ബിനോയ് വിശ്വം സി പി ഐ സംസ്ഥാന സെക്രട്ടറി; തിരഞ്ഞെടുത്തത് ഏകകണ്ഠമായി
കോട്ടയം: ദേശീയ സെക്രട്ടേറിയറ്റ് അംഗവും എം പിയുമായ ബിനോയ് വിശ്വം സി പി ഐ സംസ്ഥാന സെക്രട്ടറി. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത് എന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ അറിയിച്ചു. ഡിസംബര്‍ 28 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അംഗീകാരം നല്‍കും.
അതേസമയം പാര്‍ട്ടി അര്‍പ്പിച്ച കര്‍ത്തവ്യം പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. സി പി ഐയെ ശക്തിപ്പെടുത്താനും ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് വിമര്‍ശിക്കാറുണ്ടെങ്കിലും മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്‍കിയ പിന്തുണയെ കുറിച്ച് നല്ല ബോധ്യം തനിക്കുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

കാനം രാജേന്ദ്രന്റെ ചികിത്സയ്ക്കായി അമൃത ആശുപത്രിയും ജീവനക്കാരും നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. സി പി ഐയെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് ബിനോയ് വിശ്വം. എഐടിയുസി വര്‍ക്കിംഗ് പ്രസിഡന്റുമാണ്. 2006-2011 കാലത്ത് വി എസ് അച്യുതാന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്നു.
എ ഐ എസ് എഫിലൂടെയാണ് ബിനോയ് വിശ്വം രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് യൂണിയന്‍ ചെയര്‍മാനായും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ അംഗമായും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സിന്‍ഡിക്കേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എ ഐ എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറിയുമായും ബിനോയ് വിശ്വം തിരഞ്ഞെടുക്കപ്പെട്ടു.
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റ്, അതിന്റെ ഏഷ്യാ പസഫിക് കമ്മീഷന്റെ തലവന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 18-ാം വയസില്‍ ആണ് സി പി ഐ അംഗമാകുന്നത്.
രാജ്യസഭ എംപി സ്ഥാനത്ത് ബിനോയ് വിശ്വത്തിന്റെ കാലാവധി ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. നേരത്തെ കാനം രാജേന്ദ്രന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് കാനം രാജേന്ദ്രന്‍ അന്തരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂ മൂലമായിരുന്നു മരണം.












Click it and Unblock the Notifications