Get Updates
Get notified of breaking news, exclusive insights, and must-see stories!

News Updates Today: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ അറിയാം

സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തിയിൽ നേരിയ കുറവുണ്ടായ ദിവസമായിരുന്നു ഇന്നലെ. അതുപോലെ തന്നെ മഴയുടെ തോത് ഇന്നും കുറയുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും രണ്ട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് ഇന്ന് കളക്‌ടർമാർ അവധി നൽകിയിട്ടുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതോടെ പോരാട്ടം കനക്കുകയാണ്. കൂടാതെ സംസ്ഥാനത്ത് ഒന്നാകെ പ്രവേശനോത്സവവും നടക്കുകയാണ് ഇന്ന്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം.

newsupdatestoday

Jun 03, 2025, 1:41 am IST

എറണാകുളം മുനമ്പത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പനമ്പള്ളിനഗര്‍ സ്വദേശിനി പ്രീതയാണ് (43) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് തൈപ്പറമ്പില്‍ സുരേഷ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒരുമിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്ത ശേഷം സ്‌കൂട്ടര്‍ നിര്‍ത്തി പ്രീത ഇറങ്ങിയപ്പോള്‍ നടുറോഡില്‍ വച്ച് പ്രീതയെ സുരേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Jun 02, 2025, 7:02 pm IST

കടലില്‍ വിദേശ വിദ്യാര്‍ഥികളെ കാണാതായി

പുതുവൈപ്പ് വളപ്പ് ബീച്ചില്‍ നീന്താനിറങ്ങിയ രണ്ടു വിദേശ വിദ്യാര്‍ഥികളെ കാണാതായി. യെമന്‍ സ്വദേശികളായ അബ്ദുള്‍ സലാം, ജബ്രാന്‍ ഖലീല്‍ എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കും 21 വയസാണ്. കോയമ്പത്തൂര്‍ രത്തിനം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ഥികളാണ്. കടലില്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ വിലക്കിയിട്ടും ഇവര്‍ക്ക് ഭാഷ മനസിലായില്ല. കടലില്‍ തിരച്ചില്‍ തുടരുന്നു.
Jun 02, 2025, 5:28 pm IST

വിജിലന്‍സ് ഇഡി ഓഫീസില്‍

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൊച്ചിയിലെ ഓഫീസിൽ വിജിലൻസ് സംഘം എത്തി. ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ അഴിമതി കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകാനാണ് വിജിലൻസ് സംഘം എത്തിയത്. വിജിലൻസ് കേസിലെ പരാതിക്കാരനെതിരെ ഇഡി നേരത്തെ രജിസ്റ്റർ ചെയ്ത കള്ളപ്പണ വിനിമയ കേസിന്റെ വിശദാംശങ്ങൾ ലഭിക്കാനാണ് നോട്ടീസ് നൽകിയതെന്ന് വിജിലൻസ് എസ്‌പി എസ്. ശശിധരൻ അറിയിച്ചു.
Jun 02, 2025, 4:48 pm IST

ബംഗ്ലാദേശികളെ നാടുകടത്തി

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, ഇന്ത്യയിൽ നിന്ന് ഏകദേശം 2,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കേന്ദ്രസർക്കാർ മടക്കിയയച്ചതായി റിപ്പോർട്ട്. രാജ്യവ്യാപകമായി നടത്തിയ തിരച്ചിലുകളും പരിശോധനകളും വഴി ഈ കുടിയേറ്റക്കാരെ കണ്ടെത്തി മടക്കിയയച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി.
Jun 02, 2025, 3:53 pm IST

മോഹന്‍ജോർജ് നാമനിർദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ അഡ്വ. മോഹൻ ജോർജ് തന്റെ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പമാണ് മോഹൻ ജോർജ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
Jun 02, 2025, 3:03 pm IST

മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും മറ്റന്നാളും വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടുണ്ടാവും.
Jun 02, 2025, 2:37 pm IST

ജി 7 ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും

വരാനിരിക്കുന്ന ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലേക്ക് പോവില്ലെന്ന് അടുത്ത വൃത്തങ്ങൾ. ആറ് വർഷത്തിനിടെ മോദി പങ്കെടുക്കാത്ത ആദ്യ ഉച്ചകോടിയാവും ഇത്. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായി തുടരുന്ന സാഹചര്യത്തിലാണ് മോദി ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് വിവരം.
Jun 02, 2025, 2:08 pm IST

