'മോൻസന്റെ ഡ്രൈവർ പറഞ്ഞത് നിഷേധിക്കാൻ കഴിയാത്ത വസ്തുതകൾ, സുധാകരനെതിരായ കേസ് പ്രതികാര നടപടിയില്ല'; ഇപി ജയരാജൻ
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവറുടെ മൊഴിയുള്ളത് കൊണ്ടാണ് കേസെടുത്തതെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. സുധാകരൻ പണം എണ്ണി വാങ്ങിയത് തന്റെ സാന്നിധ്യത്തിലാണെന്നതടക്കം നിഷേധിക്കാൻ കഴിയാത്ത വസ്തുതകളാണ് ഡ്രൈവർ പറഞ്ഞത്. ഈ കാര്യങ്ങളിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയ എതിരാളികളോട് പ്രതികാരം തീർക്കുന്ന സമീപനം ഇടതുപക്ഷ സർക്കാരിനില്ലെന്നും ഇപി ജയരാജമ്‍ മാധ്യമങ്ങളോട് പറഞ്ഞു.
'നിഷേധിക്കാൻ കഴിയാത്ത വസ്തുതകളാണ് മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ പറഞ്ഞത്. കെപിസിസി അധ്യക്ഷൻ പണം എണ്ണി വാങ്ങിയത് തന്റെ സാന്നിധ്യത്തിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ മാത്രമല്ല മറ്റ് മൂന്ന് ജീവനക്കാരനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സുധാകരന്റെ ചില ജീവനക്കാരുടെ പേരിൽ മോൻസൻ പണമയച്ചതായും വ്യക്തമായിട്ടുണ്ട്.

മോൻസൻ മാവുങ്കൽ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളിൽ കെ സുധാകരന്റെ കൂടി സാന്നിധ്യമുണ്ടെന്ന വെളിപ്പെടുത്തലിലാണ് പരാതി ഉയർന്നത്. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കപ്പെട്ടത്. ആ ദൗത്യം മാത്രമാണ് പോലീസ് നടത്തിയിട്ടുള്ളത്. ആരേയും അടിസ്ഥാനരഹിതമായ കാര്യം ഉന്നയിച്ച് ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ പ്രതികാരം തീർക്കുന്നവർ അല്ല ഇടതുപക്ഷക്കാരും ഈ സർക്കാരും.
സർക്കാരിനെ വിമർശിക്കുന്നവരോട് യാതൊരു തരത്തിലുളള പ്രതികാര മനോഭാവവും ഞങ്ങൾ പുലർത്താറില്ല. വിമർശനങ്ങളിൽ എന്തെങ്കിലും വസ്തുതകൾ ഉണ്ടോയെന്ന് കൂടി പരിശോധിച്ച് കൊണ്ട് ശരിയായ നിലപാട് സ്വീകരിക്കുന്നവരാണ് ഈ സർക്കാർ. അത്യന്തം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിനാലാണ് അദ്ദേഹത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. പോലീസ് നിയമപരമായി മാത്രമേ പ്രവർത്തിക്കൂ, അത് സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്', ഇപി ജയരാജൻ പറഞ്ഞു.
കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് പണം വാങ്ങുന്നത് കണ്ടെന്നാണ് മോന്‍സന്റെ ഡ്രൈവറായ അജിത്ത് വെളിപ്പെടുത്തിയത്. കേസിലെ പരാതിക്കാരില്‍ ഒരാളായ അനൂപ് തന്ന 25 ലക്ഷം രൂപയില്‍ നിന്നാണ് സുധാകരന് 10 ലക്ഷം കൈമാറിയത്. സുധാകരന് മാത്രമല്ല രാഷ്ട്രീയ, സിനിമാ, മേഖലകളിൽ നിന്നുള്ളവർക്ക് മോൻസൻ മാവുങ്കൽ പണം നൽകുന്നത് താൻ കണ്ടിട്ടുണ്ട്. ഇതൊക്കെ നേരത്തെ തന്നെ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞതാണെന്നും അജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications