കേരളത്തിലെ ദേശീയപാത വികസനം; സുരേന്ദ്രന്റെ വാദം നട്ടാൽ കുരുക്കാത്ത നുണ,ബിജെപിക്ക് ആശയ ദാരിദ്ര്യമെന്നും റഹീം
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവനകൾ കള്ളമാണെന്നും, കേരളം പണം നൽകിയതായും കേന്ദ്രസർക്കാർ രേഖാമൂലം സമ്മതിച്ചുവെന്ന് എ എ റഹീം എം പി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും റഹീം പറഞ്ഞു.
കേരള സർക്കാർ ദേശീയ പാതാ വികസനത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന കെ സുരേന്ദ്രന്റെ വാദം നട്ടാൽ കുരുക്കാത്ത നുണയാണ്. NH-66 ന്റെ ഭൂമി ഏറ്റെടുക്കലിനും വികസനപ്രവർത്തനങ്ങൾക്കുമായി കേരള സർക്കാർ എത്ര തുക ചിലവാക്കി എന്ന ചോദ്യത്തിന്, ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം കേരളം വഹിക്കും എന്നാണ് നിതിൻ ഗഡ്കരി നൽകിയ മറുപടി. ഇതിനോടകം തന്നെ 5519 കോടി രൂപ കേരളാ ഗവണ്മെന്റ് ചിലവാക്കിയിട്ടുണ്ടെന്നും മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഗീബൽസിയൻ തന്ത്രങ്ങൾ പ്രയോഗിക്കുകയാണ് ബി ജെ പി. വസ്തുതകൾ നിരത്തി സി പി എമ്മിനെതിരെയോ ഇടതുപക്ഷ സർക്കാറിനെതിരോ ഒറ്റ ആരോപണം പോലും ഉന്നയിക്കാനാകാതെ ആശയ ദാരിദ്രമാണ് ബി ജെ പി അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
ദേശീയപാതാ വിഷയത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് ഈ തുക നേരിട്ട് ആവശ്യപ്പെട്ടതാണ് എന്നത് ശ്രദ്ധേയമാണ്. NH 66 കടന്നു പോകുന്ന മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ഒരു രൂപ പോലും ദേശീയപാത വികസനത്തിന് ചിലവഴിച്ചിട്ടില്ല എന്നത് ഇതിനോട് കൂട്ടിവായിക്കപ്പെടണം. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ കേരളത്തോട് കാണിക്കുന്ന ഈ അവഗണനയ്ക്കെതിരെ എല്ലാ മലയാളികളും പ്രതിഷേധിക്കണമെന്നും റഹീം പറഞ്ഞു.
കെ സുരേന്ദ്രന്റെയും സംസ്ഥാന ബി ജെ പിയുടെയും ലക്ഷ്യം വളരെ വ്യക്തമാണ്. മോദി സർക്കാർ ചെയ്യുന്ന കൊള്ളരുതായ്മകളെ കള്ളങ്ങൾ കൊണ്ട് മറച്ചു പിടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഭരണപരമായ പാളിച്ചകളെയും, അദാനിയെ പോറ്റി വളർത്തുന്ന കോർപ്പറേറ്റ് നയങ്ങളെയും സംരക്ഷിക്കാൻ ഈ നുണപ്രചാരവേലകൾ കൊണ്ട് ബി ജെ പിക്ക് സാധിക്കില്ല. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ അത്ര പെട്ടൊന്നൊന്നും വിഡ്ഢികളാക്കാനാകില്ല. കുപ്രചരണങ്ങൾ നടത്തുന്ന ഈ വർഗീയശക്തികൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും റഹീം പറഞ്ഞു.












Click it and Unblock the Notifications