ഖേദം പ്രകടിപ്പിച്ചു, പക്ഷെ ഹരിതയുടെ ആരോപണങ്ങള്‍ വീണ്ടും തള്ളി പികെ നവാസ്, തെറ്റിദ്ധരിച്ചതാവാം
കോഴിക്കോട്: സമീപകാലത്ത് മുസ്ലിം ലീഗ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു എംസ്എഫിന്‍റെ വനിതാ വിഭാഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങള്‍. എംഎസ്എഫ് സംസ്ഥാന ആധ്യക്ഷന്‍ പികെ നവാസിനെതിരെ പരാതിയുമായി ഹരിത അംഗങ്ങള്‍ വനിത കമ്മീഷനെ സമീപിച്ചത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചേരി തിരിവിന് ഇടയാക്കുകുയം ചെയ്തിരുന്നു. സംസ്ഥാന സമിതി യോഗത്തില്‍ വനിത അംഗങ്ങള്‍ക്കെതിരെ പികെ നവാസ് അടക്കമുള്ളവര്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ഹരിത ഭാരവാഹികള‍് നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയുന്നു. എന്നാല്‍ ഇതിന്‍ യാതൊരു നടപടിയും ഉണ്ടായില്ല.
ഇതേ തുടര്‍ന്നായിരുന്നു ഹരിത സംസ്ഥാന സമിതിയിലെ 10 ഭാരവാഹികള്‍ പരാതിയുമായി വനിത കമ്മീഷനെ സമീപിച്ചത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ ഹരിതയെ താല്‍ക്കാലികമായി മരവിപ്പിക്കുന്ന നടപടിയാണ് മുസ്ലിം ലീഗിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി തന്‍റെ നിലപാട് പ്രഖ്യാപിച്ച് എംഎസ്‍എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസും രംഗത്ത് എത്തിയിരിക്കുകയാണ്. ലീഗ് നേതൃത്വം നടത്തിയ ഒത്തുതീര്‍പ്പിന്‍റെ ഭാഗമായിട്ടാണ് നവാസിന്‍റെ വിശദീകരണം. ഹരിതയെ മരവിപ്പിച്ച നടപടി ലീഗ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്‍റെ ബറോസിന് വേണ്ടിയോ

ഹരിത ഭാരവാഹികള്‍ ഉന്നയിച്ച പരാതിയെ പൂര്‍ണ്ണമായും തള്ളുന്ന തരത്തിലുള്ള വിശദീകരണമാണ് പികെ നവാസ് നടത്തിയിരിക്കുന്നത്. 'പരാതിയിൽ പരാമർശിക്കപ്പെട്ട യോഗത്തിൽ ആരെയും വ്യകതിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും ഞാൻ നടത്തിയിട്ടില്ല'- ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ പികെ നവാസ് വ്യക്തമാക്കുന്നു.

സ്ത്രീകളോടും, മുതിർന്നവരോടും, കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കും. എന്നാൽ എൻ്റെ സംസാരത്തിൽ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവർത്തകരായ ഹരിത ഭാരവാഹികൾ നേതൃത്വത്തിന് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, ഈ വിഷയത്തിൽ നിരവധി തവണ നേതാക്കൾ ഉത്തരവാദിത്വപെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ലെന്ന കാര്യം പികെ നവാസും സമ്മതിക്കുന്നുണ്ട്. വീണ്ടും ഇതേ വിഷയത്തിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് പാർട്ടി നേതാക്കൾ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശ്നങ്ങൾ അവസാനിക്കാൻ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു.

ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തിൽ പങ്കെടുത്ത സഹപ്രവർത്തകരിൽ ആർക്കെങ്കിലുംഏതെങ്കിലും തരത്തിൽ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കിൽ ക്ഷമ പറയാനും തയ്യാറാകുമായിരുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കുന്നു.

പാർട്ടി അച്ചടക്കവും പാർട്ടിയുമാണ് പ്രധാനം, ആഴ്ചകളായി പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങൾക്ക് മുന്നിൽ പറയാതിരുന്നതും സോഷ്യൽ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്റെ പാർട്ടിയുടെ അച്ചടക്കത്തിന്റെയും നേതാക്കളുടെ നിർദ്ദേശത്തിന്റെയും ഭാഗമായിട്ടായിരുന്നു. ഇന്ന് വിഷയത്തിൽ പാർട്ടി തീർപ്പ് കൽപ്പിച്ചിരിക്കുന്നു. പാർട്ടി പറഞ്ഞാൽ അതിനപ്പുറം ഒരടി വെക്കില്ല.

വിവാദങ്ങൾ ഇവിടെ അവസാനിക്കട്ടെ. തിരഞ്ഞെടുപ്പാനന്തര മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നിൽക്കട്ടെ. താലിബാൻ ലീഗെന്നും, സ്ത്രീ വിരുദ്ധ പാർട്ടിയെന്നുമുള്ള പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോൾ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവർത്തകരുടെ ഹൃദയമാണ്. അവരിൽ ഒരുവനായി ആ വേദനയെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം തന്‍റെ വിശദീകരണ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications