'ഇടത് മുന്നണിയിലെ കക്ഷികളുടെ പേരും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ', മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി. റിപ്പോർട്ട് പുറത്ത് വിട്ടതിലൂടെ കേരള പോലീസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. ഇടത് മുന്നണിയുടെ ഭാഗമായിരിക്കുന്ന സംഘടനകളുടെ പേരുകളും റിപ്പോർട്ടിലുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
കെ സുരേന്ദ്രന്റെ വാക്കുകൾ: 'പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച് പോലീസ് തന്നെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ എല്ലാ സന്ദര്‍ശനങ്ങളിലും എസ്പിജി മികച്ച സുരക്ഷയാണ് നല്‍കുന്നത്. കേരളത്തില്‍ മതതീവ്രവാദ സംഘടനകളും രാജ്യദ്രോഹശക്തികളും ശക്തമാണ് എന്നാണ് വ്യക്തമായിരിക്കുന്നത്.

പിഡിപി, എസ്ഡിപിഐ, നിരോധിത സംഘടനയായ പിഎഫ്‌ഐ, ചില അര്‍ബന്‍ നക്‌സല്‍ സംഘടനകള്‍ അടക്കമുളളവയെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പോലീസ് അവരെയൊക്കെ സംരക്ഷിച്ച് കൊണ്ടിരിക്കുകയാണ്. നാളെ പിഡിപി നേതാവ് കേരളത്തിലേക്ക് വരികയാണ്. എല്ലാ സുരക്ഷയും സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ആണ് ഒരുക്കുന്നത്.
ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടതിലൂടെ പ്രധാനമന്ത്രിയുടെ സുരക്ഷയെ ആണോ അതല്ല മറ്റെന്തെങ്കിലുമാണോ കേരള പോലീസ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഭീഷണി കത്തിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുകയാണ് വേണ്ടത്. അതിന് പകരം ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തലേ ദിവസം എല്ലാ മാധ്യമങ്ങളേയും വിളിച്ച് വാര്‍ത്ത ശക്തമായ നിലയില്‍ കൊടുക്കണം എന്ന് പറയുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ ബഹുജന മുന്നേറ്റമാണ് കേരളത്തിലുണ്ടാകുന്നത്. പ്രധാനമന്ത്രിക്ക് എതിരെയുളള ഭീഷണി ഒരാഴ്ച മുന്‍പാണ് ബിജെപി സംസ്ഥാന കാര്യാലയത്തില്‍ വന്നത്. ആ ദിവസം തന്നെ ഡിജിപിക്ക് നേരിട്ട് ഭീഷണിക്കത്ത് കൈമാറി. അതില്‍ ആളുടെ പേരും ഫോണ്‍ നമ്പറും അടക്കമുണ്ട്.
ഭീഷണിപ്പെടുത്തിയ ആളെ പോലീസ് കണ്ടെത്തിയോ, ആ ഫോണ്‍ നമ്പര്‍ പരിശോധിച്ചോ, അദ്ദേഹത്തിന് പിന്നിലാരാണ് എന്ന് പരിശോധിച്ചോ. അതൊന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലില്ല. ആ റിപ്പോര്‍ട്ട് ഗൗരവകരമാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന സംഘടനകളെ സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് എന്താണ്. രാഷ്ട്രീയ പാര്‍ട്ടികളായി പ്രവര്‍ത്തിക്കുന്ന മതസംഘടനകളുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. അതില്‍ രണ്ട് സംഘടനകളെങ്കിലും ഇടത് മുന്നണിയിലെ പ്രധാന ഘടക കക്ഷികളാണ്.
പ്രധാനമന്ത്രിക്ക് വധഭീഷണി ഉയര്‍ത്തുന്ന, ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സംഘടനകളെ ഇടത് മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ. എന്തിനാണ് സര്‍ക്കാര്‍ അത്തരം പാര്‍ട്ടികളിലെ ആളുകളെ മന്ത്രിസഭയില്‍ അരിയിട്ട് വാഴിക്കുന്നത്. ആ മന്ത്രിയും പാര്‍ട്ടിയും ഉത്തരം പറയണം. മുഖ്യമന്ത്രിയും ഉത്തരം പറയണം. കേരളത്തില്‍ പ്രധാനമന്ത്രിയുടെ ഒരു പരിപാടിയും തടസ്സപ്പെടാന്‍ പോകുന്നില്ല'.
അതേസമയം ഇന്റലിജന്‍സ് ഡിജിപിയുടെ സുരക്ഷാ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഗുരുതര വീഴ്ച ആണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സുരക്ഷ പോലും രഹസ്യമാക്കി വെക്കാന്‍ സാധിക്കാത്തത് ലജ്ജാകരം ആണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications