മുല്ലപ്പെരിയാര്‍ ഡാം: കേരളത്തിന്റെ ആവശ്യം പരിഗണിച്ച് തമിഴ്നാട്, മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. രണ്ടാം നമ്പര്‍ ഷട്ടറാണ് രാത്രി ഒമ്പത് മണിയോടെ ഉയര്‍ത്തിയത്. നിലവിലുള്ള 550ക്യൂമിക്സ് ന് പുറമെ 275ക്യൂമിക്സ് വെള്ളം കൂടി ആകെ 825ക്യൂമിക്സ് വെള്ളമാണ് പുറത്തേക്ക് വിടുക. നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ വെള്ളം മാത്രമായിരിക്കും പെരിയറിൽ ഉയരുക. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ജലിവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഒരു ഷട്ടർ കൂടി ഉയര്‍ത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. പെരിയാറിൻ്റെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജും അറിയിച്ചിട്ടുണ്ട്. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.
രാവിലെ 7.30 ഓടെയായിരുന്നു ആദ്യ രണ്ട് ഷട്ടറുകള്‍ തുറന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് റവന്യൂ മന്ത്രി കെ.രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനു സാക്ഷ്യം വഹിച്ച ശേഷം തേക്കടിയില്‍ തിരികെ എത്തി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. .ആവശ്യമെങ്കില്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തുന്നതിനു ധാരണയായിട്ടുണ്ടെന്നും മന്ത്രിമാര്‍ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്ഥിതിഗതികള്‍ ശരിയായ വിധത്തില്‍ ഇരു സംസ്ഥാനങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. റവന്യുമന്ത്രി തിരുവനന്തപുരത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 'റൂള്‍ കര്‍വ് അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് മാനദണ്ഡം നിര്‍ണയിച്ചിട്ടുണ്ട്. നീരൊഴുക്ക് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ജാഗ്രതയുണ്ടാകണം. മുല്ലപ്പെരിയാര്‍ സ്ഥിതിവിശേഷം കൃത്യമായി കൈമാറാനുള്ള ധാരണ ഇരു സംസ്ഥാനങ്ങളുമായുണ്ടായെന്നും മന്ത്രിമാര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമായേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യുന മർദ്ദ രൂപീകരണത്തിന്റെയും ന്യുന മർദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ നവംബർ 1 വരെ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications