മുതിർന്ന നേതാക്കളുമായി ഇനി ചർച്ചയില്ല; കെപിസിസി തീരുമാനം ഇങ്ങനെ..പിന്തുണച്ച് ഹൈക്കമാന്റും?
തിരുവനന്തപുരം; ഡിസിസി അധ്യക്ഷ പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ ഹൈക്കമാന്റുമായി അന്തിമ ചർച്ച നടത്തും. നേരത്തേ സാധ്യത പട്ടിക കൈമാറിയിരുന്നുവെങ്കിലും പട്ടികയെ ചൊല്ലി മുതിർന്ന നേതാക്കൾ ആക്ഷേപം ഉന്നയിച്ചതോടെയാണ് പ്രഖ്യാപനം വൈകിയത്. തങ്ങളോട് കൂടിയോലചിക്കാതെ തയ്യാറാക്കിയ പട്ടികയോട് സഹകരിക്കില്ലെന്നാണ് നേതാക്കളായ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാട്. എന്നാൽ ഇരുവരേയും സമ്മർദ്ദങ്ങൾ യാതൊരു തരത്തിലും വിജയം കാണില്ലെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. വിശദാംശങ്ങളിലേക്ക്

ആഗസ്റ്റ് 15 നകം ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കണമെന്നായിരുന്നു നേരത്തേ ഹൈക്കമാന്റ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെയുള്ളവരോട് പുതിയ സംസ്ഥാന നേതൃത്വം നിർദ്ദേശങ്ങൾ തേടി. ഗ്രൂപ്പ് സമവാക്യങ്ങൾ പടിക്ക് പുറത്തായിരിക്കുമെന്ന വ്യക്തമായ സന്ദേശം നേതാക്കൾക്ക് നൽകിയെങ്കിലും തങ്ങളുടെ നോമിനികളെ കുത്തിനിറച്ചുള്ള പട്ടികയായിരുന്നു ഇരു ഗ്രൂപ്പ് നേതാക്കളും കൈമാറിയത്.

ഇതോടെ ഇത് അംഗീകരിക്കില്ലെന്നും മറ്റൊരു പട്ടിക നൽകണമെന്നും കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു.എന്നാൽ ഇതിന് ചെവി കൊടുക്കാൻ 'ഗ്രൂപ്പ് മാനേജർമാർ' തയ്യാറായില്ല. തുടന്നാണ് മുതിർന്ന നേതാക്കളെ ഞെട്ടിച്ച് ചർച്ചകൾ അനുസരിച്ചുള്ള സാധ്യത പട്ടികയുമായി കെ സുധാകരൻ ദില്ലിക്ക് തിരിച്ചത്. സുധാകരന്റെ അപ്രതീക്ഷിത നീക്കത്തോടെ മുതിർന്ന നേതാക്കൾ ഇടഞ്ഞു.
യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉൾപ്പെടുന്ന പുതിയ സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് പട്ടിക സമർപ്പിച്ചതെന്ന് ഇവർ ഹൈക്കമാന്റിന് പരാതി നൽകി.

ഇതോടെ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ഇടപെടുകയായിരുന്നു. തർക്കമില്ലാതെ പട്ടിക പ്രഖ്യാപിക്കണമെന്ന് അവർ നിർദ്ദേശിച്ചു. സോണിയയുടെ നിർദ്ദേശ പ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി അനുനയ ചർച്ച നടത്തുകയും ചെയ്തു. എന്നാൽ ഇവരെ അനുനയിപ്പിക്കാനുളള നീക്കം ഫലംകണ്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം തങ്ങൾ ഇല്ലേങ്കിൽ സംസ്ഥാനത്ത് പാർട്ടിയിൽ ഒന്നും നടക്കില്ലെന്ന ഗ്രൂപ്പ് അഹന്തയ്ക്ക് മറുപടി നൽകാനാണ് കെപിസിസി നേതൃത്വത്തിൻറെ തിരുമാനം എന്നാണ് വിവരം. ഇനിയും കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നും കൂടുതൽ കൂടിക്കാഴ്ചകളും ചർച്ചകളും കടുത്ത ആശയ കുഴപ്പത്തിന് കാരണമാകുമെന്നും ഇത് പട്ടിക സമർപ്പണം വൈകുന്നതിന് വഴിവെയ്ക്കുമെന്നും നേതാക്കൾ കരുതുന്നു. മാത്രമല്ല പട്ടികയില്‍ ഉള്‍പ്പെട്ടവരെന്ന നിലയില്‍ ചില പേരുകള്‍ ഉയര്‍ത്തിക്കാണിച്ച് മറ്റുള്ളവർക്കെതിരെ പ്രതിഷേധം ഉയർത്തുന്നത് സാധ്യത പട്ടിക മോശമാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണെന്നും നേതൃത്വം കരുതുന്നു.

അതേസമയം നേരത്തേ പട്ടിക സംബന്ധിച്ച് ഹൈക്കമാന്റ് ചില ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. അതുകൂടി പരിഗണിച്ച് കൊണ്ടായിരിക്കും പട്ടിക പ്രഖ്യാപനം. പുതിയ പട്ടികയില്‍ വനിതാപ്രാതിനിധ്യം ഇല്ലാത്തതാണ് ഇതിൽ പ്രധാനം. വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് കെപിസിസി നിലപാട്. ഒരു പക്ഷേ കെപിസിസി കൂടുതൽ വനിതകളെ ഉൾപ്പെടുത്തി ഇതിന് പരരിഹാരം കണ്ടേക്കും. ആവശ്യം ശക്തമായാൽ ഒരു ജില്ലയിൽ വനിത അധ്യക്ഷ ഉണ്ടായേക്കാൻ സാധ്യത ഉണ്ട്.

ചില ജില്ലകളിൽ ചർച്ചകൾ ഒറ്റ പേരിൽ എത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽ ആരെ നിശ്ചയിക്കണെന്നത് ഹൈക്കമാന്റാകും തിരുമാനിക്കുക. എല്ലാ നേതാക്കളുടേയും നിർദ്ദേശവും ഹൈക്കമാന്റ് പരിശോധിക്കും.തിരുവനന്തപുരം, കോട്ടയം, കൊല്ലം, മലപ്പുറം എന്നീ ജില്ലകളിൽ ഇപ്പോഴും ഒറ്റപേരിൽ എത്താൻ സാധിച്ചിട്ടില്ല.ഈ നാല് ജില്ലകളിലെ പേരുകളിൽ നിന്ന് ഒറ്റപ്പേരിലേക്ക് എത്തുമ്പോൾ മറ്റ് ജില്ലകളിലെ പേരുകളിൽ അവസാന നിമിഷം മാറ്റം വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications