'സുധാകരന്‍ എത്രയോ വധശ്രമ കേസില്‍ പ്രതിയാണ്'; മറുപടിയുമായി ഗോവിന്ദന്‍
കണ്ണൂര്‍: സി പി എം തനിക്കെതിരെ ആറ് തവണ വധശ്രമം നടത്തിയിട്ടുണ്ട് എന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുധാകരന്റേത് മുഖം രക്ഷിക്കാനുള്ള പ്രതികരണമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ സുധാകരന്‍ എത്രയോ പേരെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.
നേരത്തെ ആറ് തവണ സി പി എമ്മിന്റെ വധശ്രമത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടു എന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. 1992 ല്‍ ഡി സി സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് വധശ്രമങ്ങള്‍ നടന്നത് എന്നും സി പി എമ്മിലെ തന്നെ ചിലരുടെ സഹായവും ദൈവാനുഗ്രഹവും കൊണ്ടാണ് താന്‍ അന്നൊക്കെ രക്ഷപ്പെട്ടത് എന്നുമായിരുന്നു തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ സുധാകരന്‍ പറഞ്ഞിരുന്നത്.

തനിക്ക് നേരെ നടന്ന വധശ്രമങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കൊണ്ടുള്ള വിശദമായ കുറിപ്പായിരുന്നു കെ സുധാകരന്‍ പുറത്തുവിട്ടത്. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെല്ലാം പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ടെ് എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു എന്നും നിരവധി വധശ്രമങ്ങള്‍ താന്‍ അറിയാതെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പലപ്പോഴും വഴി മാറി സഞ്ചരിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെട്ടത്. തന്റെ മുന്‍ഡ്രൈവറായ പ്രകാശ് ബാബു വീട് വാങ്ങിയത് സി പി എം കോട്ടയായ കൂത്തുപറമ്പിലായിരുന്നു. ആ വീട്ടിലേക്ക് ക്ഷണിച്ച് എന്നെ പല തവണ വിളിച്ചു. ഗൃഹപ്രവേശനത്തിന് പോകാന്‍ ഇറങ്ങുമ്പോഴാണ് ഒരു സി പി എം പ്രവര്‍ത്തകന്‍ തന്റെ പി എയെ വിളിച്ച് വിവരം അറിയിക്കുന്നത് എന്നും സുധാകരന്‍ പറയുന്നു.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ താന്‍ വിവരം അന്വേഷിക്കാന്‍ പറഞ്ഞയച്ചെന്നും അയാള്‍ സ്ഥലത്തെത്തുമ്പോള്‍ ആയുധങ്ങളുമായി സി പി എം പ്രവര്‍ത്തകര്‍ പതുങ്ങിയിരിക്കുകയായിരുന്നു എന്നുമാണ് സുധാകരന്‍ പറഞ്ഞത്. ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതും വിമുക്ത ഭടനായ തന്റെ സഹോദരന് പരിക്കേറ്റതും സുധാകരന്‍ തനിക്കെതിരായ ആക്രമണത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കേസുകളിലെല്ലാം കോടതിയില്‍ എത്തുമ്പോള്‍ വധഭീഷണി ഭയന്ന് സാക്ഷികള്‍ കൂറുമാറിയത് കൊണ്ടാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും സുധാകരന്‍ പറയുന്നു.












Click it and Unblock the Notifications