നിപ: നേരിടാന്‍ തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി: 100% വിദ്യാലയങ്ങളിലും ഓൺലൈൻ സംവിധാനങ്ങൾ സജ്ജം
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ജില്ലയിലെ നൂറ് ശതമാനം വിദ്യാലയങ്ങളിലും ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി - സ്യൂട്ട് സംവിധാനം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാലയങ്ങൾ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തി എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കാൻ വേണ്ട നടപടികൾ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തും. ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാരുടെയും പ്രത്യേക ഓൺലൈൻ യോഗങ്ങൾ വിളിച്ചു നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർഥികൾക്കായി സ്‌പെഷ്യൽ എജ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസുകളും വീഡിയോകളും തയ്യാറാക്കി ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ചഡാറ്റകൾ ശേഖരിക്കുകയും എല്ലാദിവസവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവലോകനം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ഷൈൻ മോൻ കോഴിക്കോട് ക്യാമ്പ് ചെയ്ത് സാഹചര്യം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ നിർണായക പങ്കുവഹിക്കുന്നതാണ് പോലീസ് വകുപ്പെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പോലീസ് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ്. സർക്കാറിന്റെ ജനകീയ പോലീസിംഗ് സംവിധാനം മികച്ച രീതിയിൽ ജില്ലയിൽ നടപ്പിലാക്കാൻ സാധിച്ചതും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനകീയ പോലീസ് നയം നടപ്പിലാക്കാൻ ജില്ലയിലെ പോലീസ് സംവിധാനത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഇടപെടുന്ന ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ നിന്നും കോഴിക്കോടേക്ക് കടന്നു വരുമ്പോൾ മൂന്ന് പാലങ്ങളാണ് കണ്ടെയിന്മെന്റ് സോണിന്റെ ഭാഗമായി അടച്ചിട്ടുള്ളത്. അങ്ങനെയുള്ള പഞ്ചായത്തുകളിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ ജില്ലാ ഭരണകൂടവും പോലീസ് സംവിധാനവും ചേർന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കും. കണ്ടെയിന്മെന്റ് സോണുകളിൽ പോലീസും ജനങ്ങളും വളരെ സൗഹാർദപരമായാണ് ഇടപഴകുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications