നന്തന്‍കോട് കൂട്ടക്കൊല; പോലീസ് ചെന്നൈയില്‍, സുപ്രധാന തെളിവുകള്‍ കിട്ടി! കേഡലിന് രക്ഷയില്ല

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസില്‍ തെളിവെടുപ്പ് ചെന്നൈയില്‍. പ്രതി കേഡല്‍ ജീന്‍സണ്‍ രാജ കൊല നടത്തിയ ശേഷം മുങ്ങിയത് ചെന്നൈയിലേക്കാണ്. അവിടെ ലോഡ്ജില്‍ താമസിച്ച ശേഷം ഇയാള്‍ തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.

ഇയാള്‍ കൊല നടത്തുമ്പോള്‍ ഉപയോഗിച്ച വസ്ത്രവും ബാഗും പോലീസ് ചെന്നൈയില്‍ നിന്നു കണ്ടെടുത്തു. ചെന്നൈയിലെ ഹോട്ടലില്‍ പരിശോധിച്ചപ്പോഴാണ് ഇവ കിട്ടിയത്. മണിക്കൂറുകള്‍ നീണ്ട തെളിവെടുപ്പിനിടെയാണ് പോലീസ് ലോഡ്ജും പരിശോധിച്ചത്. കേഡല്‍ ജീന്‍സണെ ചെന്നൈയിലെ ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സപീമത്തെ മെഡിക്കല്‍ സ്റ്റോറിലും പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇവിടെയുള്ളവരും പ്രതിയെ തിരിച്ചറഞ്ഞു.

മറ്റൊരാളുടെ സഹായം

എന്നാല്‍ നാലു പേരെ കൊലപ്പെടുത്താന്‍ കേഡലിന് മറ്റൊരാളുടെ സഹായമുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് ഒറ്റയ്ക്കാണ് നാല് കൊലകളും നടത്തിയതെന്ന് പോലീസ് വിശ്വസിക്കുന്നില്ല. കേഡലിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെന്ന സംശയത്തിന് ബലം നല്‍കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു.

വെളിപ്പെടുത്തല്‍ ഇങ്ങനെ

കവടിയാറിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് ഇതിലേക്ക് സൂചന നല്‍കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കേഡല്‍ പെട്രോള്‍ വാങ്ങിയെന്ന് പറയുന്ന സമയം പമ്പിലെത്തിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്ന് ജീവനക്കാരന്‍ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഓട്ടോയിലെത്തിയ യുവാവ് കന്നാസിലാണ് പെട്രോള്‍ വാങ്ങിപ്പോയതെന്നും ഇയാള്‍ പറഞ്ഞു.

സഹായിയുണ്ടോ?

ഏപ്രില്‍ ആറിനാണ് മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍ നിന്നു പെട്രോള്‍ വാങ്ങിയതെന്ന് കേഡല്‍ മൊഴി നല്‍കിയിരുന്നു. കേഡലിനെ പമ്പില്‍ വച്ച് മുമ്പും കണ്ടിട്ടുണ്ടെന്നും ജീവനക്കാരന്‍ പറഞ്ഞു. മറ്റൊരു സഹായി പ്രതിക്കുണ്ടായിരുന്നോ എന്ന സംശയമാണിപ്പോള്‍ ഉയരുന്നത്.

മൊഴി മാറ്റുന്നത് പോലീസിനെ കുഴക്കുന്നു

കേസില്‍ പ്രതി കേഡല്‍ മൊഴി തുടര്‍ച്ചയായി മാറ്റുന്നത് പോലീസിന് തലവേദയാണ്. കൂട്ടക്കൊലക്ക് കാരണം പിതാവിന്റെ സ്വഭാവ ദൂഷ്യമാണെന്നാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതിന് മുമ്പ് ഇയാള്‍ മൊഴി നല്‍കിയത് വീട്ടുകാരുടെ അവഗണന മൂലമുള്ള വൈരാഗ്യം കാരണമാണെന്നായിരുന്നു. അതിന് മുമ്പ് സാത്താന്‍ സേവയാണെന്ന്. ഇയാളുടെ മൊഴി ഇപ്പോള്‍ പോലീസ് മുഖവിലക്കെടുക്കുന്നില്ല.

