'ഒരു രൂപയെങ്കിലും അയയ്ക്കണം, പണത്തിന് വേണ്ടിയല്ല, സമാധാനത്തിന് വേണ്ടിയാണ്'; ധനസഹായം തേടി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം തേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ അധികാരവും ഭരണത്തണലിനും അപ്പുറം വിയര്‍പ്പൊഴുക്കി സമ്പാദിച്ചതുകൂടി തനിക്ക് നഷ്ടപ്പെട്ടു എന്ന് അന്‍വര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് എന്നും അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ് താന്‍ പറഞ്ഞത് എന്നും അന്‍വര്‍ പറയുന്നു. ഇനി അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് തനിക്ക് ഈ പോരാട്ടം തുടരാന്‍ കഴിയുക എന്നും അതിനാല്‍ സംഭാവന നല്‍കുന്ന ഓരോ രൂപയും തനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത് എന്നും അന്‍വര്‍ പറഞ്ഞു.

'എന്റെ സാമ്പത്തിക പരിമിതികളെ കുറിച്ച് ഞാന്‍ മുന്‍പും സൂചിപ്പിച്ചിട്ടുണ്ട്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷെ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ കഴിയാതെ അതെല്ലം മിച്ചഭൂമി എന്ന് പറഞ്ഞ് കേസിട്ടത് കൊണ്ട് അനങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരിക്കലും ഒരു തിരഞ്ഞെടുപ്പിനുള്ള മുന്‍കരുതലുകളോ തയ്യാറെടുപ്പുകളോ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അതുകൊണ്ടുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ഇതിനോടൊപ്പം ഒരു ക്രൗഡ് ഫണ്ടിംഗിന് എന്നെ സഹായിക്കാമെന്ന് ആയിരക്കണക്കിന് ആളുകള്‍ മെസേജ് അയച്ചിട്ടുണ്ട്. പലരും എന്നെ വിളിച്ചിട്ടുണ്ട്. നിങ്ങള്‍ക്കൊക്കെ കഴിയുന്ന വിധത്തില്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ഒരു പത്ത് രൂപ മാനസിക, ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ വെറും പത്ത് രൂപ, അല്ലെങ്കില്‍ ഒരു രൂപ വെച്ചിട്ട് നിലമ്പൂരിലെ വോട്ടര്‍മാര്‍ ഈ അക്കൗണ്ടിലേക്ക് അയയ്ക്കണം.
അത് പണത്തിന് വേണ്ടിയല്ല. എന്റെ ഒരു സമാധാനത്തിന് വേണ്ടി. നിങ്ങള്‍ അയയ്ക്കുന്ന ഓരോ കണക്കും കണക്കായി കിടക്കും. ഈ ലോകത്ത് മറ്റൊരാളും നിങ്ങള്‍ എന്നെ സഹായിച്ചു എന്ന് അറിയില്ല. പത്ത് രൂപ അയച്ചാല്‍ മറ്റുള്ളവര്‍ അയയ്ക്കുമോ എന്ന ഭയം കൊണ്ട് പൈസ അയയ്ക്കാതിരിക്കേണ്ട. കൃത്യമായി അതിന്റെ സെക്യൂരിറ്റി നമ്മള്‍ സൂക്ഷിക്കുന്നതായിരിക്കും. നിങ്ങളുടെ എല്ലാ തരത്തിലുള്ള പിന്തുണയും സഹായവും എനിക്ക് ഉണ്ടാകണം.
എന്നെ ഒറ്റപ്പെടുത്തരുത്. മറ്റുള്ളവര്‍ മത്സരിക്കുന്നത് എംഎല്‍എയാകാനാണ്. നാളെ ടിപി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക്, എന്റെ ജീവന്‍ മാഷാ അള്ളാ എന്നെഴുതിയ വാഹനത്തിന്റെ പിന്നില്‍ എന്നെ വെട്ടിക്കൊലപ്പെടുത്തിയേക്കാം. ആ അവസ്ഥയില്‍ നിന്ന് എന്നെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എന്നെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്കാണ്,' എന്നാണ് അന്‍വര്‍ വീഡിയോയില്‍ പറയുന്നത്.
അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
പ്രിയരെ,
വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതെരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാന്‍. ഈ പോരാട്ടത്തില്‍ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്.
ഈ പോരാട്ടത്തില്‍ എന്റെ ജീവന്‍ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.
ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ്, അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാന്‍ കഴിയുന്നത്. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്.












Click it and Unblock the Notifications