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പിവി അൻവർ പത്രിക സമർപ്പിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ പിവി അൻവറിനൊപ്പം ഉണ്ടായിരുന്നത്. പ്രകടനമായി എത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്.
Jun 02, 2025, 1:35 pm IST

നാടാകെ ആവേശത്തിമിർപ്പിൽ, ജനങ്ങൾ എൽഡിഎഫിനൊപ്പം; എം സ്വരാജ്

നന്മയുള്ള പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ പിന്തുണയ്ക്കുമെന്ന് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്. കേരളത്തിൽ ഇപ്പോൾ പവർക്കട്ട് ഇല്ല. അത് ഇടത് സർക്കാരിന്റെ നേട്ടമാണ്. വൈദ്യുത പ്രതിസന്ധിക്ക് വിരാമമായി, ക്ഷേമപെൻഷൻ നൽകുന്നുണ്ട് യുഡിഫ് കാലത്ത് അത് നിന്നുപോയിരുന്നു. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും സ്വരാജ് പറഞ്ഞു.
Jun 02, 2025, 1:18 pm IST

നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ച് പിവി അൻവർ

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി രൂപീകരിച്ച് പിവി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ കൂട്ടായ്‌മ രൂപീകരിച്ചാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് അൻവർ അറിയിച്ചു. ആം ആദ്‌മി പാർട്ടിയെ ഒപ്പം നിർത്തിയാണ് പിവി അൻവറിന്റെ പുതിയ പരീക്ഷണം.
Jun 02, 2025, 12:55 pm IST

ബിഹാർ തിരഞ്ഞെടുപ്പ് നടക്കുക രണ്ടോ മൂന്നോ ഘട്ടങ്ങളായി; റിപ്പോർട്ട്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ ഘട്ടങ്ങളിലായി നടക്കുമെന്ന് വ്യക്തമാക്കി റിപ്പോർട്ട്. ദീപാവലി, ഛാത്ത് തുടങ്ങിയ പ്രധാന ഉത്സവങ്ങൾ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് സമയക്രമം ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബിഹാർ നിയമസഭയുടെ നിലവിലെ കാലാവധി 2025 നവംബർ 22നാണ് അവസാനിക്കുന്നത്.
Jun 02, 2025, 12:32 pm IST

കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം; മുഖ്യമന്ത്രി

വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Jun 02, 2025, 12:22 pm IST

എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം പികെ സൈനബ എന്നിവർ സ്വരാജിനെ അനുഗമിച്ചു. എൽഡിഎഫ് പ്രവർത്തകരുമായി പ്രകടനത്തോടെയാണ് സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്.
Jun 02, 2025, 12:05 pm IST

കോവിഡ്: നാല് മരണം കൂടി

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത് നാല് കോവിഡ് മരണങ്ങൾ. ഇതോടെ ഈ വർഷം ജനുവരി മുതൽ രാജ്യത്ത് ഉണ്ടായ കോവിഡ് മരണങ്ങളുടെ എണ്ണം 32 ആയി ഉയർന്നു. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കേരളത്തിലും രോഗബാധ ഗണ്യമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
Jun 02, 2025, 11:57 am IST

ബിസിസിഐ പ്രസിഡന്റായി രാജീവ് ശുക്ല എത്തിയേക്കും

ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) പ്രസിഡന്റ് സ്ഥാനത്ത് രാജീവ് ശുക്ല എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ പ്രസിഡന്റ് റോജർ ബിന്നി ഈ സ്ഥാനത്തിൽ തുടരാനുള്ള പരമാവധി പ്രായപരിധിയോട് അടുത്തുവരികയാണ്. നിലവിൽ ക്രിക്കറ്റ് ബോർഡിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ശുക്ല അടുത്ത 3 മാസത്തേക്ക് ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കും എന്നാണ് വിവരം.
Jun 02, 2025, 11:38 am IST

പിവി അൻവർ ഇനി അടഞ്ഞ അധ്യായം; അടൂർ പ്രകാശ്

പിവി അന്‍വര്‍ ഇനി അടഞ്ഞ അധ്യായമെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണിത്. സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Jun 02, 2025, 11:30 am IST

