മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാലിന്റെ വഴിപാട്: വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ അപലനീയം; വി അബ്ദുറഹ്മാന്‍
മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരായ ഉയരുന്ന മതപരമായ വിമർശനങ്ങളെ തള്ളി മന്ത്രി വി അബ്ദുറഹ്മാന്‍. ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹ്യ നിരീക്ഷകനുമായ ഒ അബ്ദുള്ള പങ്കുവെച്ച അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഒ അബ്ദുള്ളയുടെ നിലപാടിനെ തള്ളി പാളയം ഇമാം, കബീർ ബാഖവി തുടങ്ങിയ നിരവധി മത പണ്ഡിതന്മാരും രംഗത്ത് വന്നിരുന്നു. പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുകയെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണ്. കേരളം പുലര്‍ത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണം. പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുക. കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ.
മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പ്രായമുള്ള ഒരു മുസ്ലിം സ്ത്രീ മണാലിയില്‍ മക്കള്‍ക്കൊപ്പം വിനോദയാത്ര പോയത് വലിയ പാതകമാണെന്ന തരത്തില്‍ പ്രതികരിച്ച മതപുരോഹിതനെ നമ്മള്‍ കണ്ടു. വിദ്യാര്‍ത്ഥികള്‍ പഠനയാത്രയ്ക്ക് പോകുന്നത് തടയുന്നതുള്‍പ്പെടെയുള്ള നിലപാടുകളും ഉണ്ടായി. ഇത്തരത്തിലുള്ള ഏതൊരു പിന്തിരിപ്പന്‍ നീക്കവും ചെറുക്കപ്പടേണ്ടതാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മത ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് നിത്യ സംഭവമായി മാറി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ കേരളം ഇത്തരം ശക്തികളെ പ്രതിരോധിച്ചു നില്‍ക്കുകയാണ്. മതപരമായ വ്യത്യാസങ്ങള്‍ക്കിടയിലും, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും വിശ്വാസങ്ങളോടുള്ള പരസ്പര ബഹുമാനത്തിന്റെയും ഒരു നീണ്ട ചരിത്രമാണ് കേരള ജനതയ്ക്കുള്ളത്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന മതപരമായ ഉത്സവങ്ങളുടെ ആഘോഷങ്ങളില്‍ ഈ ഒരുമ കാണാം. വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുന്നവര്‍ക്ക് മുന്നില്‍ സമാധാനത്തിന്റെ ഭടന്മാരായി ഇവിടത്തെ ആത്മീയ-രാഷ്ട്രീയ നേതാക്കള്‍ നിലകൊണ്ടിട്ടുണ്ട്. മഹത്തായ ഈ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് പുരോഹിത വേഷമണിഞ്ഞ ചിലർ.
ശബരിമല അയ്യപ്പനെ ദര്‍ശിക്കാന്‍ സന്നിധാനത്ത് എത്തുന്നവര്‍ വാവരെയും ദര്‍ശിക്കാറുണ്ട്. മറ്റൊരു മതത്തിന്റെ ആരാധനാലയത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയവരുടെ കഥകള്‍ ഇവിടെ ഏറെയാണ്. തിരുനാവായയില്‍ വിരിയുന്ന താമരകള്‍ക്ക് സാഹോദര്യത്തിന്റെ കഥ പറയാനുണ്ട്. മുസ്ലിം കര്‍ഷകര്‍ കൃഷി ചെയ്യുന്ന ഈ താമരകളാണ് ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അര്‍ച്ചനയ്ക്കായി കൊണ്ടുപോകുന്നത്. മതമൈത്രിയുടെ അടയാളമാണ് മുസ്ലിങ്ങളുടെ നേര്‍ച്ച ഉത്സവങ്ങള്‍. കൊണ്ടോട്ടി നേര്‍ച്ചയില്‍ സ്വാമി മഠക്കാരുടെ വക വെള്ളിപ്പതാക നല്‍കുന്ന ചടങ്ങ് ഉദാഹരണമാണ്.
മമ്പുറം തങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ച്, കാണിക്ക സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയാണ് ഭക്തര്‍ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ പറമ്പിലേക്ക് തിരിക്കുക. വിജയദശമി നാളില്‍ തുഞ്ചന്‍ പറമ്പില്‍ ആദ്യക്ഷരംകുറിക്കാനെത്തുന്ന കുരുന്നുകളെ സഹായിക്കാന്‍ ഓടി നടക്കുന്ന മുസ്ലിം സഹോദരങ്ങളെ കാണാം. താനൂര്‍ ശോഭപറമ്പിലെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ നിയമിക്കുന്നത് പഴയകത്ത് തറവാട്ടിലെ മുസ്ലിം കാരണവരാണ്.
തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന അവസരത്തില്‍ എനിക്കു വേണ്ടി ഹിന്ദു മത വിശ്വാസികളായ നിരവധി അമ്മമാര്‍ ക്ഷേത്രങ്ങളില്‍ വഴിപാടു നടത്തിയിട്ടുണ്ട്. ഹൃദയങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ഇവിടെ നടക്കുന്നത്. കേരളത്തിന്റെ ഈ മതനിരപേക്ഷ മനസില്‍ വിഷം കലര്‍ത്താമെന്ന് ഒരു പുരോഹിതനും വ്യാമേഹിക്കേണ്ട. ഈ നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ പിന്തിരിഞ്ഞ് ഓടേണ്ടി വരും. മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ സങ്കുചിതവും അപരിഷ്‌കൃതവുമായ പ്രസ്താവന നടത്തിയവര്‍ പൊതു സമൂഹത്തോട് മാപ്പ് പറയണം.












Click it and Unblock the Notifications