെന്ന് ഫിയോക് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. മരക്കാര്‍ ഒടിടി റിലാസ് ചെയ്യുന്നുവെന്ന് പറഞ്ഞത് ഈ പറയുന്നവര്‍ മാത്രമാണെന്നും തീര്‍ച്ചയായിട്ടും ഓടിടിക്ക് സൈന്‍ ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിലപ്പോള്‍ റിലീസിന് ശേഷം ഒടിടിയില്‍ റിലീസിന് സൈന്‍ ചെയ്തിട്ടുണ്ടാകും. അല്ലാതെ ഡയറക്ട് ഒടിടിയിലേക്ക് ഈ പറയുന്ന ദിവസങ്ങളില്‍ ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിയേറ്റര്‍ റിലീസ് പറഞ്ഞതിന് ശേഷമാണ് സൈന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 43 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നയാളാണ് താനെന്നും ഫ്രീആയിട്ട് അഭിനയിക്കുന്നയാളല്ലെന്നും സിനിമ നിര്‍മ്മിക്കുന്നയാളാണെന്നും അദ്ദേഹം പറയുന്നു.

തീര്‍ച്ചയായിട്ടും ഒരു സിനിമ ഇത്ര ലക്ഷം രൂപ കളയണം എന്ന് കരുതിയിട്ട് എടുക്കുന്നയാളല്ല. എന്നാല്‍ ചെയ്ത വലിയ സിനിമകളില്‍ സാമ്പത്തികമായി നഷ്ടവുമുണ്ടാക്കിയിരുന്നു.കാലാപാനി, വാനപ്രസ്ഥം തുടങ്ങി നിരവധി സിനിമകള്‍ തനിക്ക് സാമ്പത്തികമായി നഷ്ടമുണ്ടാക്കിയിട്ടുണ്ട്. അഭിനയവും ബിസിനസ് ആണ്. 100 കോടിരൂപ മുടക്കി ഒരു സിനിമയെടുക്കുമ്പോള്‍ അതില്‍ 105 കോടി കിട്ടണമെന്ന് ചിന്തിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ ലാല്‍ തങ്ങളെ വഞ്ചിച്ചുവെന്നും തങ്ങള്‍ക്ക് നല്‍കാതെ മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്തുവെന്നുമാണ് തിയേറ്റര്‍ ഉടമകള്‍ നേരത്തെ പറഞ്ഞിരുന്നത്. അത് ആപറഞ്ഞവര്‍ക്ക് മാത്രമേ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളുവെന്നും താന്‍ ഒരു ഘട്ടത്തിലും അത്തരമൊരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. നസീറിനും ജയനും ശേഷവും സിനിമ മേഖലയുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ മനസ്സിലാക്കണമെന്നും മോഹന്‍ലാല്‍ ബിസിനസുകാരനാണെന്നും ഫിയോക്ക് ആരോപിച്ചിരുന്നു. അതിനും അദ്ദേഹം വ്യക്തമായ മറുപടിയാണ് നല്‍കിയത്. ഇനിയുള്ള ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ മുഴുവന്‍ ഒടിടിക്ക് നല്‍കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു എന്നാല്‍ അത് സംബന്ധിച്ച കരാറൊന്നും ഉണ്ടായിട്ടില്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാമെന്നും നഷ്ടം ഉണ്ടായാല്‍ നികത്തണമെന്നാണ് ആന്റണി പെരുമ്പാവൂര്‍ ആദ്യഘട്ടത്തില്‍ ഉപാധി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ സ്വീകരിച്ച നിലപാട്. 15 കോടി മുന്‍കൂര്‍ തൂക നല്‍കാമെന്നും, ആദ്യ മൂന്നാഴ്ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളില്‍ എന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാല്‍ നഷ്ടമുണ്ടായാല്‍ തിയേറ്റര്‍ വിഹിതത്തില്‍ നിന്നും പത്ത് ശതമാനമെന്ന ഉപാധി അംഗീകരിക്കാതിരിക്കുകയായിരുന്നു. ഒരു സിനിമയ്ക്കായി വിട്ടുവീഴ്ച ചെയ്താല്‍ സമാന ആവശ്യം മറ്റ് നിര്‍മ്മാതാക്കളും ഉന്നയിക്കുമെന്നും ഫിയോക്ക് പറഞ്ഞിരുന്നു.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ മുമ്പ് പറഞ്ഞിരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലതവണ മാറ്റിവെക്കേണ്ടിവന്ന ചിത്രങ്ങളില്‍ ഒന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. റിലീസിന് മുമ്പ് തന്നെ ദേശീയ, സംസ്ഥാന അവാര്‍ഡായി ആറ് പുരസ്‌കാരങ്ങളാണ് മരക്കാര്‍ നേടിയത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയിരുന്നു. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. പട്ടണം റഷീദാണ് ചമയം.
Recommended Video

അതേസമയം മരക്കാര്‍ റിലീസിന് മുന്‍പ് തന്നെ സംസ്ഥാനത്തെ തീയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി 75 ശതമാനമാക്കാം എന്ന ധാരണയിലേക്ക് സര്‍ക്കാരും ചലച്ചിത്രസംഘടനകളുമെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കോവിഡ് പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിയേറ്ററിലെ സിറ്റംഗ് കപ്പാസിറ്റി 50 ശതമാനം തന്നെയായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. തിയേറ്ററില്‍ മുഴുവന്‍ സീറ്റിലും ആള്‍ക്കാരെ പ്രവേശിപ്പിക്കണമെന്ന ആവശ്യം പരിഗണനയിലില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയത്. നിലവില്‍ സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. പ്രോട്ടോകോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications