എന്‍സിപിയില്‍ മന്ത്രിയാവാന്‍ പൊരിഞ്ഞ പോര്, പതിനെട്ടിന് അറിയാം, ശശീന്ദ്രനെ തോമസ് വെട്ടുമോ?
കൊച്ചി: എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി പൊരിഞ്ഞ പോര്. എകെ ശശീന്ദ്രനെ വെട്ടാനുള്ള നീക്കത്തിലാണ് തോമസ് കെ തോമസ് ഉള്ളത്. തോമസ് ചാണ്ടിക്ക് നഷ്ടമായ മന്ത്രിസ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് തോമസ് കെ തോമസ്. അതേസമയം മന്ത്രിയെ പതിനെട്ടിന് പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. തര്‍ക്കത്തില്‍ മന്ത്രിയാരാണെന്ന പ്രഖ്യാപിക്കുന്നത് വൈകരുതെന്നാണ് നിര്‍ദേശം. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തിലാണ് മന്ത്രിയെ പ്രഖ്യാപിക്കുക.

എകെ ശശീന്ദ്രന് ദേശീയ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയാണ് ഉള്ളത്. ഇടതുമുന്നണി വിടേണ്ടെന്ന ശശീന്ദ്രന്റെ തീരുമാനം രാഷ്ട്രീയ ശരിയാണെന്ന് തിരിച്ചറിഞ്ഞതും ദേശീയ നേതൃത്വത്തിന്റെ അനുകൂല തീരുമാനത്തിന് കാരണമാകും. മാണി സി കാപ്പന് വേണ്ടി ഇടതുമുന്നണി വിട്ടിരുന്നെങ്കില്‍ രാഷ്ട്രീയ നഷ്ടം എന്‍സിപിക്കുണ്ടാവുമായിരുന്നു എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് തന്നെയായിരുന്നു എന്‍സിപിയില്‍ നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ തോമസ് കെ തോമസ് അപ്രതീക്ഷിതമായി മന്ത്രിസ്ഥാനത്തിന് നീക്കം നടത്തിയതോടെ ശശീന്ദ്രന്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
സിപിഎമ്മുമായി കഴിഞ്ഞ ദിവസം എന്‍സിപി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. മെയ് പതിനെട്ടിന് മന്ത്രിയെ അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എകെ ശശീന്ദ്രനും തോമസ് കെ തോമസും രണ്ട് തട്ടിലായിരിക്കുന്നതിനാല്‍ സിപിഎമ്മിനും ഇത് തലവേദനയാണ്. എന്‍സിപിയിലെ ശശീന്ദ്രന്‍ വിരുദ്ധ വിഭാഗം അദ്ദേഹത്തെ മാറ്റണമെന്ന് നേരത്തെ തന്നെ പറയുന്നതാണ്. ഇത്രയും കാലം മത്സരിക്കുകയും, മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രന്‍ ഇനിയും തുടരേണ്ടെന്നാണ് ആവശ്യം. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന ജനറല്‍ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനും എതിരെ നടപടിയെടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ ശ്രമിക്കുന്നുവെന്നാണ് സൂചന.
Recommended Video
പീതാംബരനെ മാറ്റാനുള്ള ശ്രമം ശശീന്ദ്രന്‍ വിഭാഗവും നടത്തുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവിക്കും എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ ശശീന്ദ്രന്‍ വിഭാഗമാണ്. അതേസമയം കാപ്പന്‍ രാഷ്ട്രീയമായി പരാജയപ്പെട്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ പീതാംബരന്‍ കാപ്പനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. സംസ്ഥാന വൈസ് പ്രസിഡന്റ് തന്നെ പീതാംബരനെ തിരുത്തി. ഔദ്യോഗിക നിലപാടല്ല ഇതെന്നും പറഞ്ഞു. തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പീതാംബരന്റെ നീക്കം. എന്നാല്‍ അത് എളുപ്പമാകില്ലെന്നാണ് സൂചന.












Click it and Unblock the Notifications