നടപടി കടുപ്പിച്ച് എംവിഡി; യൂട്യൂബിൽ കയറിയും പരിശോധന; പണിവരുന്നത് സഞ്ജുവിന് മാത്രമല്ല
കൊച്ചി: വ്ലോഗർമാരുടെ വാഹന നിയമലംഘന വീഡിയോകൾക്കെതിരെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. സഞ്ജു ടെക്കി എന്ന യൂട്യൂബ് വ്ലോഗർ നടത്തിയ നിയമലംഘനത്തിൽ ഹൈക്കോടതി കർശനമായി ഇടപെട്ടതോടെയാണ് എം വി ഡിയുടെ നീക്കം. വ്ലോഗർമാരുടെ നിയമലംഘന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച് നടപടിയെടുത്തതിന്റെ പേരിൽ വ്ലോഗർമാർ ഭീഷണിപ്പെടുത്തുകയാണെങ്കിൽ അക്കാര്യം ഹൈക്കോടതിയെ അറിയക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വ്ലോഗർ സഞ്ജു ടെക്കിയുടെ നിയമ ലംഘനത്തിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. വ്ലോഗർമാർ അപ് ലോഡ് ചെയ്ത ചട്ടവിരുദ്ധ വീഡിയോകൾ നീക്കുന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിനും നിർദ്ദേശം നൽകി. അതിനാൽ തന്നെ യൂട്യൂബ് വീഡിയോകൾ ഉൾപ്പെടെ പരിശോധിച്ച് ശക്തമായ നടപടികൾക്കാണ് എം വി ഡി ഒരുങ്ങുന്നത് എന്നാണ് വിവരം.

അതേ സമയം യൂട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ എം വി ഡി കണ്ടെത്തി. യൂട്യൂബ് ചാനലിൽ ആർ ടി ഒ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്.
സഞ്ജുവിന്റെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നൽകിയെന്നും ഇന്ന് ആർ ടി ഒയ്ക്ക് മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആണ് റിപ്പോർട്ട്. 17 കാരനെ കൊണ്ട് ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. ഇയാളുടെ ലൈസൻഡസ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടർച്ചയായ നിയമലംഘനങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.
സഞ്ജു ടെക്കിയുടെ യൂട്യൂബ് ചാനലിന് 15 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് ഉള്ളത്. 812 വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. രൂപ മാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. വാഹനത്തിന്റെ കസ്റ്റഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും. നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപ മാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications