മലപ്പുറത്തും നിപ? സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ നിരീക്ഷണത്തിലെന്ന് ഡിഎംഒ
മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നിപ ജാഗ്രതാ നിര്‍ദേശം. മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ഡി എം ഒ അറിയിച്ചു. ഇയാള്‍ക്ക് പനിയും അപസ്മാര ലക്ഷണങ്ങളും ഉണ്ട് എന്നാണ് വിവരം. രോഗിയുടെ സ്രവം പരിശോധനക്കായി അയച്ചിരിക്കുകയാണ്. സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്തയാളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനിലാണ് ഇദ്ദേഹം കഴിയുന്നത്.
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്തും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായി വിവിധ വകുപ്പുകളുടെ മേധാവികളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പ്രത്യേക നിപ സെല്ലും മലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രാത്രിയോടെ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തും. കോഴിക്കോട് കളക്ടറേറ്റില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പര്‍ക്കമുണ്ടായ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. നിപ ബാധിച്ച് മരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ഇന്ന് വിപുലപ്പെടുത്തി. നിലവില്‍ രണ്ട് രോഗികളുടേയും കൂടെ സമ്പര്‍ക്ക പട്ടികയില്‍ 702 പേരാണ് ഉള്ളത്.
ആദ്യം മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരാണ് ഉള്ളത്. രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ 201 പേരും ചികിത്സയില്‍ കഴിയുന്ന 9 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരും ഉണ്ട്. നിപ ബാധിച്ച് മരിച്ച രണ്ട് പേരുടേയും റൂട്ട് മാപ്പും ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യം മരിച്ച പ്രവാസി കുടുംബ ചടങ്ങിലും ബാങ്കിലും പള്ളിയിലും എത്തിയിട്ടുണ്ട്.
രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശി ബന്ധൂവീടുകള്‍ക്ക് പുറമേ സൂപ്പര്‍ മാര്‍ക്കറ്റിലും കുടുംബാരോഗ്യേകേന്ദ്രത്തിലും എത്തിയിട്ടുണ്ട് എന്നാണ് റൂട്ട് മാപ്പില്‍ പറയുന്നത്. റൂട്ട് മാപ്പ് പ്രകാരം അടുത്ത സമ്പര്‍ക്കമുണ്ടായ ആളുകളെ നിരീക്ഷണത്തിലേക്ക് മാറ്റും. നിലവില്‍ നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 2 പേരുടെയും നില മാറ്റമില്ലാതെ തുടരുകയാണ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ച സാംപിളുകള്‍ ഉള്‍പ്പടെ ഏഴ് സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications