'മലയാളി സ്നേഹിതരേ....' കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് പ്രധാനമന്ത്രി, വികസന ഉത്സവം
തിരുവനന്തപുരം: വന്ദേഭാരതിന് പിന്നാലെ കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഈ രണ്ട് പദ്ധതികളും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്നും എല്ലാ വികസന പദ്ധതികളുടെയും പേരില്‍ സംസ്ഥാനത്തിന് ആശംസ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മലയാളി സ്നേഹിതരേ' എന്ന വിശേഷണത്തോടെയായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
വാട്ടർ മെട്രോ കുറഞ്ഞ ചിലവില്‍ കൊച്ചിയിലെ ഗതാഗതസൗകര്യം കൂടുതൽ സുഗമമാക്കും. ഡിജിറ്റൽ മേഖലയിൽ വലിയ സംഭാവന നൽകാൻ ഡിജിറ്റൽ സയൻസ് പാർക്കിന് കഴിയും. വന്ദേഭാരത് എക്സ്പ്രസ് വന്നതോടെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്താനാകും. ജി20 യോഗങ്ങൾ കേരളത്തിൽ നടത്തിയത് ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാധ്യതകള്‍ വർധിപ്പിച്ചു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാടാണ് കേന്ദ്ര സർക്കാരിന്. അടിസ്ഥാന സൗകര്യവികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നൽകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍ വെ അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. മുന്‍ സർക്കാറുകള്‍ നല്‍കിയതിനേക്കാള്‍ അഞ്ച് ഇരട്ടി തുകയാണ് റെയില്‍വേ വികസനത്തിന് കേന്ദ്രം ഇപ്പോള്‍ സംസ്ഥാനത്തിന് നല്‍കുന്നത്. കേരളത്തിലെ മൂന്നു സ്റ്റേഷനുകൾ ആധുനീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവ കേവലം സ്റ്റേഷനുകള്‍ മാത്രമല്ല, ട്രാന്‍സ്പോർട്ട് ഹബ്ബുകൾ കൂടിയായിരിക്കും. ഷൊർണൂർ മേഖലയിലെ വികസന പ്രവർത്തനങ്ങൾ അവസാനിക്കുമ്പോൾ സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റെയില്‍വേ മന്ത്രി അശ്വനികുമാര്‍ വൈഷ്ണവ്, എംപി ശശി തരൂര്‍, മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, ആന്റണി രാജു എന്നിവരും പങ്കെടുത്തു. ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സര്‍വകലാശാലയോടു ചേര്‍ന്നുള്ള 14 ഏക്കറോളം സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആവിഷ്കരിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്ന തരത്തിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പൂർണ്ണമായും സംസ്ഥാന സർക്കാർ പദ്ധതിയാണ് ഇത്. 2022-23 ലെ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പദ്ധതിക്കായി തുക നീക്കി വെച്ചിരുന്നു. കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് 200 കോടി രൂപ മുതല്‍ മുടക്കില്‍ 2 ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പാര്‍ക്ക് സ്ഥാപിക്കും എന്നായിരുന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചത്.
വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടര്‍ മെട്രോ സര്‍വീസുള്ള രാജ്യത്തെ ഏക മെട്രോയായി ഇതോടെ കൊച്ചി മാറി. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യഘട്ടത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ്. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ യാത്രചെയ്യാം. മറ്റന്നാള്‍ മുതലായിരിക്കും വൈറ്റില - കാക്കനാട് റൂട്ടില്‍ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുക.












Click it and Unblock the Notifications