ദേശീയ പാര്‍ട്ടിയുടെ കുഴല്‍പണ കേസ്: നിര്‍ണായക നീക്കം... 23 ലക്ഷം രൂപ പിടിച്ചെടുത്തു, സ്വര്‍ണവും
തൃശൂര്‍: ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്നു എന്ന് പറയുന്ന കുഴല്‍പണം തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് വന്‍തുകയും സ്വര്‍ണവും പിടിച്ചെടുത്തു.
കേസില്‍ പോലീസിന് മറ്റുചില വിവരങ്ങളും ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇത് സംബന്ധിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. ദേശീയ പാര്‍ട്ടി എന്നാണ് മാധ്യമ വാര്‍ത്തകള്‍ എങ്കിലും, അത് ബിജെപി ആണെന്ന ആരോപണം സിപിഎം ഉന്നയിച്ചുകഴിഞ്ഞു. വിശദാംശങ്ങള്‍...

പിടിച്ചെടുത്തത് 23 ലക്ഷം
കുഴല്‍പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതി ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് പോലീസ് പണം കണ്ടെത്തിയത്. 23 ലക്ഷം രൂപയാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിനൊപ്പം മൂന്ന് പവന്‍ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.

പരാതിയില്‍ 25 ലക്ഷം
25 ലക്ഷം രൂപയും കാറും തട്ടിയെടുത്തു എന്നായിരുന്നു കോഴിക്കോട് സ്വദേശിയായ ധര്‍മരാജന്റെ പരാതി. കാര്‍ നേരത്തേ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഈ 23 ലക്ഷം പിടിച്ചെടുത്തതോടെ കേസ് അവസാനിക്കുമോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

മൂന്നര കോടിയോ പത്ത് കോടിയോ
ദേശീയ പാര്‍ട്ടിയ്ക്കായി കൊണ്ടുവന്ന മൂന്നര കോടി രൂപയുടെ കുഴല്‍ പണം തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വച്ച് തട്ടിയെടുത്തു എന്നാണ് ആക്ഷേപം. ഈ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കളാണ് ഇതിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നര കോടി രൂപയല്ല, പത്ത് കോടി രൂപയായിരുന്നു കാറില്‍ ഉണ്ടായിരുന്നത് എന്നും അഭ്യൂഹമുണ്ട്.

ബിജെപിയ്‌ക്കെതിരെ
മാധ്യമങ്ങള്‍ ദേശീയ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കുന്ന, ഈ കുഴല്‍പണ ഇടപാടിലെ പാര്‍ട്ടി ബിജെപി ആണെന്നാണ് ആക്ഷേപം. സിപിഎമ്മും എല്‍ഡിഎഫും ആണ് ഈ ആക്ഷേപം ആദ്യം ഉന്നയിച്ചത്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണം എന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

നിഷേധിച്ച് ബിജെപി
എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം ബിജെപി നിഷേധിക്കുകയാണ്. തങ്ങള്‍ക്ക് ആവശ്യത്തിന് പണമുണ്ടെന്നും കുഴല്‍പണം കടത്തേണ്ട കാര്യമില്ലെന്നും ആണ് ബിജെപിയുടെ വിശദീകരണം. എന്നാല്‍ ഇതില്‍ ഇപ്പോഴും ചില സംശയങ്ങള്‍ ബാക്കിയാണ്.

വിവരങ്ങള്‍ പോലീസിന്
ആര്‍ക്ക് വേണ്ടിയാണ് കുഴല്‍ പണം കൊണ്ടുവന്നത് എന്നതും ആരാണ് കാറും പണവും തട്ടിയെടുത്തത് എന്നതും സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പറയുന്നു. എന്നാല്‍ കുഴല്‍പണ തട്ടിപ്പില്‍ പോലീസിനെ ചിലര്‍ക്കും പങ്കുണ്ടെന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്.

തന്ത്രപരമായ നിലപാട്
തിരഞ്ഞെടുപ്പ് കമ്മീഷനും ഈ കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനോട് ആരാഞ്ഞിട്ടുണ്ട്. പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പേരില്ലെന്നാണ് വിവരം. രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.

ഇഡി വരണം
ദേശീയ പാര്‍ട്ടിയ്ക്ക് വേണ്ടി കോടികളുടെ കുഴല്‍പണം എത്തിച്ച വിഷയത്തിലും അത് തട്ടിയെടുത്ത വിഷയത്തിലും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ ആണ് ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications