നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം കേരളത്തിലേക്കും, തട്ടിപ്പ് സംഘാംഗങ്ങള്‍ രണ്ട് ജില്ലകളില്‍?
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേരളത്തിലേക്കും അന്വേഷണം നീളുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം തയ്യാറാക്കിയ മാത്യക ചോദ്യപേപ്പര്‍ കേരളത്തിലേക്കും എത്തിയിട്ടുണ്ട് എന്നാണ് സൂചന. കേരളം അടക്കം 10 സംസ്ഥാനങ്ങളിലേക്കാണ് സി ബി ഐ അന്വേഷണം നീട്ടിയിരിക്കുന്നത്. ചോര്‍ന്ന ചോദ്യപേപ്പര്‍ 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് രാജസ്ഥാന്‍ പൊലീസിന്റെ കണ്ടെത്തല്‍.
ഈ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സി ബി ഐയ്ക്ക് കൈമാറിയിരിക്കുകയാണ്. കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരും ഈ ലിസ്റ്റില്‍ ഉണ്ട് എന്നാണ് വിവരം. നാസിക്കില്‍ നിന്ന് ചോര്‍ന്ന ചോദ്യപേപ്പര്‍ സംഭവത്തിന് കേരളത്തിലെ ബന്ധം അന്വേഷിക്കാന്‍ അന്വേഷണസംഘം സംസ്ഥാനത്തേക്ക് എത്തും. കേരളത്തില്‍ പഠിക്കുന്ന രാജസ്ഥാന്‍ സ്വദേശിയിലേക്കാണ് ചോദ്യപേപ്പര്‍ എത്തിയത്.

കേരളത്തിലും ചോദ്യപേപ്പര്‍ വിറ്റിട്ടുണ്ട് എന്നും എം ബി ബി എസ് പഠിക്കുന്ന വിദ്യാര്‍ഥി വഴിയും ചോദ്യപേപ്പര്‍ പ്രചരിച്ചു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏത് മെഡിക്കല്‍ കോളേജിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. നാസിക്കില്‍ പിടിയിലായ ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ പിടികൂടിയാല്‍ കേസില്‍ പ്രധാനവഴിത്തിരിവാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
സി ബി ഐ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ സി ബി ഐ നിയോഗിച്ചിരിക്കുന്നത് നാല് സംഘങ്ങളെയാണ്. വിവിധ സംസ്ഥാനങ്ങളിലേക്ക് ഓരോ സംഘത്തെ അയയ്ക്കും. ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ചോര്‍ത്തിയക് എന്നാണ് കണ്ടെത്തല്‍. നാസിക്കിലെ ഒരു പ്രസ്സിലാണ് നീറ്റ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്തത്.
ഈ പ്രിന്റിംഗ് പ്രസ്സില്‍ നിന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ശുഭം കര്‍നിയാറിന് ചോദ്യപേപ്പര്‍ പൂര്‍ണ്ണരൂപത്തില്‍ കിട്ടുന്നത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൈമാറുകയായിരുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ ഇടപാടാണ് ഇതിനിടയില്‍ നടന്നത് എന്നാണ് സൂചന. ചോദ്യപേപ്പര്‍ ലഭിച്ച ഡോക്ടര്‍ ആണ് ചോര്‍ച്ചയുടെ സൂത്രധാരന്‍ മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും പിന്നീട് പേപ്പര്‍ എത്തിക്കുന്നത്.
അതിന് ശേഷം ജയ്പൂര്‍, ഡല്‍ഹി, ഡെറാഡൂണ്‍, ജമ്മുകശ്മീര്‍, ബീഹാര്‍, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇത് വിതരണം ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. ആദ്യം കിട്ടിയ യഥാര്‍ത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃക ചോദ്യ പേപ്പര്‍ എന്ന നിലയിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്.
ടെലഗ്രാം, വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങള്‍ വാങ്ങിയാണ് ചോദ്യപേപ്പര്‍ വിറ്റത്. മാതൃക ചോദ്യപേപ്പറിലെ ബയോളജി ചോദ്യങ്ങളില്‍ 90 എണ്ണവും കെമസ്ട്രിയിലെ 45 ചോദ്യങ്ങളില്‍ 35 എണ്ണം യഥാര്‍ത്ഥ ചോദ്യപേപ്പറിലും ഒന്നായിരുന്നു. ഇന്നലെയാണ് മേയ് 3 ന് നടത്തിയ നീറ്റ് യുജി പരീക്ഷ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റദ്ദാക്കിയത്.
പുനപരീക്ഷ പിന്നീട് അറിയിക്കും. എന്നാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഉന്നതവുമായ പരീക്ഷയായ നീറ്റിലെ സുരക്ഷാ വീഴ്ചയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. നിരന്തരം നീറ്റ് അടക്കമുള്ള പരീക്ഷകളില്‍ ക്രമക്കേട് നടക്കുന്നു എനന്ന് ചൂണ്ടിക്കാട്ടി എന്‍ടിഎയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.















Click it and Unblock the Notifications