Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം ഇനി നാടിന് സ്വന്തം: കേരളത്തിനും രാജ്യത്തിനും വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് മോദി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിലൂടെ രാജ്യത്തിനും കേരളത്തിനും സാമ്പത്തികമായി വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന്
മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.

8800 കോടി രൂപ മുതല്‍ മുടക്കിയാണ് ഈ തുറമുഖം സ്ഥാപിച്ചത്. തുറമുഖത്തിന്റെ ട്രാന്‍ഷിപ്മെന്റ് ശേഷി വരും കാലങ്ങളില്‍ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയായി വർധിപ്പിക്കും. അതിലൂടെ ലോകത്തുള്ള വലിയ ചരക്ക് കപ്പലുകള്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. ഇതുവരെ 75 ശതമാനം ട്രാന്‍ഷിപ്മെന്റുകള്‍ ഭാരതത്തിന് പുറത്തുള്ള പോർട്ടുകളിലാണ് നിലനിന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. ഈ സാഹചര്യത്തിന് ഇനി മാറ്റമുണ്ടാകും. രാജ്യത്തിന്റെ പൈസ നമുക്ക് തന്നെ പ്രയോജപ്പെടാന്‍ പോകുകയാണ്. പുറത്തേക്ക് ഒഴികിയിരുന്ന പണം കേരളത്തിനും വിഴിഞ്ഞം തുറുഖത്തിനും അതിലൂടെ ജനങ്ങള്‍ക്കും പുതിയ സാമ്പത്തിക സ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം സമുദ്ര വ്യാപാരത്തിന്റെ കേന്ദ്രമായി മാറും. കേന്ദ്രവും സംസ്ഥാന സർക്കാരും ഒന്നിച്ച് പ്രവർത്തിക്കും. നമുക്ക് സംയുക്തമായി വികസിത കേരളം നിർമിക്കാം. കമ്യൂണിസ്റ്റ് സർക്കാർ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിൽ വലിയ സന്തോഷമുണ്ട്. തുറമുഖ നഗരങ്ങൾ വികസിത ഭാരതത്തിന്റെ നിർണായക കേന്ദ്രങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രം വിഴിഞ്ഞം തുറമുഖ വികസനം യാഥാർഥ്യമാക്കി. പിണറായി വിജയനും ശശി തരൂരും ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളാണ്. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലർക്കും ഉറക്കം നഷ്ടപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

vizhinjam-pm-

അതും നമ്മള്‍ നേടിയെന്ന് മുഖ്യമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആദരാഞ്ജലികള്‍ അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നത് കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണ്. അങ്ങനെ നമ്മള്‍ ഇതും നേടി. വിഴിഞ്ഞം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായി മാറാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി രൂപപ്പെടുത്തിയതും നടപ്പിലാക്കിയതും എല്‍ഡിഎഫ് സർക്കാറാണ്. ഈ പദ്ധതി പൂർത്തീകരിക്കാന്‍ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു. നാടിന്റെ ഒരുമയും ജനങ്ങളും ജനങ്ങളുടെ ഐക്യവും കൊണ്ടാണ് ഇത്തരം പദ്ധതികള്‍ പൂർത്തീകരിക്കാന്‍ കഴിയുന്നത്. അദാനി പോർട്ട് ഈ തുറമുഖ നിർമ്മാണത്തില്‍ നല്ല രീതിയിലുള്ള പിന്തുണയാണ് നല്‍കിയത്. വികസനത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടമാണ് ഇവിടെ തുറക്കുന്നത്.

ഇന്ത്യയെ സാർവ്വദേശീയ മാരിടൈം വ്യാപാര ഭൂപടത്തില്‍ കണ്ണിചേർക്കുന്ന മഹാസംഭവമാണ് ഇത്. പദ്ധഥി ചിലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. 5686 കോടിയില്‍ 5370 കോടി സംസ്ഥാന സർക്കാർ, 2497 കോടി അദാനി പോർട്ടും മുടക്കുന്നു. 818 കോടിയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് കേന്ദ്രവും നല്‍കുന്നുവന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാസവന്‍ പറഞ്ഞത്

കേരളത്തിലെ കപ്പലോട്ട ചരിത്രത്തിന് രണ്ടായിരത്തിലധികം വർഷത്തെ പഴക്കമുണ്ട്. ബൈബിളിൽ പരാമർശിക്കുന്ന സോളമന്റെ കാലത്തുതന്നെ കേരള തീരത്ത്‌ സുഗന്ധവ്യഞ്‌ജന വ്യാപാരത്തിനായി കപ്പലുകളെത്തി. ഇതിനൊപ്പം വ്യാപാരത്തിനെത്തിയ യവനൻമാരുടെ അധിവാസകേന്ദ്രവും മുചിരിയിൽ ഉണ്ടായിരുന്നതായി സംഘകൃതികളിലുണ്ട്. കപ്പലോട്ടവും വിദേശവാണിജ്യവും പ്രാചീന കേരളത്തിന് വാണിജ്യ വിനിമയബന്ധത്തിൽ നിർണായകസ്ഥാനം നേടിക്കൊടുത്തു. ഇന്ത്യാ സമുദ്രവാണിജ്യ വ്യവസ്ഥ എന്ന് ചരിത്രഗവേഷകർ വിളിക്കുന്ന ഈ വാണിജ്യനീക്കത്തിന്റെ കേന്ദ്രബിന്ദു കേരളമായിരുന്നു. വിഴിഞ്ഞത്തിലൂടെ അന്താരാഷ്ട്ര വാണിജ്യ നീക്കത്തിന്റെ കേന്ദ്രമെന്ന ആ പദവി കേരളം വീണ്ടും തിരിച്ചുപിടിക്കുകയാണ്.

