സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട, വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും
തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. അതേ സമയം പ്രാദേശിക തലത്തിൽ രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്നും സർവ്വകക്ഷി യോഗത്തിൽ ധാരണയായി. ഇപ്പോള്‍ തുടർന്നുവരുന്ന വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സർവ്വകക്ഷി യോഗത്തിൽ നിർദേശം ഉയർന്നിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയാണ് സർവ്വകക്ഷിയോഗം വിളിച്ച് ചേർത്തിട്ടുള്ളത്.
Recommended Video

സമയം നീട്ടില്ല
സംസ്ഥാനത്ത് കടകള്‍ക്ക് രാത്രി ഏഴര വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും ധാരണയായിട്ടുണ്ട്. എന്നാൽ ഏഴ് മണിയെന്നത് ഒന്‍പത് മണിവരെ നീട്ടണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യം വിലയിരുത്തി ഇക്കാര്യം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങളെല്ലാം അതുപോലെ സ്വീകരിക്കപ്പെട്ടിരുന്നു.

വാരാന്ത്യ ലോക്ക് ഡൌൺ ഇല്ല
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് രണ്ടിന് വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ദിവസം ആഹ്ലാദ പ്രകടനം വേണ്ട എന്നാണ് രാഷ്ട്രീയ കക്ഷികള്‍ ഏകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. ഇതിനായി പ്രത്യേകം ചട്ടങ്ങളോ ഉത്തരവോ പാസാക്കിയിട്ടില്ലെങ്കിലും അതാത് രാഷ്ട്രീയ കക്ഷികളാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്.

വാക്സിനേഷന് വേണ്ടി
സംസ്ഥാനത്ത് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ 80 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിച്ചിരുന്നു. കൂടാതെ രോഗവ്യാപനം രൂക്ഷമായിത്തുടരുന്ന സാഹചര്യത്തിൽ ആദിവാസി മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഓരോ ജില്ലകളിലും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ രോഗവ്യാപനത്തിനനുസരിച്ച് അതാത് ജില്ലാ ഭരണകൂടത്തിന് നടപ്പിലാക്കാം.

കേന്ദ്രത്തെ പഴി ചാരരുത്
കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ കേരളം കേന്ദ്രത്തെ പഴിചാരരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ വാക്സിൻ നയം തിരുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വാക്സിൻ വിതരണം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നത്. ഇതിന് പിന്നാലെ വാക്സിൻ നിർമാതാക്കള്‍ വാക്സിന്റെ വില വർധിപ്പിച്ചതും സംസ്ഥാന സർക്കാരുകളെ കേന്ദ്രത്തെ വിമർശിക്കാൻ പ്രേരിപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്ക് വാക്സിൻ സൌജന്യമായി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

ആളുകളെ നിയന്ത്രിക്കണം
ഓരോ ജില്ലകളിലും ആരാധനാലയങ്ങളുടെ വലിപ്പത്തിന് അനുസൃതമായി നിയന്ത്രണങ്ങളോടെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി എല്ലാ ജില്ലാ കളക്ടർമാരും സാമുദായിക നേതാക്കളും യോഗം വിളിക്കാനും സർവ്വകക്ഷി യോഗത്തിൽ നിർദേശമുണ്ട്. അതിന് ശേഷമാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications