ടിപി വധക്കേസ് പ്രതിയെ പുകഴത്തി പാട്ട്; സിപിഎം മാനസികാവസ്ഥ ആശങ്കപ്പെടുത്തുന്നതന്ന് എൻ സുബ്രഹ്മണ്യൻ
കോഴിക്കോട്; ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ വാഴ്ത്തിയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്നെ പുകഴ്ത്തുന്ന പാട്ട് ഷാഫി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 'ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫീക്കായി' എന്ന് തുടങ്ങുന്നതാണ് പാട്ട് പാട്ട് വൈറലായതോടെ നിരവധി പേരാണ് വിമർശം ഉയർത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ. നീതിന്യായ വ്യവസ്ഥയേയും പാർട്ടിയും അണികളും എങ്ങനെയാണ് കാണുന്നതെന്നതിന്റെ സൂചനയാണ് സംഭവം വ്യക്തമാക്കുന്നതെന്ന് സുബ്രഹ്മണ്യൻ കുറ്റപ്പെടുത്തി.ടി പി കേസിൽ 11 പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും പിണറായി ഭരണത്തിൽ അവർക്ക് ജയിലിൽ രാജകീയ സുഖ സൗകര്യങ്ങളാണ് ലഭിക്കുന്നത്. ഇവർക്ക് തോന്നുമ്പോലെ പരോൾ അനുവദിച്ചു കൊടുക്കാനും സർക്കാർ ഒപ്പമുണ്ടെന്നും സുബ്രഹ്നണ്യൻ കുറ്റപ്പെടുത്തി.അദ്ദേഹത്തിന്റെ വാക്കുകൾ.

'ടി പി ചന്ദ്രശേഖരൻ വധകേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കെ കെ മുഹമ്മദ് ഷാഫിയെ പ്രകീർത്തിക്കുന്ന ഗാനം സിപിഎം പ്രവർത്തകർ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത് നീതി ന്യായ വ്യവസ്ഥയെ ഈ പാർട്ടിയും അതിന്റെ അണികളും എങ്ങിനെയാണ് കാണുന്നത് എന്നതിന്റെ സൂചനയാണ്. പരോളിൽ കഴിയുന്ന ഷാഫിയെ മുന്നിലിരുത്തിയാണ് ഒരു സിപിഎം പ്രവർത്തകൻ അയാളെ പുകഴ്ത്തുന്ന പാട്ടു പാടിയത്. ഷാഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പാട്ടിനു സിപിഎം പ്രവർത്തകർ ആവേശകരമായ വരവേൽപ്പാണ് നൽകുന്നത്. ജീവിതകാലം മുഴുവൻ കമ്യുണിസ്റ്റായി ജീവിക്കാൻ തീരുമാനിച്ച ആളെ 51 വെട്ട് വെട്ടി കൊന്ന കൊട്ടേഷൻ സംഘത്തിലെ അംഗത്തിന് ഇത്തരത്തിൽ വീര പരിവേഷം നൽകുന്ന സിപിഎമ്മുകാരുടെ മാനസികാവസ്ഥ നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. മലയാളികളുടെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ടി പി ചന്ദ്രശേഖരൻ വധം.
പൈശാചികമായ ഈ കൊല നടന്നിട്ട് 9 കൊല്ലം കഴിഞ്ഞെങ്കിലും അതിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. സിപിഎമ്മുമായി അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ പാർട്ടി വിട്ടു ആർ എം പി രൂപീകരിച്ചു എന്നതാണ് ചന്ദ്രശേഖരൻ ചെയ്ത തെറ്റ്. സിപിഎമ്മിന്റെ ഉന്നതങ്ങളിൽ ഗൂഢാലോചന നടത്തി നടപ്പാക്കിയ ഒന്നായിരുന്നു ടി പി വധം. എന്നാൽ, പാർട്ടിക്ക് കൊലയിൽ പങ്കില്ല എന്ന നട്ടാൽ മുളയ്ക്കാത്ത നുണ സിപിഎം ഇപ്പോഴും ആവർത്തിക്കാറുണ്ട്. പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കൊട്ടേഷൻ സംഘവും ചേർന്നാണ് ഈ അരുംകൊല നടത്തിയത്. അന്നു യൂഡിഎഫ് ഭരണം ആയിരുന്നത് കൊണ്ടു മാത്രമാണ് കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.
സാധാരണ ഗതിയിൽ യഥാർത്ഥ പ്രതികളെ ഒളിപ്പിച്ചു വ്യാജ പ്രതികളെ പോലീസിനു മുന്നിൽ ഹാജരാക്കി കൊലക്കേസുകൾ അട്ടിമറിക്കുകയാണ് സിപിഎമ്മിന്റെ രീതി. ടി പി കേസിൽ 11 പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും പിണറായി ഭരണത്തിൽ അവർക്ക് ജയിലിൽ രാജകീയ സുഖ സൗകര്യങ്ങളാണ് ലഭിക്കുന്നത്. കൊട്ടേഷൻ സംഘത്തിലെ പ്രധാനികളായ കൊടി സുനി, കെ കെ മുഹമ്മദ് ഷാഫി തുടങ്ങിയവർക്കു ജയിലിൽ മദ്യം, ഫോൺ തുടങ്ങിയവക്കൊന്നും ഒരു പ്രയാസവുമില്ല. ഇവർക്ക് തോന്നുമ്പോലെ പരോൾ അനുവദിച്ചു കൊടുക്കാനും സർക്കാർ ഒപ്പമുണ്ട്. ജയിലിൽ കിടന്നും പരോളിൽ ഇറങ്ങിയും ഇവർ ബിസിനസുകളും കൊട്ടേഷൻ ഇടപാടുകളും നടത്തുന്നു. മുഹമ്മദ് ഷാഫിയുടെ വിവാഹവും ഇതിനിടെ സിപിഎമ്മിന്റെ മുൻകയ്യിൽ നടന്നു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ വിവാഹ ചടങ്ങിൽ സാന്നിധ്യം കൊണ്ടു ശ്രദ്ധേയനായ ആളാണ്. കോവിഡ് വന്നതോടെ ജയിൽ പുള്ളികൾക്കു സർക്കാർ പരോൾ ഉദാരമാക്കിയത് ടി പി കേസ് പ്രതികളെ കൂടി കണ്ടിട്ടാകണം. ഇവരെ മുഴുവൻ ഒറ്റയടിക്ക് മോചിപ്പിക്കാനുള്ള ശിപാർശ ഗവർണർക്ക് നൽകാൻ മനഃസാക്ഷിക്കുത്തു കാണിക്കാത്ത സർക്കാരാണ് പിണറായിയുടേത്. അന്നു ഗവർണർ ആയിരുന്ന സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് സദാശിവത്തിന്റെ നീതി ബോധമാണ് അതിനു വിലങ്ങുതടി ആയത്. ഇരുട്ടിന്റെ മറവിൽ നടപ്പാക്കുന്ന കൊലപാതകങ്ങളെ മഹത്വവത്കരിക്കുന്ന സിപിഎമ്മിന്റെ മനുഷ്യ വിരുദ്ധ പ്രവർത്തികളെ തുറന്നു കാട്ടുക തന്നെ വേണം'












Click it and Unblock the Notifications