നെടുമങ്ങാട് ബസ് അപകടം; കടുത്ത നടപടികളുമായി മോട്ടോർ വാഹന വകുപ്പ്, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു
തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ കടുത്ത നടപടിയുമായി എംവിഡി. അപകടത്തിൽപ്പെട്ട ബസിന്റെ ഫിറ്റ്നസും ആർസിയും റദ്ദാക്കി. കൂടാതെ വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് (34) ആണ് പിടിയിലായത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവൻ നഷ്‌ടപ്പെടുത്തിയതിന് കേസെടുത്തിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ഒരു സ്ത്രീക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിരുന്നു.

അപകടമുണ്ടായ ടൂറിസ്‌റ്റ് ബേസിൽ അനധികൃത ലൈറ്റുകളും ശബ്‌ദ സംവിധാനങ്ങളും ഉണ്ടായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ബസിന്റെ പെർമിറ്റും രജിസ്ട്രേഷനും റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. കടുത്ത നടപടികളിലേക്കാണ് സർക്കാർ കടക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അതേസമയം, കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് ഇന്നലെ രാത്രി പത്തേകാലോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് തലകീഴായി മറിഞ്ഞിരുന്നു. അപകടത്തിൽ കാവല്ലൂർ സ്വദേശിനി ദാസിനിയാണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത് ഇതിന്റെ തീവ്രത കുറിച്ചിരുന്നു.
ഈ സമയം ബസിൽ ഒരു വയസ് പ്രായമുള്ള കുട്ടികളടക്കമുള്ളവർ ഉണ്ടായിരുന്നു. അപകട സമയത്ത് ബസിൽ ഉണ്ടായിരുന്ന 49 പേരിൽ 44 പേർക്കും പരുക്കേൽക്കുകയും ചെയ്‌തു. അപകടത്തിൽ സാരമായി പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷിക്കുന്നവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അപകടമുണ്ടാവുന്ന സമയത്ത് ബസ് അമിതവേഗതയിൽ ആയിരുന്നുവെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. ഇതോടെ ടൂറിസ്‌റ്റ് ബസ് ഡ്രൈവർ ഒറ്റശ്ശേരിമംഗലം സ്വദേശിയായ അരുൾ ദാസിനെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നെടുമങ്ങാട് സ്‌റ്റേഷനിൽ എത്തിച്ച അരുളിനെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ അപകടമുണ്ടായ സ്ഥലത്തെ റോഡ് നിർമ്മാണത്തിലും അശാസ്ത്രീയതയുണ്ടെന്നാണ് ആരോപണം. പിന്നാലെ റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധംഉൾപ്പെടെ ഇവിടെ നടന്നിരുന്നു. പതിവായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന ഇടമാണ് ഇതെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്.












Click it and Unblock the Notifications