കോൺഗ്രസിൽ നിന്ന് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല; അനിൽകുമാറിന് മറുപടിയുമായി വി ഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആരൊക്കെ കൊഴിഞ്ഞു പോയാലും നേതൃത്വത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോൺഗ്രസിൻ്റെ തലമുതിർന്ന നേതാവ് കെ കരുണാകരൻ പാർട്ടി വിട്ടു പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും നേതൃത്വം ശക്തമായി നിലകൊണ്ടതായും വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

താൻ കോൺഗ്രസിൽ നിന്ന് പോയാലും നേതൃത്വത്തിന് ഒന്നും സംഭവിക്കില്ല. അർഹിക്കുന്നവരിൽ കൂടുതൽ അംഗീകാരം കിട്ടിയവരാണ് കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാർട്ടിയിലെ വലിയ നേതാവ് കെ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ കഴിഞ്ഞു. പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശൻ വ്യക്തമാക്കി.

അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെൻ്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠംമാണ് ഇതിലൂടെ ഉൾക്കൊള്ളേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾകൂട്ടമായി കോൺഗ്രസ് മാറരുതെന്നും വി ഡി സതീശൻ പറഞ്ഞു.
എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയതിന് കെ പി അനിൽകുമാറിനെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. ആദ്യം സസ്പെൻഷൻ നടപടി സ്വീകരിച്ചെങ്കിലും പാർട്ടി വിശദീകരണം ചോദിച്ചപ്പോൾ നേതൃത്വത്തെ വീണ്ടും വിമർശിച്ചുകൊണ്ട് ധിക്കാരപരമായിട്ടായിരുന്നു കെ പി അനിൽകുമാറിൻ്റെ മറുപടിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഇതൊന്നും വച്ചുപൊറുപ്പിക്കാൻ കഴിയില്ല. സംഘടനയിൽ തെറ്റായ പ്രവണതകൾ കുറെ കാലം കൊണ്ട് കടന്നുകൂടിയിട്ടുണ്ട്. പുതിയ സംഘടന പ്രവർത്തന രീതികൾ കൊണ്ടുവരുന്നതിൻ്റെ ഭാഗമായിട്ടാണ് കെപിസിസി പ്രസിഡൻ്റ് പാർട്ടിയിൽ പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്. പാർട്ടി സംഘടനാ സംവിധാനം നല്ല നിലയ്ക്ക് മുന്നോട്ടുകൊണ്ടുപോകാനാണ് നേതൃത്വം ശ്രമിക്കുന്നത്.

ഇതിനോട് എല്ലാ പ്രവർത്തകരും നേതാക്കളും സഹകരിക്കുമെന്നാണ് വിശ്വാസമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് എത്രയോ പേർ സിപിഐയിലേക്കും സിപിഎമ്മിലേക്കും പോയിരിക്കുന്നു. അതിലൊന്നും കാര്യമില്ല. ഇതൊന്നും കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാജി വിവരം പ്രഖ്യാപിച്ചത്. 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞിരുന്നു.

താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നെന്നും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ദീർഘനാൾ കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു കെ പി അനിൽകുമാർ.












Click it and Unblock the Notifications