നിപ; രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 2 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. 40 കാരനായ രണ്ടാമത്തെ ആൾക്ക് സെപ്റ്റംബർ അഞ്ചിനാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇയാൾ മരിച്ചത്.
റൂട്ട് മാപ്പ് പ്രകാരം 5 മുതൽ 7 വരെ ഉച്ചവരെ ബന്ധുവീട്ടിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. അന്ന് ഉച്ചക്ക് റൂബിയാൻ സൂപ്പർമാർക്കറ്റിൽ എത്തി. സെപ്റ്റംബർ എട്ടിന് രാവിലെ 10.15നും 10.45നും ഇടയിൽ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അന്ന് ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയിൽ തട്ടങ്കോട് മസ്ജിദ് സന്ദർശിച്ചു.ഇതേ ദിവസം ഉച്ചക്ക് ശേഷം കോഴിക്കോട് ഇഖ്റ ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി.

സെപ്റ്റംബർ ഒൻപതിന് രാവിലെ 10 മണിക്കും 12നും ഇടയിലും സെപ്റ്റംബർ 10ന് രാവിലെ 10.30നും 11നും ഇടയിലും വില്ല്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തി. അന്ന് ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയിൽ വടകര ജില്ലാ ആശുപത്രി സന്ദർശിച്ചു. സെപ്റ്റംബർ 11ന് രാവിലെ എട്ട് മണിക്ക് ഡോ. ജ്യോതി കുമാറിന്റെ ക്ലിനിക്കിലെത്തിയ അദ്ദേഹം അന്ന് രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയിൽ വടകര കോ-ഓപറേറ്റീവ് ആശുപത്രിയിലെത്തി. അന്ന് രാത്രി ഏഴ് മണിക്ക് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വച്ച് മരണം സംഭവിച്ചു.
അതിനിടെ കോഴിക്കോട്ടെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിപ ലക്ഷണം കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണമുള്ളത്. ഇവരുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നിപ ജാഗ്രത: കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ മാറ്റിവച്ചു
നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു. ഗവ. എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ് മേമുണ്ട എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷയാണ് മാറ്റി വെച്ചിട്ടുള്ളത്. ജില്ലയിലെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഈ പരീക്ഷാർത്ഥികൾക്കുള്ള പുതിക്കിയ പരീക്ഷ തീയതി സംബന്ധിച്ച അറിയിപ്പ് പിന്നീട് നൽകും. സംസ്ഥാനത്തെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകളിൽ മാറ്റമില്ല. നിലവിലുള്ള ടൈംടേബിൽ പ്രകാരം പരീക്ഷകൾ നടക്കും.












Click it and Unblock the Notifications