ശബരിമല വിവാദം വീണ്ടും കത്തിക്കാൻ ബിജെപി, വമ്പന്മാർ ശബരിമലയിൽ എത്തിയേക്കും
ദില്ലി: കേരളത്തില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാനുളള സുവര്‍ണാവസരമായാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ബിജെപി കാണുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുളളതുമാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട കത്തിച്ച് നിര്‍ത്താനാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് സംസ്ഥാന ബിജെപിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശവും.
എന്നാല്‍ ശബരിമലയിലെ കര്‍ശന പോലീസ് ഇടപെടലും നേതാക്കളുടെ അറസ്റ്റുമെല്ലാം ബിജെപിയെ പിന്നോട്ട് അടിപ്പിച്ചിട്ടുണ്ട്. എംപിമാരും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും വന്നിട്ട് കാര്യമായൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല ബിജെപി നാണംകെടുകയും ചെയ്തു. ഇതോടെ നിര്‍മ്മല സീതാരാമനും രാജ്‌നാഥ് സിംഗും അടക്കമുളളവരെ ശബരിമലയില്‍ എത്തിക്കാനുളള നീക്കത്തിലാണ് ബിജെപി എന്നാണ് സൂചന.

നിരോധനാജ്ഞ തകർക്കാൻ
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംപിമാരെയും കേന്ദ്രമന്ത്രിമാരെയും ഉള്‍പ്പെടെ കൊണ്ടു വന്ന് സര്‍ക്കാരിന്റെ പ്രതിരോധം തകര്‍ക്കാനുളള ആലോചന ബിജെപി നടത്തിയത്. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, എംപിയായ നളിന്‍ കുമാര്‍ കടീല്‍, വി മുരളീധരന്‍ എന്നിവര്‍ ശബരിമലയിലെത്തി. എന്നാല്‍ വലിയ നേട്ടമൊന്നും ഈ സന്ദര്‍ശനങ്ങള്‍ കൊണ്ട് ബിജെപിക്കുണ്ടായില്ല.

നാണംകെട്ട് ബിജെപി
എന്ന് മാത്രമല്ല എസ്പി യതീഷ് ചന്ദ്ര മന്ത്രിയോട് ഇടപെട്ടത് ബിജെപിക്കാകെ നാണക്കേടായി മാറുകയും ചെയ്തു. കൂടാതെ അല്‍ഫോണ്‍സ് കണ്ണന്താനം ടോയ്‌ലറ്റുകള്‍ പരിശോധിച്ചത് സോഷ്യല്‍ മീഡിയ ട്രോളാക്കി ആഘോഷിക്കുകയും ചെയ്തതും ബിജെപിയെ തിരിച്ചടിച്ചു. ആദ്യം സ്ത്രീ പ്രവേശനത്തിന് എതിരെ എന്ന് പറഞ്ഞ് തുടങ്ങിയ പ്രതിഷേധം പിന്നെ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമില്ലെന്നും, നിരോധനാജ്ഞ നീക്കണം എന്നുമുളള വിഷയങ്ങളിലേക്കായി.

വമ്പന്മാരെ എത്തിക്കും
നിലവില്‍ നിരോധനാജ്ഞ സന്നിധാനത്ത് അടക്കം തുടരുന്നുണ്ട് എങ്കിലും പോലീസ് നിയന്ത്രണം വലിയ തോതില്‍ കുറച്ചിട്ടുണ്ട്. സന്നിധാനം പ്രതിഷേധങ്ങളില്ലാതെ ശാന്തമായതോടെ തീര്‍ത്ഥാടകരുടെ വരവും കൂടിയിട്ടുണ്ട്. എന്നാല്‍ ഈ ശാന്തത രാഷ്ട്രീയപരമായി തങ്ങള്‍ക്ക് ഗുണം ചെയ്യില്ല എന്ന തിരിച്ചറിവുളള ബിജെപി നേതൃത്വം ശബരിമലയെ രാഷ്ട്രീയ പോരാട്ട ഭൂമിയാക്കാനുളള നീക്കങ്ങളില്‍ തന്നെയാണ് എന്ന് വേണം കരുതാന്‍.

വരുന്നത് മുതിർന്ന മന്ത്രിമാർ
വരുംദിവസങ്ങളില്‍ ശബരിമലയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് ബിജെപി ഉയര്‍ത്തുന്ന പ്രധാന ആരോപണം. നിരോധനാജ്ഞയെയും പോലീസ് രാജിനേയും നേരിടാന്‍ കേന്ദ്ര മന്ത്രിമാരെ എത്തിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി പക്ഷേ പോലീസ് നിയന്ത്രണം കുറച്ചിരിക്കുന്ന പുതിയ സാഹചര്യത്തില്‍ എന്ത് ചെയ്യാനാകും എന്നത് കാത്തിരുന്ന് തന്നെ കാണണം.

ശ്രീധരൻ പിളളയ്ക്ക് നിർദേശം
യുവതികള്‍ കയറിയാലും ഇല്ലെങ്കിലും ശബരിമല വിഷയം തെരഞ്ഞെടുപ്പ് വരെ ബിജെപിക്ക് നീട്ടിക്കൊണ്ട് പോകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പിഎസ് ശ്രീധരന്‍ പിളളയെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ശബരിമല പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ശ്രീധരന്‍ പിളളയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അയോധ്യ പോലൊരു രാഷ്ട്രീയ മുന്നേറ്റമാണ് ശബരിമലയിലൂടെ ബിജെപി കേരളത്തില്‍ ലക്ഷ്യമിടുന്നത്.

അവസരം പ്രയോജനപ്പെടുത്തണം
കേരളത്തില്‍ ബിജെപിക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് അമിത് ഷാ ശ്രീധരന്‍ പിളളയോട് നിര്‍ദേശിച്ചിരിക്കുന്നത്. ആചാര സംരക്ഷണത്തിനായി ശക്തമായ നിലപാടെടുക്കുന്നതിനൊപ്പം വിശ്വാസികളെ ഒടുക്കം വരെ കൂടെ നിര്‍ത്താനും കഴിയണമെന്നും അമിത് നിര്‍ദേശം നല്‍കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമല ആയിരിക്കണം എന്നും നിര്‍ദേശമുണ്ട്.

ഇതുവരെ നീക്കം വിജയം
ശബരിമല വിഷയത്തില്‍ കേരളത്തില്‍ ഇതുവരെ നടത്തിയ നീക്കങ്ങളെല്ലാം വിജയമാണ് എന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. വിശ്വാസികളെ ഒപ്പം നിര്‍ത്താനായി എന്ന് ബിജെപി കരുതുന്നു. അതേസമയം നിലപാട് മാറ്റങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നും നേതൃത്വം കരുതുന്നു. ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അമിത് ഷാ, ശ്രീധരന്‍ പിളളയെ അറിയിച്ചു.












Click it and Unblock the Notifications