കാൽലക്ഷം പേർ നീരീക്ഷണത്തിൽ, ഇന്ന് പുതിയ കൊറോണ കേസുകൾ ഇല്ല, കൈവിട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി!
തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസത്തിന്റെ രണ്ടാം ദിനം. ഇന്നും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25603 പേരാണ് കൊവിഡ് രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുളളത്. 237 പേര്‍ ആശുപത്രികളിലും 25363 പേര്‍ വീടുകളിലും ആണ് ഐസൊലേഷനില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് അയച്ച 2550 സാമ്പിളുകളില്‍ 2140 പേര്‍ക്ക് കൊറോണ ബാധയില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
പുതിയതായി 7861 പേരെയാണ് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തില്‍ നിന്ന് 4622 പേരെ ഒഴിവാക്കി. നിലവില്‍ കാര്യങ്ങള്‍ കൈവിട്ട് പോയിട്ടില്ലെങ്കിലും അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാനുളള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സുപ്രീം കോടതിയും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ പേരിലേക്ക് രോഗം എത്താതിരിക്കാന്‍ കൂടുതല്‍ ആളുകള്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം നീട്ടിയിട്ടുണ്ട്. എല്ലായിടത്തും ഡോക്ടര്‍മാരെ നിയമിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും പ്രാദേശികമായി ഡോക്ടര്‍മാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം സാധാരണരീതിയില്‍ തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ബാറുകള്‍ അടക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാറുകളുടെ വൃത്തിയുടെ കാര്യത്തില്‍ ക്രമീകരണം വേണം. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മത-സാംസ്‌ക്കാരിക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതമേലധ്യക്ഷന്മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ മതപരമായ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം എത്തുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് അവര്‍ പിന്തുണ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സ്ഥിരം വേദിയില്‍ നിന്ന് മാറിയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് വേദി മാറ്റിയത്. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിപ്പിടം തയ്യാറാക്കാനായിരുന്നു ഈ മാറ്റം.












Click it and Unblock the Notifications