നിപ; ഈ മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത..കേന്ദ്രസംഘം ഇന്ന് കോഴിക്കോടെത്തും
കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അയൽ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം. കണ്ണൂർ,വയനാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം ഉള്ളത്. കോഴിക്കോടും കനത്ത ജാഗ്രത തുടരുകയാണ്.രോഗം സ്ഥിരീകരിച്ച മരുതോങ്കര അടക്കം ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ വാർഡുകളാണ് കണ്ടൈൻമെന്റ് സോണുകളാക്കി മാറ്റിയിട്ടുള്ളത്. അതിനിടെ തിരുവനന്തപുരത്ത് പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയെ മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബി ഡി എസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ ഉള്ളത്. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ വിദ്യാർഥിക്ക് സംശയകരമായ ലക്ഷണങ്ങൾ കണ്ടതോടെയാണ് പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കിയത്.

രോഗ ഭീതി തുടരുന്നതിനിടെ ഇന്ന് കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം കോഴിക്കോട് സന്ദർശിക്കും. പകർച്ചവ്യാധി പ്രതിരോധ വിദഗ്ദരടങ്ങുന്ന മൂന്ന് കേന്ദ്രസംഘങ്ങളാണ് ജില്ലയിലെത്തുക. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോടെത്തും.
നിപ ബധിച്ച് മരിച്ച ഹാരീസിന്റെ മൃതദേഹം ഖബറടക്കി
കോഴുക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി മമ്പളിക്കുനി ഹാരീസിന്റെ മൃതദേഹം ഖബറടക്കി. കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ചൊവ്വാഴ്ച രാത്രി 12.30 ഓടെ കോഴിക്കോട് കോർപറേഷനിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്. ഈ തിങ്കളാഴ്ചയായിരുന്നു ഹാരിസ് മരിച്ചത്.
ഹാരിസിന്റെ മരണത്തിന് പിന്നാലെയായിരുന്നു നിപ സംശയം ബലപ്പെട്ടത്. മരുതോങ്കര സ്വദേശി മുഹമ്മദലിയായിരുന്നു ആദ്യം മരിച്ചത്. ആഗസ്റ്റ് 30 നായിരുന്നു മരണം. ന്യുമോണിയ ആയിരിക്കാം മരണകാരണം എന്നായിരുന്നു കരുതിയിരുന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സമാന രോഗ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു.
ഇതിനിടെയാണ് ഹാരിസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടനെ തന്നെ ഹാരിസ് മരണപ്പെടുകയും ചെയ്തു. മരിച്ച ഇരുവരും നേരത്തേ അത്യാഹിത വിഭാഗത്തിൽ സമ്പർക്കത്തിൽ ഉണ്ടായിരുന്നുവെന്ന് സംശയം ബലപ്പെട്ടതോടെയാണ് ഹാരീസിന്റെ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ വൈകീട്ടോടെയാണ് നിപ സ്ഥിരീകരിച്ച് കൊണ്ട് പരിശോധന ഫലം വന്നത്.
അതേസമയം മുഹമ്മദ് അലിയുടെ 9 വയസുകാരനായ മകനും 25 കാരനായ ഭാര്യ സഹോദരനും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.












Click it and Unblock the Notifications