Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഹാലിന്റെ മരണം വേദനാജനകം; തെരുവുനായ്ക്കളെ കൊല്ലാന്‍ വീണ്ടും അനുമതി തേടും: എംബി രാജേഷ്

തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ നിഹാൽ നൗഷാദെന്ന പതിനൊന്നുകാരന്‍ മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. നിഹാലിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുനായശല്യം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും ജാഗ്രതയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കും. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും.

mbrajesh

തെരുവുനായ്ക്കളുടെ ആക്രമണം രാജ്യത്താകെ ഒരു വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ ഈ പ്രശ്നം നിലനിൽക്കുകയാണ്. ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ഒൻപത് സ്‌ത്രീകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ സീതാപ്പൂരിൽ എട്ടു മാസത്തിനിടെ 13 കുട്ടികളെ നായ്ക്കൾ കടിച്ചുകൊന്നുവെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ സ്വീകരിക്കുന്നുണ്ട്. എന്നാൽ തെരുവുനായ ശല്യം പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുകയെന്നത് കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകൾ മൂലം ഇപ്പോൾ ഏറെ ബുദ്ധിമുട്ടാണ്. തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് തടയാനുള്ള നിയമനടപടികൾ കൂടുതൽ എളുപ്പമാകേണ്ടതുണ്ട്. പ്രായോഗികത കണക്കിലെടുത്ത് അനിമൽ ബർത്ത് കൺട്രോൾ(എബിസി) റൂൾസ് 2001 ഭേദഗതി ചെയ്താൽ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ.

ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാൻ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാൻ വ്യവസ്ഥകളോടെ അനുമതി നൽകണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ കേരളത്തിനെതിരെ വലിയ കാമ്പയിൻ ദേശീയതലത്തിൽ തന്നെ ചിലർ ഉയർത്തിക്കൊണ്ടുവന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും വാക്സിനേറ്റ് ചെയ്യാനുമുള്ള പ്രവർത്തനം വളരെ ഊർജിതമായി കേരളത്തിൽ നടക്കുകയാണ്. 2022 സെപ്തംബർ ഒന്ന് മുതൽ 2023 ജൂൺ 11 വരെ 470534 നായ്ക്കളെ വാക്സിനേറ്റ് ചെയ്തു. ഇതിൽ 438473 വളർത്തുനായ്ക്കളും 32061 തെരുവുനായ്ക്കളുമാണ്. 2016 മുതൽ 2022 ആഗസ്റ്റ് 31 വരെ ആകെ 79859 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 2022 സെപ്തംബർ ഒന്ന് മുതൽ 2023 മാർച്ച് 31 വരെ 9767 നായ്ക്കളെ വന്ധ്യംകരിച്ചു. നിലവിൽ 19 എബിസി കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 24 എണ്ണം കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. 2022 സെപ്റ്റംബറിൽ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണത്തിനായുള്ള പ്രത്യേക പ്രോജക്ടുകൾ തയാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശിച്ചിരുന്നു.

ഇതുപ്രകാരം 432 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 10.36 കോടി രൂപ പ്രത്യേക പ്രോജക്ടുകൾക്കായി വകയിരുത്തി. 2022 സെപ്തംബർ 20 മുതൽ ഒക്ടോബർ 20 വരെ ഒരു മാസം തെരുവുനായ്ക്കൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തിയിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. തെരുവുനായ്ക്കൾക്കുള്ള അഭയകേന്ദ്രങ്ങൾ, എബിസി കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്ന കാര്യത്തിൽ പ്രാദേശികമായ വലിയ എതിർപ്പാണ് പല സ്ഥലങ്ങളിലും ഉണ്ടായത്. തലശ്ശേരിയിൽ എബിസി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നതും ഓർക്കേണ്ടതാണ്. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ തീവ്രയത്നത്തിന്റെ ഫലമായി തെരുവുനായ ശല്യം ഗണ്യമായി കുറഞ്ഞപ്പോൾ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ പ്രവർത്തനങ്ങളിൽ ഉദാസീനത കാട്ടിയിട്ടുണ്ടെന്നതും വസ്തുതയാണ്.

എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര ചട്ടങ്ങൾ 2023 മാർച്ച് 10 ന് പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം ചട്ടത്തിൽ നിർദേശിക്കുന്ന ബോർഡിന്റെ അംഗീകാരത്തോടു കൂടി മാത്രമേ എ ബി സി കേന്ദ്രങ്ങൾ തുടങ്ങാൻ പാടുള്ളൂ. നിലവിലുള്ള കേന്ദ്രവ്യവസ്ഥകൾ പ്രകാരം തെരുവുനായ ശല്യം നിയന്ത്രിക്കുക ദുഷ്കരമാണ്. വ്യാജ പരാതികളുടെ പേരിലും ഉദ്യോഗസ്ഥരെ വിളിച്ച് ശാസിക്കുന്ന അനുഭവങ്ങളുണ്ടായി. കേന്ദ്ര വ്യവസ്ഥകളനുസരിച്ച് എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാനോ പ്രവർത്തിക്കാനോ വളരെയധികം ബുദ്ധിമുട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

എസി യുള്ള ഓപ്പറേഷൻ തിയേറ്ററിലായിരിക്കണം വന്ധ്യംകരണം, നാല് ദിവസം ശുശ്രൂഷിക്കണം, മുറിവുണങ്ങിയ ശേഷം മാത്രമേ നായ്ക്കളെ വിടാൻ പാടുള്ളൂ എന്നീ വ്യവസ്ഥകളുണ്ട് കേന്ദ്ര നിയമത്തിൽ. വളരെ കർശനമായ കേന്ദ്ര നിയമങ്ങൾ ഇളവുചെയ്താൽ മാത്രമേ ഈ പ്രവർത്തനങ്ങൾ ഫലപ്രദമാവുകയുള്ളൂ.

നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള ഫലപ്രദമായ പ്രവർത്തനങ്ങൾ പരമാവധി നടത്തുകയാണ് സർക്കാരിന്റെ നയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും മാത്രമല്ല ജനങ്ങളാകെ സഹകരിച്ചാൽ മാത്രമേ ഈ വിപത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ കഴിയുകയുള്ളൂ. മാലിന്യസംസ്കരണ പ്രവർത്തനവും ഫലപ്രദമായി നടത്തേണ്ടതുണ്ട്. മാലിന്യമുള്ള ഇടങ്ങളിലാണ് തെരുവുനായ്ക്കൾ കേന്ദ്രീകരിക്കുന്നത്. കൂട്ടായ പ്രവർത്തനത്തിലൂടെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

ടൈംസ് സ്‌ക്വയറിൽ തെരുവുനായ്ക്കളുണ്ടോ എന്ന് ഒരു നേതാവ് ചോദിച്ചിരിക്കുന്നു. ടൈംസ് സ്‌ക്വയറിൽ തെരുവുനായ്ക്കളുള്ളതായി അറിയില്ലെങ്കിലും ഒരു കഷ്ണം ഇറച്ചിയുടെ പേരിൽ മനുഷ്യരെ കടിച്ചുകീറുന്ന, തെരുവുനായ്ക്കളേക്കാൾ അപകടകാരികളായ വർഗീയ പേപിടിച്ച ഒരു കൂട്ടർ നമ്മുടെ രാജ്യത്തുള്ളതായി അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+