
ഇന്ത്യ പുതിയ ചരിത്രം എഴുതുന്നുവെന്ന് മോദി: രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിനന്ദന പ്രവാഹം
ദില്ലി: രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പുതിയ ചരിത്രം എഴുതുന്നുവെന്നാണ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയും ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയുമായ മുർമുവിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്റററില്‍ കുറിച്ചത്. വോട്ടെണ്ണലിന്റ മൂന്നാം റൌണ്ടില്‍ തന്നെ 50 ശതമാനത്തോളം വോട്ട് നേടി സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തിയതിന് പിന്നാലെ മുർമുവിനെ നേരില്‍ കണ്ട് പ്രധാനമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

"1.3 ബില്യൺ ഇന്ത്യക്കാർ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന സമയത്ത്, കിഴക്കൻ ഇന്ത്യയുടെ വിദൂര ഭാഗത്ത് ജനിച്ച ഒരു ഗോത്രവർഗത്തിൽ നിന്നുള്ള ഇന്ത്യയുടെ മകൾ ഞങ്ങളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടത്തിന് ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങൾ," പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് ഒപ്പമായിരുന്നു പ്രധാനമന്ത്രി മുർമുവിനെ കണ്ട് അഭിനന്ദനമറിയിച്ചത്. പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വിവിധ കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവരും മുർമുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തി.ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി എന്ന നിലയിൽ അവർ ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു യശ്വന്ത് സിന്‍ഹ വ്യക്തമാക്കിയത്.

രാഷ്ട്രപതി ഇന്ത്യൻ ജനാധിപത്യത്തിന് രണ്ട് പ്രധാന വഴികളിലൂടെ ഗുണം ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യം, ഇത് മിക്ക ഓപ്പൺ പാർട്ടികളെയും ഒരു പൊതു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവന്നു. ഇത് തീർച്ചയായും കാലഘട്ടത്തിന്റെ ആവശ്യമാണ്. രണ്ടാമതായി, എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, രാജ്യത്തെ സാധാരണ ജനങ്ങളുടെ മുന്നിൽ പ്രധാന വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടാൻ ഞാൻ ശ്രമിച്ചു. പ്രത്യേകിച്ചും, ഇ ഡി , സി ബി ഐ, ഇന്‍കം ടാക്സ് എന്നിവയുടെ നഗ്നമായ വ്യാപകമായ ദുരുപയോഗത്തെക്കുറിച്ച് ഞാൻ ശക്തമായ ആശങ്ക പ്രകടിപ്പിച്ചെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേർത്തു

'ഇന്ന് അവർ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. ഞാൻ ദ്രൗപതി മുർമുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. തന്റെ ചുമതലകൾ നിർവഹിച്ച് അവൾ ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'- മധ്യപ്രദേശ് ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു.

വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ടില്‍ തന്നെ മൊത്തം സാധുവായ വോട്ടുകളുടെ 50% നേടാന്‍ മുർമുവിന് സാധിച്ചിരുന്നു. നാലാം റൗണ്ട് വോട്ടെണ്ണല്‍ കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുക. മൂന്നാം റൗണ്ടിൽ ആകെ സാധുവായ വോട്ടുകൾ 1,333 ഉം വോട്ടുകളുടെ ആകെ മൂല്യം 1,65,664 ആയിരുന്നു. ഇതില്‍ ദ്രൗപതി മുർമുവിന് 812 വോട്ടും യശ്വന്ത് സിൻഹയ്ക്ക് 521 വോട്ടും ലഭിച്ചു.

ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചപ്പോഴും യശ്വന്ത് സിൻഹയ്‌ക്കെതിരെ ദ്രൗപതി മുർമുവിന് വ്യക്തമായ ലീഡ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഈ റൌണ്ടില്‍ മുർമു 3,78,000 മൂല്യമുള്ള 540 വോട്ടുകൾ നേടി സിന്‍ഹ 1,45,600 മൂല്യമുള്ള 208 വോട്ടുകൾ കരസ്ഥമാക്കി. 15 വോട്ടുകള്‍ അസാധുവായി. പാർലമെന്റിലെ വോട്ടുകളാണ് ആദ്യ റൌണ്ടില്‍ എണ്ണിയത്. സംസ്ഥാനങ്ങളുടെ ബാലറ്റ് പേപ്പർ അക്ഷരമാലാക്രമത്തിൽ എണ്ണിയപ്പോള്‍ ആകെ സാധുവായ1138 വോട്ടുകളില്‍ ( വോട്ട് മൂല്യം 1,49,575) 809 ഉം മുർമുവിന് ലഭിച്ചു.