പത്തനംതിട്ടയില്‍ കെപി ഉദയഭാനു, മലപ്പുറത്ത് ഇവി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല
മലപ്പുറം: പത്തനംതിട്ടയിലും മലപ്പുറത്തും മാറ്റമില്ലാതെ ജില്ലാ ഭരണ സമിതികള്‍. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ന് സമ്മേളനങ്ങള്‍ സമാപിക്കും. പത്തനംതിട്ടയില്‍ കെപി ഉദയഭാനുവും മലപ്പുറത്ത് ഇഎന്‍ മോഹന്‍ദാസും ജില്ലാ സെക്രട്ടറിമാരായി തുടരും. മോഹന്‍ദാസിന് വീണ്ടും ഊഴം നല്‍കാന്‍ മലപ്പുറം ജില്ലാ സമ്മേളനം തീരുമാനിക്കുകയായിരുന്നു. തിരൂരില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് മോഹന്‍ദാസിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതേസമയം വിവിധ ജില്ലാ സമ്മേളനങ്ങള്‍ ഇതിന് പിന്നാലെ നടക്കാനിരിക്കുകയാണ്.
ചണ്ഡീഗഡില്‍ കണക്ക് പിഴച്ച് കോണ്‍ഗ്രസ്, എന്നാലും അധികാരത്തിലെത്തും, മേയര്‍ സ്ഥാനത്തില്‍ ട്വിസ്റ്റ്
അതേസമയം മലപ്പുറം ജില്ലാ സമിതിയിലേക്ക് എട്ട് പുതുമുഖങ്ങള്‍ അടക്കം 38 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം വി ശശികുമാര്‍, സി ദിവാകരന്‍, എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് സമ്മേളനം കൊണ്ടുവന്നിട്ടുണ്ട്. ഇവര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഴ്ച്ച വരുത്തിയെന്ന് പാര്‍ട്ടി കണ്ടെത്തിയവരാണ്. ഇവര്‍ക്കെതിരെ നേരത്തെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഇവരൊപ്പം നടപടി നേരിട്ട ടി സത്യനേയും ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തവരെ മാറ്റിയിട്ടുണ്ട്. സിഎച്ച് ആഷിഖ്, ഐടി നജീബ്, അസൈന്‍ കാരാട്ട് എന്നിവരെയാണ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അധികം സജീവമല്ലാത്തത് കൊണ്ട് മാറ്റിയത്.
പ്രായാധിക്യത്തില്‍ ടികെ ഹംസ, പിപി വാസുദേവന്‍, ടിപി ജോര്‍ജ് എന്നിവരെയും മാറ്റിയിട്ടുണ്ട്. അതേസമയം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉദയഭാനു വീണ്ടും സെക്രട്ടറി സ്ഥാനത്ത് എത്തി. അതോടൊപ്പം ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ പീലിപ്പോസ് തോമസിനെ അടക്കം അഞ്ച് പുതുമുഖങ്ങളെയാണ് ജില്ലാ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. നാല് പേരെയാണ് ഇപ്പോഴുള്ള കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു മലപ്പുറത്തെയും പത്തനംതിട്ടയിലെയും നേതൃത്വം മാറ്റമില്ലാതെ പോകുന്നത്. പാര്‍ലമെന്ററി രംഗത്തും അതുപോലെ തന്നെ സംഘടന രംഗത്തും കെപി ഉദയബാനു ഒരുപോലെ സ്വീകാര്യനാണ്.
മൂന്നാം തവണയാണ് അദ്ദേഹം ജില്ലയിലെ പാര്‍ട്ടിയുടെ അമരത്തേക്ക് എത്തുന്നത്. എതിര്‍ സ്വരങ്ങളൊന്നും പത്തനംതിട്ട ജില്ലാ സമിതിയില്‍ ഉദയഭാനുവിനെതിരെ ഉയര്‍ന്നില്ല എന്നാണ്. നേതൃത്വം അംഗീകരിച്ച പാനല്‍ ഐകണ്‌ഠ്യേന സമ്മേളനം അംഗീകരിക്കുകയായിരുന്നു. പ്രായപരിധി കണക്കിലെടുത്ത് ടികെജി നായരെയാണ് ഒഴിവാക്കിയത്. അതേസമയം കെ റെയിലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് മൂന്ന് ദിവസം നീണ്ട സമ്മേളനത്തില്‍ ഉയര്‍ന്നത്. അതേസമയം പോലീസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ മറുപടി പറഞ്ഞിരുന്നു. ആര്‍എസ്എസ് സാന്നിധ്യം പോലീസില്‍ ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പോ തൃപ്തിയോ രണ്ടാം പിണറായി സര്‍ക്കാരിന് ഉണ്ടാക്കാനായിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനവും ഇതില്‍ വിലയിരുത്തിയിരുന്നു. പോലീസിന്റെ പ്രവര്‍ത്തനമാണ് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയതെന്ന് കമ്മിറ്റി വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സമ്മേളത്തില്‍ പ്രശംസയുണ്ടായി. മന്ത്രിയുടേത് മികച്ച പ്രവര്‍ത്തനമാണെന്നും സമ്മേളനത്തില്‍ അഭിപ്രായമുണ്ടായി. ദേവസ്വം ബോര്‍ഡിലേക്കുള്ള പാര്‍ട്ടി നേതാക്കളുടെ വരവിലും വിമര്‍ശനമുയര്‍ന്നു.
സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം ജനുവരി പതിനാലിനാണ് ആരംഭിക്കുന്നത്. പാലക്കാട് ജില്ലാ സമ്മേളനം ഈ മാസം 31 മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അതേസമയം ജനുവരി രണ്ടിന് പൊതുസമ്മേളനവും ഉണ്ട്. ഇതും മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരത്ത് സമ്മേളനത്തിന്റെ ഭാഗമായി ജനകീയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി ഒന്‍പതിന് പതാകദിനം ആചരിക്കും. പതാക ഉയര്‍ത്തുന്ന വീടുകളില്‍ ഫലവൃക്ഷ തൈകള്‍ നടും. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുക്കും.
സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