അച്ഛനേയും മകനേയും കുടുക്കിയത് അതിബുദ്ധി.. മൂന്നാർ കൊലപാതകത്തിൽ പ്രതികൾ കുടുങ്ങിയതിങ്ങനെ
മൂന്നാര്‍: ശിശുസംരക്ഷണ കേന്ദ്രത്തിലെ ആയയായ രാജഗുരുവിന്റെ ക്രൂരമായ കൊലപാതകം നാടിനെ ഞെട്ടിച്ചതാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന കൊലക്കേസില്‍ പ്രതികള്‍ പിടിയിലായത് കഴിഞ്ഞ ദിവസം മാത്രമാണ്.
രാജഗുരുവിന്റെ 18കാരന്‍ മകന്‍ രാജ് കുമാറും ഭര്‍ത്താവ് മണി കുമാറുമാണ് പോലീസിന്റെ പിടിയിലായത്. അമ്മയെ കൊല്ലാന്‍ മകനെ പ്രരിപ്പിച്ചത് എന്താണ് എന്ന ചോദ്യത്തിനുത്തരം കേട്ടാല്‍ ഞെട്ടും. പൈശാചികമായാണ് അമ്മയെ രാജ് കുമാര്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൂരമായ കൊലപാതകം
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് ഗുണ്ടുമല ശിശുപരിപാലന കേന്ദ്രത്തിലെ ആയ ആയിരുന്ന രാജഗുരു കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് കുഞ്ഞുങ്ങള്‍ ഉറങ്ങുന്ന നേരം നോക്കി രാജ് കുമാര്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെ കഴുത്തിലെ 12 പവന്‍ മാലയും മോഷ്ടിച്ച് രാജ് കുമാര്‍ കടന്ന് കളഞ്ഞു.

മൂത്ത മകനോട് സ്നേഹം
മൂത്ത മകനോട് രാജഗുരു കൂടുതല്‍ സ്‌നേഹം കാണിച്ചതാണത്രേ കൊലപാതകം നടത്താന്‍ രാജ് കുമാറിനെ പ്രേരിപ്പിച്ചത്. കഞ്ചാവ് ലഹരിയിലായിരുന്നു രാജ് കുമാര്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.അമ്മയുടെ തലയിലും മുഖത്തുമായി അഞ്ചിടത്താണ് മകന്‍ വാക്കത്തി കൊണ്ട് വെട്ടിയത്.

അച്ഛൻ രക്ഷപ്പെട്ടു
ശേഷം മാലയും വാക്കത്തിയുമായി വീട്ടിലെത്തി. അച്ഛനോട് വിവരം പറഞ്ഞു. മണി കുമാര്‍ വാക്കത്തിയും സ്വര്‍ണമാലയും ഒളിപ്പിച്ച ശേഷം രാജ് കുമാറിനെ തമിഴ്‌നാട്ടിലേക്ക് കടത്തി. അന്ന് രാജ് കുമാറിന് 17 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. മണികുമാറിന്റെ അതിബുദ്ധിയാണ് പ്രതികള്‍ കുടുങ്ങാനുള്ള കാരണം.

അതിബുദ്ധി കുടുക്കി
രാജഗുരു കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെ മണി കുമാര്‍ ഭയന്നു. ഇതോടെ അയല്‍ക്കാരനെ കേസില്‍ പ്രതിയാക്കാനായി ഇയാളുടെ നീക്കം. അതിന് വേണ്ടി രാജ്ഗുരുവിന്റെ മാലയുടെ അതേ മോഡലില്‍ ഉള്ള ഒരു സ്വര്‍ണ മാല മണികുമാര്‍ വാങ്ങി.

അയൽക്കാരനെ പെടുത്താൻ
കൊളുത്തുകള്‍ നീക്കം ചെയ്ത ശേഷം മാലയും കത്തിയും അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കൊണ്ടുചെന്നിട്ടു. പിടിവലിയില്‍ പൊട്ടിയതാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് മാലയുടെ കൊളുത്ത് പൊട്ടിച്ചത്. എന്നാലിത് അയല്‍ വാസി കാണാനിടയായത് മണികുമാറിന്റെ പദ്ധതികളെല്ലാം അവതാളത്തിലാക്കി.

വാക്കത്തിയും മാലയും
അയല്‍വാസി പോലീസിനെ വിവരം അറിയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മണി കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രാജ് കുമാറിനെ തമിഴ്‌നാട്ടില്‍ നിന്നും പോലീസ് പിടികൂടി. മാലിന്യക്കൂമ്പാരത്തില്‍ കളഞ്ഞെന്ന് പറയുന്ന വാക്കത്തിക്കും മാലയ്ക്കും വേണ്ടി അന്വേഷണം നടക്കുകയാണ്.

ഒരു വർഷം നീണ്ട അന്വേഷണം
രാജ് കുമാറിന് വേണ്ടി പോലീസ് സംഘം മാസങ്ങളോളം തെരച്ചില്‍ നടത്തിയിരുന്നു. മൂന്നാര്‍ സിഐ സാംജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊലപാതകത്തിന്റെ മുഴുവന്‍ വിവരങ്ങളും രാജ് കുമാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. അച്ഛന്‍ പറഞ്ഞത് പ്രകാരമാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് രാജ് കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതര സംസ്ഥാനക്കാരുൾപ്പെടെയുള്ളവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് സംശയിച്ചിരുന്നു.












Click it and Unblock the Notifications