ഫോണില്‍ അശ്ലീലം പറയും

കേഡല്‍ ജീന്‍സണ്‍ ഏറ്റവും ഒടുവില്‍ പറഞ്ഞത് ഇങ്ങനെയാണ്. പിതാവ് രാജ തങ്കത്തിന്റെ സ്വാഭാവ ദൂഷ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മദ്യലഹരിയില്‍ അച്ഛന്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുമായിരുന്നു. ഇതാണ് പിതാവിനോടുള്ള വൈരാഗ്യത്തിന് കാരണം.

അമ്മയോട് ഇക്കാര്യം പറഞ്ഞു

അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തടയണമെന്ന് അമ്മ ഡോ. ജീന്‍ പത്മത്തോട് കേഡല്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ കേഡലിന്റെ അഭ്യര്‍ഥന അമ്മ വകവെച്ചില്ല. ഇതാണ് അമ്മയെ കൊല്ലാന്‍ പ്രേരിപ്പിച്ചത്. അച്ഛനും അമ്മയും ഇല്ലാതായാല്‍ ഈ തെറ്റുകള്‍ അവസാനിക്കുമെന്നും പ്രതി കരുതിയത്രെ.

 മറ്റു രണ്ടുപേരെയും കൊന്നത്

എന്നാല്‍ സഹോദരിയെയും കുഞ്ഞമ്മയെയും കൊന്നത് എന്തിനാണെന്ന് പോലീസ് ചോദിച്ചു. ഇതിന് കേഡല്‍ നല്‍കിയ മൊഴി ഏറെ ആശ്ചര്യം നിറഞ്ഞതാണ്. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവും. പിന്നെ അവര്‍ പ്രയാസപ്പെടും. ഇതാണ് ഇവരെയും കൊല്ലാന്‍ കാരണം.

ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചു

ഏപ്രില്‍ രണ്ടിനായിരുന്നു കൊലപാതകം നടത്താന്‍ ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ അന്ന് കൈവിറച്ചു. തുടര്‍ന്ന് കൊല നടത്തുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നുവത്രെ. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് എങ്ങനെ നടത്താമെന്ന് ആസൂത്രണം ചെയ്തത്. ഇതിനായി ഏറെ നേരം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നു. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തുവെന്നും കേഡല്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴികള്‍ പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

വെബ്സൈറ്റുകള്‍ പോലീസ് പരിശോധിച്ചു

ഇയാള്‍ സെര്‍ച്ച് ചെയ്തെന്ന് പറയുന്ന വെബ്സൈറ്റുകളെല്ലാം പോലീസ് പരിശോധിച്ചു. അന്വേഷണസംഘത്തെ കുഴക്കാനുള്ള പ്രതിയുടെ നീക്കമാണ് ഇത്തരം മൊഴിയെന്നാണ് പോലീസ് പറയുന്നത്. കേഡലിനെ കോടതി ഈ മാസം 20 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കൊല നടത്തിയതിലൂടെ പ്രതി ഏറെ ആനന്ദിച്ചുവെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

കൊല നടത്തിയത് വ്യത്യസ്ത ദിവസങ്ങളില്‍

എല്ലാവരെയും ഒരേ ദിവസമാണ് കൊന്നതെന്നായിരുന്നു കേഡല്‍ നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. മൂന്ന് പേരെ ഒരു ദിവസവും ഒരാളെ രണ്ടുദിവസത്തിന് ശേഷവുമാണ് കൊന്നതെന്നാണ് കരുതുന്നത്. വീട്ടിലെ ജോലിക്കാരി നല്‍കിയ മൊഴിയാണ് പോലീസ് വിശ്വാസത്തിലെടുത്തിട്ടുള്ളത്.

English summary
Nandankode murder case accused Kedal Jeenson changed his statement. police found Kedal cloth and bag in Chennai hotel.
Please Wait while comments are loading...