നിലമ്പൂരിൽ ബിജെപി മത്സരിക്കുന്നത് വികസനത്തിലൂന്നി; രാജീവ് ചന്ദ്രശേഖർ

സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹൻ ജോർജിനെ നിലമ്പൂരില്‍ സ്ഥാനാർത്ഥിയാക്കിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വികസനത്തിലൂന്നിയാണ് ബിജെപിയുടെ മത്സരം. മോഹൻ ജോർജ് മികച്ച സ്ഥാനാർത്ഥിയാണ്. ഇരുമുന്നണികളും നിർത്തിയത് വികസനത്തെ കുറിച്ച് പറയാത്ത സ്ഥാനാർത്ഥികളെയാണ്. അതുകൊണ്ട് ബിജെപി വെല്ലുവിളി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Jun 02, 2025, 11:09 am IST

പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ലയിലെ കലവൂ‍ർ ​ഗവൺമെന്റ് ഹൈസ്‌കൂളിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. നിലവിളക്ക് കൊളുത്തിയാണ് പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തത്‌.
Jun 02, 2025, 10:45 am IST

പിവി അൻവറിന്റെ നിലപാട് എൽഡിഎഫിന് ഗുണകരം; എളമരം കരീം

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ സ്വീകരിച്ച നിലപാട് എൽഡിഎഫിന് ഗുണമാവുമെന്ന് മുതിർന്ന സിപിഎം നേതാവ് എളമരം കരീം. തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറ ദുരന്ത സമയത്ത് സ്വരാജ് ഉണ്ടായിരുന്നില്ലെന്ന അൻവറിന്റെ വാദം തെറ്റാണെന്നും സ്വരാജിന്റെ അന്നത്തെ പ്രവർത്തനത്തെ അൻവർ തന്നെ പ്രകീർത്തിച്ചിട്ടുണ്ടെന്നും കരീം ചൂണ്ടിക്കാട്ടി.
Jun 02, 2025, 10:21 am IST

പ്രവേശനോത്സവം; അടിമാലിയിൽ സർക്കാർ സ്‌കൂളിൽ പ്രതിഷേധം

പുതിയ അധ്യയനം വർഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രവേശനോത്സവം പുരോഗമിക്കുന്നതിനിടെ ഇടുക്കിയിലെ സർക്കാർ സ്‌കൂളിൽ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവൺമെൻറ് ഹൈസ്‌കൂളിൽ രക്ഷിതാക്കൾ പ്രതിഷേധിക്കുന്നത്. ഇവിടെ രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുകയാണ്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്നാണ് അധ്യാപകർ വ്യക്തമാക്കിയത്.
Jun 02, 2025, 10:05 am IST

കൊളറാഡോ ആക്രമണത്തെ അപലപിച്ച് ഇന്ത്യയുടെ പ്രതിനിധി സംഘം

യുഎസിലെ കൊളറാഡോയിൽ ജൂത സമ്മേളനത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ബോധ്യപ്പെടുത്താൻ അമേരിക്ക സന്ദർശിച്ച ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങൾ. "നമ്മുടെ രാജ്യങ്ങളിൽ ഭീകരതയ്ക്ക് സ്ഥാനമില്ല" എന്ന് പ്രതിനിധി സംഘം പറഞ്ഞു. പ്രതിനിധി സംഘത്തെ നയിക്കുന്ന കോൺഗ്രസ് നേതാവ് ശശി തരൂരാണ് നിലപാട് വ്യക്തമാക്കിയത്.
Jun 02, 2025, 9:47 am IST

നിലമ്പൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങും

നിലമ്പൂരിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് ഇറങ്ങും. ജൂൺ 13,14,15 തീയതികളിൽ മുഖ്യമന്ത്രി നിലമ്പൂരിൽ തങ്ങി എം സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏഴ് പഞ്ചായത്തുകളിലും നടക്കുന്ന എൽഡിഎഫ് യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
Jun 02, 2025, 9:30 am IST

രാഹുൽ മാങ്കൂട്ടത്തിലിന്റേത് പക്വത ഇല്ലാത്ത നടപടി; പിജെ കുര്യൻ

രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ സന്ദർശിച്ചത് തെറ്റാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അൻവറുമായി ഇനി ചർച്ചയ്ക്ക് ഇല്ലെന്ന് നേതൃത്വം പറഞ്ഞശേഷം രാഹുൽ പോകാൻ പാടില്ലായിരുന്നു, അത് പക്വതയില്ലാത്ത നടപടി ആയിപ്പോയെന്നും പിജെ കുര്യൻ പറഞ്ഞു. സ്ഥാനാർഥിയെ അംഗീകരിക്കാത്ത അൻവറിനെ യുഡിഎഫിന് വേണ്ടെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്നും പിജെ കുര്യൻ പറഞ്ഞു.
Jun 02, 2025, 9:16 am IST

