'മുകേഷ് ജൂനിയർ ആർട്ടിസ്റ്റിന്റെ അമ്മയോട് മോശമായി പെരുമാറി, അവർ അടിച്ച് പുറത്താക്കി..'; വെളിപ്പെടുത്തൽ
കൊച്ചി: നടനും എം എല്‍ എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ സന്ധ്യയാണ് താരത്തിനെതിരെ രംഗത്തെത്തിയത്. തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് അവരുടെ അമ്മയോട് മോശമായി പെരുമാറിയതായി സന്ധ്യ ആരോപിച്ചു.
'എന്റെ സുഹൃത്തായ വനിതാ ആർട്ടിസ്റ്റ് വീട്ടിൽ ഇല്ലാത്ത സമയത്ത് മുകേഷ് അവരുടെ വീട്ടിൽ പോയി മേൽവിലാസമൊക്കെ കണ്ടുപിടിച്ചിട്ട് ഈ ആർട്ടിസ്റ്റിന്റെ അമ്മയോട് മോശമായി പെരുമാറി. അവർ വീട്ടിൽ ഒറ്റക്കായിരുന്നു. മോശം പെരുമാറ്റം ഉണ്ടായതോടെ അവർ മുകേഷിനെ അടിച്ച് പുറത്താക്കി. ഇരയുട വിവരം വെളിപ്പെടുത്താൻ സാധിക്കില്ല. നടി നേരിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹേമ കമ്മിറ്റിയൊക്കെ വരുന്നതിന് മുൻപാണ് ഇത് സംഭവിച്ചത്', സന്ധ്യ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു.

മുകേഷിനെതിരെ നടി മീനു മുനീറും ഗുരുതര ആരോപണം ഉയർത്തിയിരുന്നു. മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചു. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നാണ് മീനു ആരോപിച്ചത്.
കൂടാതെ, സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്നിടെ 2018-ലും മുകേഷിനെതിരെ ആരോപണം ഉണ്ടായിരുന്നു. കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫായിരുന്നു നടനെതിരെ ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം. വഴങ്ങാതിരുന്നതോടെ അദ്ദേഹത്തിന്റെ മുറി തന്റെ മുറിയുടെ അടുത്തേക്ക് മാറ്റിയിരുന്നവെന്നും ടെസ് പറഞ്ഞിരുന്നു.
അതേസമയം ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ എം എൽ എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെയ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. എന്നാൽ നിലവിൽ മുകേഷ് രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സി പി എം നിലപാട്. മുകേഷിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സമാന ആരോപണങ്ങളില്‍ യു ഡി എഫ് എം എല്‍ എ മാര്‍ രാജിവെച്ചിട്ടില്ലെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു. അതേസമയം ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നും മുകേഷിനെ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. അതേസമയം മുകേഷിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് പ്രതിപക്ഷം.












Click it and Unblock the Notifications