കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരോടും മത്സ്യത്തൊഴിലാളികളോടും കടുത്ത വിവേചനം; പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ഷകരോടും മത്സ്യത്തൊഴിലാളികളോടും കടുത്ത വിവേചനമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും ഇവര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നത് സാധാരണക്കാരും ഇടത്തക്കാരും നിത്യവൃത്തിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുമാണ്. കര്‍ഷകരും മത്സ്യത്തൊഴിലാളികളും നേരിടുന്ന പ്രയാസം അതീവഗുരുതരമാണ്.

ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളില്‍ നിന്നും കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയും ഒഴിവാക്കിയിരുന്നങ്കിലും അടച്ചിടല്‍ ചെറുതായൊന്നുമല്ല ഇവരെ ബാധിച്ചത്.

 mulla-

മിക്ക ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും കൃഷിയിറക്കലും വിളവെടുക്കലും നടക്കുന്ന സമയമാണിത്. രണ്ടു പ്രളയങ്ങളെ അതിജീവിച്ച നമ്മുടെ കര്‍ഷകര്‍ക്ക് കിട്ടിയ അപ്രതീക്ഷിതമായ പ്രഹരമാണ് കോവിഡ് മഹാമാരി.

കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉത്പന്നങ്ങള്‍ സംഭരിക്കാനും വിപണികളില്‍ എത്തിക്കാനും കഴിയുന്നില്ല. നെല്‍കൃഷികാര്‍ക്ക് ആവശ്യത്തിന് തൊഴിലാളികളോ യന്ത്രോപകരണങ്ങളോ ലഭ്യമല്ല. പഴം,പച്ചക്കറി,കാപ്പി,തേയില,ഏലം,റബ്ബര്‍,കശുവണ്ടി, തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ തുറക്കാത്തതു കൊണ്ട് വിറ്റൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ക്ഷീരകര്‍ഷകര്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം കര്‍ഷകരും പ്രതിസന്ധിയിലാണ്.

മിക്ക കര്‍ഷകരും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് പണം കടമെടുത്താണ് കൃഷിയിറക്കുന്നത്. ഇപ്പോള്‍ പലരും ജപ്തി ഭീഷണി നേരിടുന്നവരാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിളവെടുപ്പ് നടത്തുമ്പോള്‍ വലിയ ലാഭം കര്‍ഷകന് ലഭിക്കാറില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന കാശ് കര്‍ഷകന് ബാങ്കിലെ വലിയ പലിയ അടയ്ക്കാന്‍ പോലും തികയില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ഗുണം കര്‍ഷകന് കിട്ടുന്നുണ്ടോയെന്ന് സംശയമാണ്. കൃഷിയിറക്കാനും വിളവെടുക്കാനും കഴിയാതെ വരുമാനം പൂര്‍ണ്ണമായും നിലച്ച കര്‍ഷകനു മൂന്ന് മാസം മൊറട്ടോറിയം കാലാവധി നീട്ടി നല്‍കിയാല്‍ എന്തു ഗുണമാണ് ലഭിക്കുക.കടം പെരുകി ആത്മാഭിമാനം കൊണ്ട് ഒരു മുഴം കയറിന്റെ ഒരറ്റത്ത് തീര്‍ന്ന് പോകണ്ടവരല്ല കര്‍ഷകര്‍. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്കുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക മേഖല കരകയറണമെങ്കില്‍ കൃഷിക്ക് മുന്‍തൂക്കം നല്‍കണം.ക്രാന്തദര്‍ശിയായ നെഹ്രുവിന്റെ വാക്കുകള്‍ എത്ര പ്രസക്തമാണ്. ''നമ്മുക്ക് എന്തിന് വേണ്ടിയും കാത്തിരിക്കാം, പക്ഷെ കൃഷിയുടെ കാര്യത്തില്‍ അത് സാധ്യമല്ല''

മത്സ്യത്തൊഴിലാളികള്‍,നെല്ല് കര്‍ഷകര്‍, നാണ്യ-സുഗന്ധവിള ഉത്പാദകര്‍ തുടങ്ങിയവര്‍ക്ക് പലിശരഹിത സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ന്യായവില ഉറപ്പാക്കി വില്‍പ്പനയും വാങ്ങലും സാധ്യമാക്കും വിധം ഉല്‍പ്പാദന-സംഭരണ-വിതരണ ശ്യംഖലകള്‍ രൂപം നല്‍കുകയും ആവശ്യമായ സാമ്പത്തിക സഹായം കര്‍ഷകന് സര്‍ക്കാര്‍ ഉറപ്പാക്കുകയും വേണം.

ദാരിദ്രത്തിന്റെ കണ്ണീര്‍ കയത്തിലാണ് തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളകള്‍. ഏറ്റവും അപകടരമായ സാഹചര്യത്തിലാണ് സാഹസികരായ ഈ സഹോദരങ്ങള്‍ തൊഴിലെടുക്കുന്നത്. അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ടത് ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന വിഷയമാണ്. ഫിഷറീസ് മേഖലയ്ക്ക് നിര്‍ഭാഗ്യവശാല്‍ സമീപകാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര പരിഗണനയും പ്രാധാന്യവും നല്‍കുന്നില്ല.

പരമ്പരാഗത മത്സ്യത്തൊഴിലിനു പ്രധാന്യം നല്‍കി മത്സ്യ ഉല്‍പാദനം വര്‍ധിപ്പിച്ചാലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാകുകയുള്ളൂ. അതുവഴി നമ്മുക്ക് ലഭിക്കുന്നതാകട്ടെ കോടികണക്കിന് രൂപയുടെ വിദേശനാണ്യവും. മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം മൂല്യവര്‍ധിത കയറ്റുമതി പ്രോത്സാഹിപ്പിക്കണം. അതിന്റെ ഗുണഫലം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പൊതുവായ സാമ്പത്തിക പാക്കേജുകള്‍ക്ക് പുറമെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി പ്രത്യേകം ഒരു സാമ്പത്തിക പാക്കേജിന് രൂപം നല്‍കണം.

English summary
Mullappally Ramachandran about farmers issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X