പ്രളയത്തിൽ വിറങ്ങലിച്ച് അസം

അസമിലെ 19 ജില്ലകളിലായി ഏകദേശം 3.64 ലക്ഷം പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതിനാൽ, അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങളിൽ വിന്യസിക്കുകയും ചെയ്‌തതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട്. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധിക മഴ ലഭിച്ചുവന്നതാണ് പ്രധാന കാര്യം.
Jun 02, 2025, 8:57 am IST

രാജ്യത്തെ സജീവ കോവിഡ് കേസുകൾ 3758 ആയി ഉയർന്നു

ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകൾ 3758 ആയി ഉയർന്നു. ഇതിൽ രോഗികൾ കൂടുതൽ കേരളത്തിലാണ്. നിലവിൽ കേരളത്തിൽ 1400 കേസുകളും മഹാരാഷ്ട്രയിൽ 506 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ 360 പുതിയ അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.
Jun 02, 2025, 8:41 am IST

മുങ്ങിയ കപ്പലിൽ അപകടകരമായ രാസവസ്‌തു

അറബിക്കടലിൽ കേരള തീരത്തിനടുത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽ അതീവ അപകടകരമായ രാസ വസ്‌തുക്കൾ ഉണ്ടെന്ന് മുന്നറിയിപ്പ്. കണ്ടെയ്‌നറുകളിൽ ഒന്നിൽ ഫിനൈൽ-പി-ഫിനൈലിൻഡയമിൻ എന്ന രാസവസ്‌തു ഉണ്ടന്നാണ് സൂചന. 840 കടലാസ് പൊതികളിലായി 21,000 കിലോഗ്രാം രാസവസ്‌തുക്കൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കടുത്ത പാരിസ്‌ഥിതിക ആഘാതത്തിന് വഴിയൊരുക്കുന്നതാണ് ഇതെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായ ഐടിഒപിഎഫ് എന്ന സംഘടന നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
Jun 02, 2025, 8:31 am IST

യുഎസിൽ ഇസ്രായേൽ അനുകൂല റാലിക്ക് നേരെ ആക്രമണം

യുഎസിലെ കൊളറാഡോയിലെ ബൗൾഡറിൽ ഇസ്രായേൽ അനുകൂല റാലിക്കിടെ പെട്രോൾ ബോംബ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരം ആണെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ 45കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. പലസ്‌തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ഇയാളുടെ ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Jun 02, 2025, 8:13 am IST

കൊടുവള്ളി തട്ടിക്കൊണ്ടുപോവൽ; ഒരാൾ പിടിയിൽ

കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒരാളെ പോലീസ് പിടികൂടി. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് കൊടുവള്ളി പോലീസ് പിടികൂടിയത്. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അന്നൂസിനെ മെയ് 22ആം തീയതി കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
Jun 02, 2025, 8:07 am IST

ഈ വർഷം ഏറ്റവും ശക്തമായ മൺസൂൺ അരുണാചലിൽ

ഈ വർഷം ലോകത്തിലെ ഏറ്റവും ശക്തമായ മൺസൂൺ മഴയാണ് അരുണാചൽ പ്രദേശിൽ ലഭിച്ചതെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. മഴക്കാലത്ത് വിവിധ ജില്ലകളിലായി ഉണ്ടായ നിരവധി മണ്ണിടിച്ചിലുകളിൽ വടക്കുകിഴക്കൻ സംസ്ഥാനം തകർന്നു. മെയ് 30 മുതൽ ഇത്തരം അപകടങ്ങളിൽ ഒമ്പത് പേരാണ് മരിച്ചത്.
Jun 02, 2025, 7:53 am IST

റഷ്യയ്ക്ക് എതിരായ ആക്രമണത്തെ പ്രശംസിച്ച് സെലൻസ്‌കി

റഷ്യയ്ക്ക് നേരെ യുക്രൈൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തെ പ്രശംസിച്ച് പ്രസിഡന്റ് സെലൻസ്‌കി. 'സ്പൈഡർവെബ്' എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനിൽറ ഷ്യയ്ക്ക് കനത്ത നാശനഷ്‌ടം ഉണ്ടായിരുന്നു. രാജ്യത്തിന്റെ സായുധ സേന ഒരു മികച്ച ഓപ്പറേഷൻ നടത്തിയതായി സെലെൻസ്‌കി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ സേനയ്ക്കും അതിന്റെ തലവൻ ജനറൽ മാലിയുക്കിനും ഓപ്പറേഷനിൽ ഉൾപ്പെട്ട എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+