മുഈനലി എന്ന പ്രതിസന്ധി; നടപടിയെടുത്ത് തീര്‍ക്കുമോ ലീഗ്? ഹൈദരലി തങ്ങള്‍ തീരുമാനിക്കണം, സാധ്യമാകുമോ

മലപ്പുറം: കെടി ജലീല്‍ തുടങ്ങിവച്ചു, മുഈന്‍ അലി പൂര്‍ത്തിയാക്കി എന്ന മട്ടിലാണ് ഇപ്പോള്‍ ലീഗിലെ വിവാദങ്ങള്‍. പാണക്കാട് കുടുംബത്തില്‍ നിന്നുള്ള ഈ യുവ നേതാവ്, മുസ്ലീം ലീഗ് നേൃത്വത്തിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടി നേതാവിനെതിരെ നടപടിയെടുക്കുന്നത് പോലെ എളുപ്പത്തിലും വേഗത്തിലും ഒരു നടപടി മുഈന്‍ അലിയ്‌ക്കെതിരെ സ്വീകരിക്കാന്‍ ലീഗ് നേതൃത്വത്തിന് ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കുഞ്ഞാലിക്കുട്ടിയേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയ മുഈന്‍ അലിക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്നവര്‍ക്കുള്ളത്. നിലവില്‍ നേതൃത്വത്തിലെ മഹാഭൂരിപക്ഷമായ ഇവര്‍ അത്തരമൊരു നിലപാടില്‍ എത്തി നില്‍ക്കുകയാണ്. പക്ഷേ, അങ്ങനെ ഒരു നടപടി സാധ്യമാകുമോ?

1

പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പരസ്യമായി കലാപത്തിനൊരുങ്ങിയവരൊന്നും ഇന്ന് മുസ്ലീം ലീഗില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കെടി ജലീല്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. എന്നാല്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെ അത്തരം ഒരു നടപടി സാധ്യമാകുമോ എന്നാണ് മുസ്ലീം ലീഗ് അണികള്‍ തന്നെ സംശയിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുഈന്‍ അലി എന്നത് തന്നെയാണ് പ്രധാന കാരണം. പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയെടുക്കാന്‍ ലീഗിന് സാധിക്കുമോ?

2

മുഈന്‍ അലി ആണെങ്കില്‍ ലീഗ് നേതൃത്വത്തിന്റെ കണ്ണിലെ കരടായിട്ട് കുറച്ച് കാലമായി. മുസ്ലീം യൂത്ത് ലീഗിന്റെ ദേശീയ ഉപാധ്യക്ഷന്‍ ആയ മുഈന്‍ അലി, പാര്‍ട്ടിയ്‌ക്കെതിരെ ഉയര്‍ന്ന പല ആരോപണങ്ങളിലും എതിര്‍പക്ഷത്തിനൊപ്പം ആയിരുന്നു മുഈന്‍ അലിയുടെ നിലപാട്. ഇത് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ഇത്തരമൊരു നേതാവിനെ ഇനിയും വച്ചുകൊണ്ടിരിക്കാന്‍ ആവില്ലെന്ന കടുത്ത നിലപാടാണ് പല നേതാക്കള്‍ക്കും. അതേസമയം മുഈന്‍ അലിയില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ എണ്ണവും മുസ്ലീം ലീഗില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതും ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്.

3

പാണക്കാട് തങ്ങന്‍മാര്‍ മുസ്ലീം ലീഗ് നേതൃത്വത്തില്‍ എത്തുന്നതിനും മുന്നേ അവര്‍ക്ക് മുസ്ലീം സമുദായത്തില്‍ ഒരു ആത്മീയ പരിവേഷമുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ സമുന്നത പദവികള്‍ വഹിക്കുമ്പോഴും ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാനോ, കടുത്ത രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്താനോ അവര്‍ മുതിരാറില്ല. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ ആയാലും ഇപ്പോഴത്തെ ഹൈദരലി ശിഹാബ് തങ്ങള്‍ ആയാലും അങ്ങനെ തന്നെ. പ്രതികരിക്കുമ്പോള്‍ പോലും വിവാദങ്ങള്‍ക്ക് ഇടം കൊടുക്കാത്ത രീതിയില്‍ ആയിരുന്നു ഇവര്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ മുഈന്‍ അലി തങ്ങള്‍ അങ്ങനെയല്ല, പ്രതികരിച്ചതെല്ലാം വിവാദ വിഷയങ്ങളില്‍ കൂടുതല്‍ വിവാദം സൃഷ്ടിച്ചുകൊണ്ടായിരുന്നു.

4

യുവാക്കള്‍ക്കിടയില്‍ വലിയ പരിവേഷം സൃഷ്ടിക്കാന്‍ ആയ നേതാവാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കത്വ ഫണ്ട് തട്ടിപ്പ് കേസ് വന്നപ്പോള്‍ പാര്‍ട്ടി മുഴുവനും ഫിറോസിനും ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിനും പിന്നില്‍ അണിനിരന്നിരുന്നു. പക്ഷേ, അന്നും മുഈന്‍ അലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു. മുസ്ലീം ലീഗിനും യൂത്ത് ലീഗിനും വലിയ പ്രതിസന്ധി ആയിരുന്നു മുഈന്‍ അലി അന്ന് സൃഷ്ടിച്ചത്. അന്ന് മുതലേ യൂത്ത് ലീഗിന്റേയും മുസ്ലീം ലീഗിന്റേയും പല നേതാക്കളുടേയും കണ്ണിലെ കരടായി മാറി മുഈന്‍ അലി ശിഹാബ് തങ്ങള്‍. സികെ സുബൈറിനെ സംബന്ധിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതിരിക്കാന്‍ കാരണം പോലും ഈ വിവാദം ആയിരുന്നു എന്നാണ് വിലയിരുത്തല്‍.

