ദിലീപിന് വീണ്ടും കുരുക്ക്, പുതിയ സാക്ഷി; ദിലീപിനെതിരെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ നിര്‍ണായക മൊഴി. ദിലീപിനെതിരെ മൊഴി നല്‍കാന്‍ കേസില്‍ പുതിയ സാക്ഷി കൂടി എത്തി. ദീലിപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ചേര്‍ത്തല സ്വദേശിയാണ് ദിലീപിനെതിരെ പുതിയ മൊഴി നല്‍കിയതെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ദിലീപ് അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.
അതേസമയം ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുരാജ് സാക്ഷികള്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായാണ് കണ്ടെത്തല്‍. ഡിജിറ്റല്‍ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം ദിലീപിന്റെ മാനേജറെയും സംവിധായകന്‍ റാഫിയെയും ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയിരിക്കുകയാണ്. നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘം ഇവരില്‍ നിന്ന് തേടുന്നത്.

ഇതോടൊപ്പം പള്‍സര്‍ സുനിയുടെ അമ്മ ഇന്ന് രഹസ്യ മൊഴിയും നല്‍കിയിട്ടുണ്ട്. ഇതോടെ ദിലീപിന് കുരുക്ക് മുറുകയാണ്. ബാലചന്ദ്രകുമാറിന്റെ സിനിമയുടെ തിരക്കഥയുടെ സഹായിയായിരുന്നു റാഫി. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ഇന്ന് വിളിച്ചു വരുത്തിയതെന്നാണ് സൂചന. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഈ വോയ്സ് ക്ലിപ്പിലെ ശബ്ദം തിരിച്ചറിയാന്‍ കൂടിയാണ് റാഫിയെ വിളിപ്പിച്ചത്.

റാഫി സിനിമാ മേഖലയില്‍ പരിചയസമ്പത്തുള്ളത് കൊണ്ടും ദിലീപിന്റെ അടുത്ത സുഹൃത്തായത് കൊണ്ടും ബാലചന്ദ്രകുമാറിന്റെ സിനിമയുടെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏല്‍പ്പിച്ചത് റാഫിയെയായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് റാഫിയെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്. നേരത്തെ അന്തരിച്ച സംവിധായകന്‍ സച്ചിയെയായിരുന്നു തിരക്കഥയിലെ തിരുത്തലിനായി ഏല്‍പ്പിച്ചത്. മറ്റ് രണ്ട് സിനിമകള്‍ ചെയ്യുന്നതിനാല്‍ അദ്ദേഹം അത് മറ്റ് രണ്ട് പേരെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ മാനേജരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ദിലീപിന്റെ നിര്‍മാണ കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ ചില തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. ദിലീപ് അടക്കം അഞ്ച് പ്രതികളുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും ശേഖരിക്കും. ഒരാഴ്ച്ചത്തെ ഫോണ്‍ കോളുകളാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ സൂരജ്, ബൈജു, അപ്പു, എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. വധിക്കാനുള്ള ഗൂഢാലോചനക്കസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. ഫെബ്രുവരി 16-ന് മുമ്പ് വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയാണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി അറിയിച്ചു.

വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തീര്‍പ്പാക്കിയ കോടതി ഇക്കാര്യത്തില്‍ വിചാരണ കോടതി മാത്രം സുപ്രീം കോടതിയെ സമീപിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി. നേരത്തെ വിചാരണ നീട്ടുന്നത് വിചാരണ ക്കോടതി ജഡ്ജിയെ മാറ്റാനാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റേയും പള്‍സര്‍ സുനിയുടേയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ വന്‍ വഴിത്തിരിവ് രൂപപ്പെട്ടത്.












Click it and Unblock the Notifications