ഏറ്റവും മികച്ച ഉദാഹരണം കെകെ ശൈലജ: പുറത്താക്കപ്പെടുകയല്ല, സ്വയം മാറിനിൽക്കുകയാണ്: ജയരാജന്‍
കണ്ണൂര്‍: പുതിയ സര്‍ക്കാറില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയ തീരുമാനത്തെ പാര്‍ട്ടി സഖാക്കള്‍ക്ക് മുന്നില്‍ വിശദീകരിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. 2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നു. പരിചയം ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പ് വേണ്ടെന്ന് ശൈലജ കോടിയേരിയോട് പറഞ്ഞു, അപ്രധാനമായ വകുപ്പ് മതിയെന്ന് പറഞ്ഞപ്പോൾ കോടിയേരിയാണ് ഊർജം പകർന്നതെന്നും അദ്ദേഹം ഏര്‍പ്പെടുത്തുന്നു.
കെകെ ശൈലജയെ പോലെ ഇ പി ജയരാജനും, തോമസ് ഐസക്കും, ടി പി രാമകൃഷ്ണനുമെല്ലാം മികച്ച മന്ത്രിമാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇകെ നായനാര്‍ ദിനത്തില്‍ നായനാര്‍ അക്കാദമിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയും അദ്ദേഹം ഇതേ അഭിപ്രായം മുന്നോട്ട് വെച്ചിട്ടുണ്ട്. എംവി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കമ്മ്യൂണിസ്റ്റ് പാർട്ടികൾ
സിപിഎം, സിപിഐ മന്ത്രിമാരിൽ പുതുമുഖങ്ങളാണ് ഏറെപ്പേരും. കഴിവ് തെളിയിച്ചവരെ മാറ്റിനിർത്തൽ എന്നതിലുപരി കഴിവുള്ളവരെ വാർത്തെടുക്കാനാണ് ഇത്തരം രീതി കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിക്കുന്നത്. 21 അംഗ മന്ത്രിസഭയിൽ പതിനേഴും പുതുമുഖങ്ങളാണ്. 3 വനിതകളുമുണ്ട്. ഇത് രണ്ടും കേരള ചരിത്രത്തിൽ ആദ്യത്തേതാണ്.
Recommended Video


കെകെ ശൈലജ
ചരിത്രം തിരുത്തിക്കുറിച്ച് രണ്ടാംതവണയും ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ ജനങ്ങൾക്ക് ഇടതുപക്ഷം നൽകുന്ന സമ്മാനമാണ് മൂന്നു വനിതകളും പതിനേഴ് പുതുമുഖങ്ങളും. കെകെ ശൈലജ ടീച്ചർ കൂടി പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗം ഐകകണേ്ഠ്യന അംഗീകരിച്ചതാണ് 12 സിപിഐ(എം) മന്ത്രിമാരും ഒരു സ്പീക്കറും ഉൾപ്പെടെയുള്ള പേരുകൾ.

മന്ത്രിസഭയിൽ പുതുമുഖമാണ്
കുറച്ച് മുമ്പ് ഒരു അഭിമുഖത്തിൽ ടീച്ചർ തന്നെ വ്യക്തമാക്കിയതുപോലെ ''ഞാൻ മന്ത്രിസഭയിൽ പുതുമുഖമാണ്. ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്ന ആരോഗ്യവകുപ്പ് എനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയമുണ്ടായിരുന്നു. മറ്റേതെങ്കിലും വകുപ്പ് തന്നുകൂടേ എന്ന് കോടിയേരിയോട് അന്ന് ചോദിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ഒരുവിധം നന്നായി ഈ വകുപ്പ് കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്ന് കരുതുന്നു.''

പുതുമുഖങ്ങൾക്ക്
പുതുമുഖങ്ങൾക്ക് അവസരം നൽകുന്നത് ശരിയായ തീരുമാനമാണെന്നുതന്നെയാണ് ടീച്ചറുടെ അഞ്ചുവർഷക്കാലത്തെ മന്ത്രിസഭയിലെ തിളക്കമാർന്ന പ്രകടനം വ്യക്തമാക്കുന്നത്. സഖാക്കൾ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ജി. സുധാകരൻ, ടി.എം. തോമസ് ഐസക്, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, എ.സി. മൊയ്തീൻ, കെ.ടി. ജലീൽ എന്നിവരും ശൈലജടീച്ചറോടൊപ്പം തന്നെ കഴിവുതെളിയിച്ചവരാണ്.

ഏതൊരാളും ഭരിക്കാൻ കഴിവുള്ളവരാണ്
പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം എല്ലാവരും വളരെ ഭംഗിയായി നിർവ്വഹിച്ചു. കോൺഗ്രസ്സിന്റെയോ ലീഗിന്റെയോ സംസ്‌കാരമല്ല, കമ്മ്യൂണിസ്റ്റുകാരുടേത്. ബൂർഷ്വാ പാർട്ടികളിൽ ഒരാൾ എംപിയോ എംഎൽഎയേയോ ആയാൽ മരിക്കുന്നതുവരെ തുടരുകയും അതിനുശേഷം മക്കളെ വാഴിക്കുകയും ചെയ്യുന്ന സംസ്‌കാരമല്ല, ജനങ്ങളാഗ്രഹിക്കുന്ന രാഷ്ട്രീയ സംസ്‌കാരം. ലെനിൻ വ്യക്തമാക്കിയതുപോലെ ''കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഏതൊരാളും ഭരിക്കാൻ കഴിവുള്ളവരാണ്.''

കൂട്ടായ്മയിലൂടെ
കൂട്ടായ്മയിലൂടെയാണ് പിണറായി വിജയൻ സർക്കാർ അഞ്ചുവർഷം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി മികവുതെളിയിക്കുകയും തുടർഭരണത്തിന് ജനകീയ അംഗീകാരം നേടുകയും ചെയ്തത്. മികവുതെളിയിച്ചവരെല്ലാം പുതിയൊരു ടീമിനുവേണ്ടി സ്വയം മാറിനിൽക്കുകയാണ്. ഒരാളും പുറത്താക്കപ്പെടുകയല്ല, പുതുമുഖങ്ങൾക്ക് കഴിവുതെളിയിക്കാനായി അവസരം നൽകുക മാത്രമാണ് ചെയ്യുന്നത്.












Click it and Unblock the Notifications