മോഡിയുമായി ചര്‍ച്ചക്കില്ലെന്ന് ക്രൈസ്തവസഭകള്‍
തിരുവനന്തപുരം: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് കേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ വ്യക്തമാക്കി. നേരത്തെ മോഡിയെ പിന്തുണച്ച് രംഗത്തെത്തിയ സഭകളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 9 ന് കേരളത്തിലെത്തുന്ന മോഡി ക്രൈസ്തവ സഭകളുമായും വിവധ സാമുദായിക സംഘടനകളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ അറിയിച്ചിരുന്നത്. ഇക്കാര്യമാണ് ഇപ്പോള്‍ വിവിധ ക്രൈസ്തവ സഭകള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.

കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാനേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. മോഡിയുമായി ചര്‍ച്ച നടത്തേണ്ടെന്നാണ് തീരുമാനം എന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
നേരെത്തേ മോഡിയുമായി ക്രിസ്ത്യന്‍ സഭകള്‍ ചര്‍ച്ചക്കൊരുങ്ങുന്നു എന്ന വാര്‍ത്തക്ക് ബിജെപി വന്‍ പ്രചാരണമാണ് നല്‍കിയിരുന്നത്. ബിജെപി പത്രമായ ജന്മഭൂമി ഇത് സംബന്ധിച്ച് വലിയ വാര്‍ത്തകളും നല്‍കി.
ഇതോടെയാണ് സഭാ നേതൃത്വം ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയതെന്നും ആരോപണം ഉണ്ട്. ബിജെപി നേതൃത്വം അങ്ങോട്ടാവശ്യപ്പെട്ടിട്ടാണ് വിവിധ സഭകള്‍ ചര്‍ച്ചക്ക് തയ്യാറായതെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ സഭാനേതാക്കള്‍ ചര്‍ച്ചക്കായി തങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം പറയുന്നത്.












Click it and Unblock the Notifications