നാഥുറാം ഗോഡ്സെ നാടിന്റെ ശാപമായിരുന്നു,വികാരമല്ല വെളിച്ചമാണ് നേതാക്കൾക്ക് വഴി കാട്ടേണ്ടത്'; ശ്രീധരൻപിള്ള
തിരുവനന്തപുരം: നാഥുറാം ഗോഡ്സെ നാടിന്റെ ശാപമായിരുന്നുവെന്ന് ഗോവ ഗവര്‍ണറും ബിജെപി നേതാവുമായ പി.എസ് ശ്രീധരന്‍പിള്ള.ഗാന്ധി എന്ന വെളിച്ചത്തെ ഇല്ലാതാക്കി കൊടിയ പാപം ചെയ്തയാളാണ് ഗോഡ്സെ.കാരണം എന്തുതന്നെയായാലും ഗോഡ്‌സെ ചെയ്തത് നടക്കാൻ പാടില്ലായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വെളിയം രാജീവിന്റെ 'ഗാന്ധി വെഴ്സസ് ഗോഡ്സെ' എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച നാലാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗാന്ധിയൻ പ്രത്യയശാസ്ത്രം മനുഷ്യരാശിക്ക് ഒരു വഴികാട്ടിയായി നിലകൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നു. വികാരങ്ങളല്ല ചിന്തയാൽ നയിക്കപ്പെടുന്ന സമൂഹത്തെയാണ് നേതാക്കൾ സൃഷ്ടിക്കേണ്ടത്', പിള്ള പറഞ്ഞു.

തന്റെ തത്ത്വങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഗാന്ധിജി രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയായിരുന്നു. തന്റെ മകൻ അഴിമതിയാരോപണം നേരിട്ടപ്പോൾ, ലോകത്തിനുമുമ്പിൽ അതിൽ അപലപിക്കാൻ ഗാന്ധിജി തയ്യാറായി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ തത്ത്വചിന്ത പ്രസക്തമാണ്. ഗന്ധിയോടുള്ള തന്റെ ജീവിതപ്രണാമം താന്‍ അര്‍പ്പിക്കുന്നു', ശ്രീധരൻപിള്ള പറഞ്ഞു.
'ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു കണ്ടെത്തിയ കപൂർ കമ്മിഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ല. എന്നെ വേദനിപ്പിക്കുന്ന കാര്യം ഈ ജനാധിപത്യ രാജ്യത്ത് കപൂർ കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പുകളെല്ലാം നശിപ്പിക്കപ്പെട്ടു എന്നതാണ്. റിപ്പോർട്ടിന്റെ ഒരു പകർപ്പ് പോലും അവശേഷിപ്പിക്കാതെ ആ ക്രൂരമായ സത്യത്തെ ഇന്ത്യൻ സംവിധാനം കുഴിച്ചുമൂടുകയായിരുന്നു. ജനാധിപത്യത്തിന്റെ പേരിൽ അഭിമാനിക്കുന്നവരുടെ ചരിത്രമാണിത്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമാണ്. ഒഴുകിപ്പോകുമ്പോള്‍ അതിനെ ഒപ്പിയെടുത്ത് പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ നമുക്ക് സാധിക്കണം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications