തോട്ടുമുഖം - തുരുത്ത് സീപോര്‍ട് എയര്‍പോര്‍ട്ട് പാലത്തില്‍ വെളിച്ചം ഇല്ലാതായി
ആലുവ: തോട്ടുമുഖം - തുരുത്ത് സീപോര്‍ട് എയര്‍പോര്‍ട്ട് പാലത്തില്‍ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വൈദ്യുതി വെളിച്ചം വന്നെങ്കിലും മാസങ്ങള്‍ക്കകം വെളിച്ചം ഇല്ലാതായി. ഇവിടെ സ്ഥാപിച്ച നൂറുകണക്കിന് വൈദ്യംത കാലുകളില്‍ തീരെ നിലവാരമില്ലാത്ത എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചതിനാല്‍ ഭൂരിഭാഗവും മിഴിയടച്ചു കഴിഞ്ഞു. മിക്ക ദിവസങ്ങളിലും ഇരുട്ടിലായിരിക്കും. നിരവധി ലൈറ്റുകള്‍ സ്ഥാപിച്ച ദിവസങ്ങള്‍ക്കകം തന്നെ തകരാറായി. ഇവിടെ പാലത്തില്‍ ഇത്രമാത്രം ലൈറ്റുകള്‍ സ്ഥാപിച്ചത് തന്നെ പരസ്യ കമ്പനിയുടെ ബോര്‍ഡുകള്‍ സ്ഥാപിക്കാനായിട്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഇപ്പൊള്‍ പരസ്യബോര്‍ഡുകള്‍ തിളങ്ങി നില്‍ക്കുന്നു, വെളിച്ചം പാടെ മങ്ങിയിരിക്കുന്നു.
നിലവാരം തീരെയില്ലാത്ത നൂറുകണക്കിന് വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ച സ്ഥാനത്ത് നിലവാരമുള്ള, പ്രകാശമുളള ഇരുപതോ മുപ്പതോ ലൈറ്റുകള്‍ മാത്രം ഇരുവശത്തുമായി സ്ഥാപിച്ചാല്‍ മതിയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്രമാത്രം തിരക്കുള്ളതും, വലിയതുമായ പാലത്തില്‍ വൈദ്യംതി വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ പരസ്യ കമ്പനികളുടെ താല്‍പ്പര്യത്തിന് വിട്ടുകൊടുത്തതാണ് സ്ഥാപിച്ച് മാസങ്ങള്‍ക്കകം പാലം ഇരുട്ടിലാകാന്‍ കാരണം.

തീരെ വെളിച്ചമില്ലാത്ത ഈ വിളക്കുകളേക്കാള്‍ ഭേദം മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാണെന്ന് നാട്ടുകാര്‍ പരിഹാസത്തോടെ പറയുന്നു. തോട്ടുമുഖം - തുരുത്ത് പാലത്തില്‍ നിലവാരമുളള വൈദ്യുതവിളക്കുകള്‍ സ്ഥാപിച്ച് പാലത്തിലെ ഇരുട്ട് അകറ്റുന്നതിന് അടിയന്തിര നടപടി വേണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി അധികൃതരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്ന സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ അറിയിച്ചു.












Click it and Unblock the Notifications