Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ: കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധസംഘം ഇന്നെത്തും, കാട്ടുപന്നിയുടെ ജഡം പരിശോധിക്കും

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം സെപ്റ്റംബർ 18 മുതൽ ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ പഠനത്തിനായി എത്തും. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ടു കോളുകളാണ് വന്നതെന്നും കോർഡിനേറ്റർ അറിയിച്ചു.

nipha-case

അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലയിൽ രൂപീകരിച്ച കൺട്രോൾ റൂം സജീവം. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൺട്രോൾ സെല്ലിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എയും കൺട്രോൾ റൂമിലെത്തി.

19 കോർ കമ്മറ്റികളുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഗവ. ഗസ്റ്റ്ഹൗസിലെ നിപ കൺട്രോൾ റൂം. പൊതു ജനങ്ങൾക്കും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കുമായി മാനസിക പിന്തുണയും നൽകി വരുന്നു. ഇതുവരെ കണ്ടെത്തിയ സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതും പുരോഗമിക്കുന്നു. ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗൺസിലിംഗ്, മീഡിയ ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾ കൺട്രോൾ സെല്ലിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്.

കൺട്രോൾ റൂമിലെ കോൾ സെന്ററിൽ 24 മണിക്കൂറും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളിൽ സംശയനിവാരണം നടത്താം.

വവ്വാലുകളെ ഭയപ്പെടേണ്ടതില്ല

വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു. നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/ കടവാതിലുകൾ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല.

ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദ്ധം മൂലം ശരീരത്തിൽ ഉള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും.

കിണറുകളിലും, ഗുഹകളിലും, ആൾതാമസം കുറവുള്ള കെട്ടിടങ്ങളിലും, പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും, പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകൾ / നരിച്ചീറുകൾ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേർന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+