5

ഇതുവരെ മുഈന്‍ അലി സൃഷ്ടിച്ച വിവാദങ്ങളില്‍ രണ്ടെണ്ണവും കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആണെന്ന പ്രത്യേകതയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പരസ്യവിമര്‍ശനത്തിന് ആരും മുതിരാത്ത സമയത്തായിരുന്നു ഇതെല്ലാം. ആദ്യം, പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിന് എതിരെ ആയിരുന്നു മുഈന്‍ അലിയുടെ പ്രതികരണം. അത് പാര്‍ട്ടിയ്ക്കുള്ളിലെ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും ഉള്ളിലെ നിലപാടായിരുന്നു. അന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മുഈന്‍ അലിയുടെ പ്രതികരണം. എന്നാല്‍, ഇപ്പോഴത്തേത് ഏറെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണ്.

6

മുസ്ലീം ലീഗ് സംസ്ഥാന ആസ്ഥാനമായ ലീഗ് ഹൗസില്‍ വച്ചായിരുന്നു ഇത്തവണ മുഈന്‍ അലി കുഞ്ഞാലിക്കിക്കുട്ടിയ്‌ക്കെതിരെ പരസ്യവിമര്‍ശനം നടത്തിയത്. ചന്ദ്രികയിലെ കള്ളപ്പണ വിവാദം സംബന്ധിച്ച് ലീഗ് അഭിഭാഷക സംഘടനാനേതാവിന്റെ വാര്‍ത്താ സമ്മേളനത്തിനിടയ്ക്ക് തനിക്കും ചിലത് പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഈന്‍ അലിയുടെ തുടക്കം. ചന്ദ്രിക നേരിടുന്ന പ്രതിസന്ധിയ്ക്ക് മറുപടി നല്‍കേണ്ടത് കുഞ്ഞാലിക്കുട്ടി ആണെന്നും ഇഡി ചോദ്യം ചെയ്യേണ്ടത് കുഞ്ഞാലിക്കുട്ടിയെ ആണെന്നും മുഈന്‍ അലി ആഞ്ഞടിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് വച്ച് എന്തടിസ്ഥാനത്തില്‍ ആണ് മുഈന്‍ അലി ഇങ്ങനെ വിമര്‍ശനം ഉന്നയിച്ചത് എന്നായിരുന്നു പലരേയും ഞെട്ടിച്ചത്.

7

വ്യക്തമായ പിന്തുണ ഇല്ലാതെ മുഈന്‍ അലിയെ പോലെ ഒരു നേതാവ് ഇത്തരത്തില്‍ പരസ്യ പ്രതികരണത്തിന് മുതിരുമോ എന്നതാണ് പലരേയും ചിന്തിപ്പിക്കുന്നത്. പിതാവും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ആയ ഹൈദരലി തങ്ങളുടെ ആരോഗ്യപ്രശ്‌നത്തിന് കാരണം ഈ വിവാദങ്ങള്‍ ആണെന്ന് കൂടി മുഈന്‍ അലി പറഞ്ഞിരുന്നു. ഏറെക്കുറേ കെടി ജലീല്‍
പറഞ്ഞ കാര്യങ്ങളാണ് മുഈന്‍ അലിയും പറഞ്ഞത് എ്‌നതും ചിലരില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. എന്തായാലും മുഈന്‍ അലി തങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെങ്കില്‍ ഹൈദരലി തങ്ങളുടെ അനുമതി കൂടി വേണം. ഇത്തരം ഒരു ഘട്ടത്തില്‍ തങ്ങള്‍ അതിന് അനുമതി നല്‍കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

8

അതിനിടെ, ചന്ദ്രികയുടെ വിഷയത്തിൽ എന്തിന് മുഈ അലി ഇടപെട്ടു എന്ന രീതീയിലും ചർച്ചകൾ നടക്കുന്നുണ്ട്. പാർട്ടി ആസ്ഥാനത്ത് അനുമതയില്ലാതെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയും പാർട്ടി നേതാക്കളെ പ്രതിസന്ധിയിൽ ആക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് നടപടിയ്ക്കൊരുങ്ങുന്നത്. എന്നാൽ, ചന്ദ്രിക സംബന്ധിച്ച് ഹൈദരലി തങ്ങൾ മുഈൻ അലിയ്ക്ക് ചുമതല നൽകിയതിന്റെ കത്ത് പുറത്ത് വന്നിട്ടുണ്ട്. ഈ കത്ത് താത്കാലിക ചുമതലയുമായി ബന്ധപ്പെട്ടത് മാത്രമാണെന്ന നിലപാടാണ് ഇപ്പോൾ മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+