ഇടതുമുന്നണി നേതൃത്വം നൽകിയ സർക്കാരുകളുടെയും ജാഗ്രതയോടുകൂടിയ നിരന്തര പോരാട്ടത്തിന്റെയും ഇടപടലുകളുടെയും വിജയമാണ് വിഴിഞ്ഞമെന്ന വിജയഗാഥ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന ആശയത്തിന് കേരളത്തിൽ വിത്തുപാകുന്നത് 1996ലെ ഇ കെ നായനാർ സർക്കാരാണ്. വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം നിർമിക്കുന്നതിനായുള്ള ശാസ്‌ത്രീയപഠനത്തിന് അന്ന് സമിതിയെ നിയോഗിച്ചു.

2006ൽ എൽഡിഎഫ്‌ നേതൃത്വത്തിൽ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിലെത്തി. തുറമുഖ നിർമാണത്തിന്റെ തുടർച്ചയെന്ന നിലയിൽ നടപടികളുമായി മുന്നോട്ടുനീങ്ങി. 2010 ആഗസ്റ്റ് 11-ന് തുറമുഖ മന്ത്രി എം വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുറമുഖ കമ്പനി ഉദ്ഘാടനംചെയ്‌തു. അതിനുശേഷം അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ല. തുടർന്നാണ് വിഴിഞ്ഞം പദ്ധതിക്കായുള്ള ശക്തമായ പ്രക്ഷോഭം എൽഡിഎഫ് ആരംഭിക്കുന്നത്. ആദ്യം മനുഷ്യച്ചങ്ങല. നിയമസഭയിലേക്കും സമരം വ്യാപിപ്പിച്ചു. അതിനുശേഷമാണ് പേരിന് തറക്കല്ലിട്ടത്.

പദ്ധതിയുടെ ചുമതല അദാനി പോർട്ടിനു നൽകുന്നത് യുഡിഎഫ്‌ കാലത്താണെങ്കിലും, നിർമാണം ആരംഭിക്കുന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌. ഒന്നും രണ്ടും പിണറായി സർക്കാർ ചിട്ടയോടെ നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണ് രാജ്യത്തിന് മുന്നിൽ അഭിമാന പദ്ധതിയായി ഉയർന്നു നിൽക്കുന്ന വിഴിഞ്ഞം. തുടക്കത്തിലും തുടർന്നുള്ള കാലയളവിലും പദ്ധതി നടപ്പാക്കുന്നതിൽ നിരവധി പ്രശ്‌നങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിട്ടു. അതിനെയെല്ലാം മറികടന്നാണ് ഒന്നാംഘട്ടം പൂർത്തിയാക്കി രാഷ്‌ട്രത്തിന് സമർപ്പിക്കുന്നത്.

വേദിയില്‍ പതിനേഴ് പേർ മാത്രം

ആകെ പതിനേഴ് പേർക്കായിരുന്നു ഉദ്ഘാടന വേദിയിൽ ഇരിപ്പിടം. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖമന്ത്രിക്കും പുറമെ
ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ.റഹിം, ജോണ്‍ ബ്രിട്ടാസ് സ്ഥലം എംഎൽഎ എം.വിൻസന്റ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി പിന്നെ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർക്കായിരുന്നു ഇരിപ്പിടം.

പ്രതിപക്ഷ നേതാവില്ല

ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ വിഴിഞ്ഞത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് വിഷയത്തിലെ നിലപാട് ആവർത്തിക്കുകയും ചെയ്തു. ചരിത്രത്തെ ബോധപൂർവ്വം മറന്ന് തിരുത്തി എഴുതാനാണ് ശ്രമമെന്നും ഇക്കൂട്ടർക്ക് ഉമ്മൻചാണ്ടിയുടെ ഓർമകളെ പോലും ഭയമാണെന്നും സതീശൻ കുറിച്ചു. മായ്ചാലും മായാത്ത ചരിത്രമായി ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

വി മുരളീധരന്‍

വിഴിഞ്ഞം പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് നിഷേധിക്കാനാവില്ലെന്ന് വിശദീകരിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരനും ക്രെ‍ഡിറ്റ് വിവാദത്തിൽ പങ്ക് ചേർന്നു. കരാർ ഒപ്പിടാനും തടസ്സങ്ങൾ ഒഴിവാക്കാനും ഏറെ പരിശ്രമിച്ച ആളാണ് ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയല്ല, കടൽക്കൊള്ളയാണെന്ന് ആദ്യം പരിഹസിക്കുകയും വിമർശിക്കുകയും ചെയ്ത സിപിഎം പിന്നീടാണ് അത് മാറ്റിപ്പറയാൻ തയ്യാറായതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു

എംവി ഗോവിന്ദന്‍

അതേസമയം വിഴിഞ്ഞം പദ്ധതിയുടെ ആദ്യ ക്രെഡിറ്റ് ആർക്കെങ്കിലും നൽകണമെങ്കിൽ അത് ഇ കെ നായനാർക്കാണ് വേണ്ടതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. പദ്ധതി പൊളിക്കാൻ നടന്നവരാണ് ബിജെപിക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തായാലും ക്രെഡിറ്റിന്റെ പേരിലുള്ള വാക്പോര് തുടരുന്നതിനിടെ നടന്ന കമ്മീഷനിങ് ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുക്കാനെത്തി. നഗരത്തിൽ നിന്ന് വിഴി‍ഞ്ഞത്തേക്ക് പ്രത്യേക സർവീസ് നടത്തി കെഎസ്ആർടിസി അഭിമാന പദ്ധതിയുടെ ഉദ്ഘാടന സന്തോഷത്തിൽ പങ്ക് ചേർന്നു. രാവില ഒമ്പതര മുതലാണ് പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+