'ബിജെപി നടത്തുന്നത് മനുസ്മൃതി ഭരണഘടനയാക്കാനുള്ള നീക്കം'; രൂക്ഷവിമർശനവുമായി ജയരാജൻ
മനുസ്മൃതി ഭരണഘടനയാക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അന്നുമിന്നും ആർഎസ്എസ്സിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രവും മനുസ്മൃതി എന്ന ഭരണഘടനയുമാണ്. അതുകൊണ്ടാണ് ഇന്ത്യയെന്ന പേര് ഉപേക്ഷിക്കുകയും ഭാരത് എന്ന പേര് സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഭരണത്തലവന്മാരായ പ്രസിഡന്റും പ്രധാനമന്ത്രിയും കത്തിടപാടുകൾ നടത്തിയതെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
ആർഎസ്എസ്സുകാരായ സന്യാസി സംഘം ഈയിടെ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച ഭരണഘടന നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഹിന്ദുരാഷ്ട്രമാക്കി ഭേദഗതി ചെയ്യണമെന്നും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇന്ത്യയിൽ ജീവിക്കാം, എന്നാൽ അവർക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നുമുള്ള അപകടകരമായ നിർദ്ദേശങ്ങൾ അടങ്ങിയതാണ് കരട്.സോഷ്യലിസവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഒരുമിച്ച് പൊരുതുക തന്നെ വേണമെന്നും ജയരാജൻ പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എം.പി.മാരെത്തിയപ്പോൾ ഭരണഘടനയുടെ കോപ്പി അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു. അതിൽ മതനിരപേക്ഷതയും സോഷ്യലിസവും കാണുന്നില്ല. പരാതി ഉയർന്നുവന്നപ്പോൾ കേന്ദ്രസർക്കാറിന്റെ മറുപടി ഇപ്രകാരമായിരുന്നു. ''യഥാർത്ഥ ഭരണഘടനയുടെ കോപ്പിയാണ് നൽകിയത്. പിന്നീട് കൂട്ടിച്ചേർത്തതാണ് സോഷ്യലിസവും മതനിരപേക്ഷതയും''.
സ്വാതന്ത്ര്യസമരത്തിലോ ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് ഭരണഘടന തയ്യാറാക്കുന്നതിലോ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് രാജ്യംഭരിക്കുന്നവരുടെ പൂർവ്വ സംഘടനയായ ആർഎസ്എസ്. അന്നുമിന്നും ആർഎസ്എസ്സിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രവും മനുസ്മൃതി എന്ന ഭരണഘടനയുമാണ്. അതുകൊണ്ടാണ് ഇന്ത്യയെന്ന പേര് ഉപേക്ഷിക്കുകയും ഭാരത് എന്ന പേര് സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഭരണത്തലവന്മാരായ പ്രസിഡന്റും പ്രധാനമന്ത്രിയും കത്തിടപാടുകൾ നടത്തുകയും ചെയ്തത്. 2015ൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ട ഭരണഘടനയുടെ ആമുഖത്തിലും സോഷ്യലിസവും മതനിരപേക്ഷതയും ഉണ്ടായിരുന്നില്ല.
സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കം ചെയ്യാൻ 2020ൽ ബി ജെ പി എം.പി.യായ രാകേഷ് സിഹ്ന രാജ്യസഭയിൽ പ്രമേയം കൊണ്ടുവരികയും മറ്റൊരു ബി ജെ പി എം.പി. സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിച്ചാൽ സോഷ്യലിസവും മതനിരപേക്ഷതയും ഭരണഘടനയിൽ നിന്ന് ഒഴിവാക്കി ആർഎസ്എസ്സുകാരായ സന്യാസി സംഘം ഈയിടെ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച ഭരണഘടന നടപ്പാക്കാനാണ് ലക്ഷ്യമെന്നുവേണം അനുമാനിക്കാൻ.
ഹിന്ദുരാഷ്ട്രമാക്കി ഭേദഗതി ചെയ്യണമെന്നും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇന്ത്യയിൽ ജീവിക്കാം, എന്നാൽ അവർക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നുമുള്ള അപകടകരമായ നിർദ്ദേശങ്ങൾ അടങ്ങിയ കരട് ഭരണഘടനാ കോപ്പിയാണ് സന്യാസി സംഘം കേന്ദ്രസർക്കാറിന് നൽകിയത്. ഇത്തരം ആപത്കരമായ നീക്കങ്ങൾക്കെതിരെ നമുക്ക് ഒരുമിച്ച് പൊരുതാം, സോഷ്യലിസവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ.












Click it and Unblock the Notifications