നിപ: 11 സാമ്പിളുകൾ നെഗറ്റീവ്, ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ്, സമ്പർക്കം കണ്ടെത്താന്‍ പൊലീസും
കോഴിക്കോട്: നിപ ജാഗ്രത തുടരുന്നതിനിടെ വീണ്ടും ആശ്വാസ വാർത്ത. ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് പരിശോധന ഫലം പുറത്ത് വന്നിരിക്കുന്നത്. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് നിപ പരിശോധനക്കായി അയച്ചിട്ടുണ്ട്.
അതേസമയം, നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ ചെലവഴിച്ചു. സെപ്റ്റംബർ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷൻ ഏരിയയിൽ പ്രവേശിപ്പിച്ചു. അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും അദ്ദേഹം പോയിട്ടുണ്ട്.

സെപ്റ്റംബർ ഏഴിന് രാവിലെ 8.10 ന് എച്ച് ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കൻഡ് ഫാർമസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദർശിച്ചു. സെപ്റ്റംബർ എട്ടിന് രാത്രി എട്ട് മണിക്ക് ജനറൽ ഒ പിയിലും എട്ടരയ്ക്ക് ഇ ഡി ഫാർമസിയിലും സന്ദർശിച്ചിട്ടുണ്ട്. സെപ്റ്റംബർ പത്തിന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബർ 11ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമ്പത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദർശിച്ചിട്ടുണ്ട്.
സെപ്റ്റംബർ ആറിന് വെെകീട്ട് 7.30 നും ഏഴിന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും പത്തിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും11-ന് ഉച്ചയ്ക്ക് 1.30 നും ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സിൽ സന്ദർശനം നടത്തി. സെപ്റ്റംബർ ഏഴിന് വൈകീട്ട് നാല് മണി, എട്ടിന് രാവിലെ 9.30, വൈകിട്ട് നാല് മണി മുതൽ 4.30 വരെ, ഒമ്പതിന് രാവിലെ 9 30 നും ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട സന്ദർശിച്ചു.
സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, പത്തിന് രാത്രി 9.30ന് ഇഖ്റ ഹോസ്പിറ്റൽ മെയിൻ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാർട്ടും സന്ദർശിച്ചു. സെപ്റ്റംബർ 11ന് ഇഖ്റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലും നിപ ബാധിതനായ ആരോഗ്യ പ്രവർത്തകൻ സന്ദർശനം നടത്തിയിട്ടുണ്ട്
അതേസമയം, നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ പോലീസ് സഹായം തേടാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിപ അവലോകന യോഗത്തിൽ നിർദേശം നൽകി. ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. എൻ.ഐ.വി. പൂനെയുടെ മൊബൈൽ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താൻ കെ.എം.എസ്.സി.എല്ലിന് മന്ത്രി നിർദേശം നൽകി.
മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര സംഘവും കോഴിക്കോട് സന്ദർശനം നടത്തി. കേന്ദ്രസംഘം പ്രവർത്തനങ്ങൾ വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
നിപ സർവയലൻസിന്റെ ഭാഗമായി വ്യാഴാഴ്ച പുതുതായി 234 പേരെ കൂടി കണ്ടെത്തി. ആകെ 950 പേരാണ് ഇപ്പോൾ നിപ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 213 പേരാണ് ഹൈ റിസ്സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. 17 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും നിരീക്ഷണത്തിലുണ്ട്. ബുധനാഴ്ച പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചു.
എക്സ്പേർട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഫീൽഡിൽ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു. ടെലിമനസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ഹൈ റിസ്‌കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കോഴിക്കോട് ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications